രണ്ടാം ലോകമഹായുദ്ധത്തിൽ ലോകത്തിലാദ്യമായി ആണവായുധ പ്രയോഗത്തിനിരയായി തകർന്നു തരിപ്പണമായ ജപ്പാൻ. നാഗസാക്കിയും ഹിരോഷിമയും ജപ്പാൻ്റെ ദൈന്യതയാർന്ന ചരിത്രം. പിൽക്കാലത്ത് പക്ഷേ വികസനത്തിൻ്റെ പുത്തൻ ചരിത്രം രചിക്കപ്പെടുന്നതാണ് ജപ്പാനിൽ കണ്ടത്.
ഒരു ഫിനിക്സ് പക്ഷിയെ പോലെ ജപ്പാൻ പറന്നുയർന്നു. ആയുധ കൂമ്പാരമല്ല പകരം ശാന്തി സമാധാന – വികസനോന്മുഖ പാതയാണ് ലോകത്തിനാവശ്യമെന്ന പാoമാണ് ജപ്പാൻ പകർന്നുനൽകിയത്.
മാറിയ ലോകക്രമത്തിൽ ജപ്പാൻ അതിൻ്റെ ലോക യുദ്ധാനന്തര തത്വങ്ങളിൽ നിന്ന് പ്രകടമായി വ്യതിചലിക്കുകയാണ്. ഇനിയുള്ള കാലം സർവ്വ സന്നാഹങ്ങളോടുകൂടിയ സൈനികവൽക്കരണമെന്ന തത്വത്തിലായിരിക്കും ജപ്പാൻ. സമാധാന സന്ദേശങ്ങൾക്ക് സദാ മുൻഗണന നൽകുന്ന ജപ്പാൻ പ്രതിരോധ ചെലവ് കുത്തനെ വർദ്ധിപ്പിച്ച് രാജ്യാന്തര സമൂഹത്തെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നു.
ഡിസംബർ 23 ന് പസ്സാക്കിയ സൈനിക ബജറ്റിൽ അടുത്ത വർഷത്തേക്കായ് 16 ശതമാനം അധിക വിഹിതമാണ് പ്രതിരോധ ചെലുകൾക്ക് വകകൊള്ളിച്ചിരിക്കുന്നത്. മേഖലയിൽ സുരക്ഷാ ഭീഷണിയുയർത്തുന്ന ചൈന, ഉത്തരകൊറിയ രാജ്യങ്ങളെ ലക്ഷ്യമിട്ട് ദീർഘദൂര ക്രൂയിസ് മിസൈലുകളുടെ വിന്യാസം ത്വരിതപ്പെടുത്തുകെയന്നതാണ് പ്രതിരോധ ചെലവു വർദ്ധിപ്പിച്ചുള്ള ബജറ്റെന്നതിൽ മുഖ്യമായും പ്രതിഫലിച്ചിട്ടുള്ളത്.
അമേരിക്കൻ നിർമ്മിത ചാരപ്രവർത്തന ശേഷിയുള്ള എഫ് -35 കോംബാറ്റ് ജെറ്റുകളുൾപ്പെടെയുള്ള ആയുധക്കോപ്പുകൾ വാങ്ങി സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തും.
ജാപ്പനീസ് സൈന്യം കൂടുതൽ സഖ്യകക്ഷികളുമായി ഏകോപിത പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. കൂടുതൽ ആക്രമണോത്സുക ദൗത്യങ്ങളിലേർപ്പെടുന്നതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് ജപ്പാൻ്റെ ആയുധശേഖര ശേഷി വിപുപലികരണ തീരുമാനം.
ഒരു വർഷം മുമ്പ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ സർക്കാരിൻ്റെ പുതിയ സുരക്ഷാ തന്ത്രത്തിന് കീഴിൽ അഞ്ച് വർഷത്തെ സൈനിക ബിൽഡപ്പ് പ്രോഗ്രാമിന് തുടക്കമിട്ടിരുന്നു. രണ്ടാം ഘട്ടമെന്ന നിലയിലാണ് 2024 മാർച്ചിൽ ആരംഭിക്കുന്നസാമ്പത്തിക വർഷത്തേക്കുള്ള 7.95 ട്രില്യൺ-യെൻ (56 ബില്യൺ ഡോളർ) ബജറ്റ് പദ്ധതി.
സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനായി 2027-ഓടെ 43 ട്രില്യൺ യെൻ (300 ബില്യൺ ഡോളർ) ചെലവഴിക്കാനും അതിന്റെ വാർഷിക ചെലവ് ഏകദേശം 10 ട്രില്യൺ യെൻ (68 ബില്യൺ ഡോളർ) ആയി വർദ്ധിപ്പിക്കാനും ജപ്പാൻ പദ്ധതിയിടുന്നു. ഇതിലൂടെ അമേരിക്കക്കും ചൈനയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ചെലവ് ചെയ്യുന്ന രാജ്യമായി ജപ്പാൻ മാറുന്നു.
പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിലുള്ള നീക്കം 12 വർഷം പിന്നിടുകയാണ്. ആയുധ ചെലവ് വർദ്ധന വർഷാവർഷങ്ങളിൽ പ്രകടം. കഴിഞ്ഞ വർഷത്തെ 6.8 ട്രില്യൺ യെൻ ബജറ്റായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ്.
ചൈനയും തായ്‌വാനും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ ജപ്പാന്റെ തെക്കുപടിഞ്ഞാറൻ ദ്വീപുകളെ സംരക്ഷിക്കാൻ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന പ്രതിരോധ വിദ്ഗ്ദരുടെ അഭിപ്രായം മാനിച്ച് മിസൈലുകളുടെ വിന്യാസമാണ് 2024 ബജറ്റിന്റെ കേന്ദ്രഭാഗം.
ഏകദേശം 734 ബില്യൺ യെൻ (5.15 ബില്യൺ ഡോളർ) ടൈപ്പ്-12 ക്രൂയിസ് മിസൈലുകൾക്കും യുഎസ് നിർമ്മിത ടോമാഹോക്കുകൾക്കും അടുത്ത തലമുറ ദീർഘദൂര മിസൈലുകളുടെ വികസനത്തിനുമായി നീക്കിവച്ചിരിക്കുന്നു.
3000 കിലോമീറ്റർ (1,864 മൈൽ) ദൂരപരിധിയുള്ള ഹൈപ്പർസോണിക് ഗൈഡഡ് മിസൈലുകൾ വികസിപ്പിക്കുന്നതിനായി ജപ്പാൻ 80 ബില്യൺ യെൻ (562 ദശലക്ഷം ഡോളർ) ചെലവഴിക്കും. 2026 മാർച്ച് അവസാനത്തോടെ ചില ടോമാഹോക്കുകളുടെയും ടൈപ്പ് -12 ന്റെയും വിന്യാസം നേരത്തെയാക്കുകയെന്ന തീരുമാനം പ്രതിരോധ മന്ത്രി മിനോരു കിഹാര ഈ മാസം ആദ്യം പ്രഖ്യാപിച്ചു.