ആരാധകർക്കു മുന്നിൽ മനസുതുറന്ന് മോഹൻലാൽ. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്,, ‘‘എനിക്കെന്റെ പിള്ളേരുണ്ടെടാ’’…എന്ന മോഹൻലാലിന്റെ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ 25ാം വാർഷികച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.
‘‘പ്രിയപ്പെട്ട എന്റെ കൂട്ടുകാരെ, ക്ഷമാപണത്തോടെ നമുക്ക് ചടങ്ങുകൾ തുടങ്ങാം. വല്ലാണ്ടൊരു ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോയി. അതിൽ നിന്നും രക്ഷപ്പെടാൻ വേറൊരു വഴിയെടുത്തുപ്പോൾ അവിടെയും ബ്ലോക്ക്. ഒരു മണിക്കൂറോളം താമസിച്ചു. ക്ഷമാപണത്തോടു കൂടി സംസാരിച്ചു തുടങ്ങാം. ഞാനൊരു പ്രസംഗമൊന്നും നടത്തുന്നില്ല, കുറച്ച് കാര്യങ്ങൾ പറയാം. ഈ സംഘടന എങ്ങനെ ഉണ്ടായി, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആളുകളെയൊക്കെ ഓർത്തുകൊണ്ട് ഈ ചടങ്ങ് തുടങ്ങാം.
ഒരുപക്ഷേ നമ്മൾ പറഞ്ഞു തുടങ്ങുമ്പോൾ ഒരുപാട് പേരുടെ പേരുകൾ, പല കാര്യങ്ങൾ വിട്ടുപോകും. അതുകൊണ്ട് കുറച്ച് കാര്യങ്ങൾ എഴുതിവച്ചാണ് പറയുന്നത്. അതിൽ ആദ്യം പറയേണ്ടത്, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം. ‘‘ഞാനുണ്ട് ഏട്ടാ കൂടെ’’ എന്ന് ഒരായിരം പേർ ഒന്നിച്ചുപറയുമ്പോൾ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ല എന്നു ഞാൻ വിശ്വസിക്കുന്നു.
ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ എന്ന സൗഹൃദകൂട്ടായ്മയുടെ 25ാം വർഷമാണിത്. ഇന്നിവിടെ എന്റെ പ്രിയപ്പെട്ടവരുടെ നടുവിൽ നിൽക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും പകർന്നു നൽകുന്ന സ്നേഹം ഹൃദയത്തിൽ നിറയുമ്പോൾ എത്ര ധന്യമാണ് എന്റെ ജന്മം എന്ന് ഓർത്തുപോകുകയാണ്. നേരില്‍ കാണുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആവശ്യപ്പെടാറില്ല, സ്നേഹമില്ലാതെ മറ്റൊന്നും നിങ്ങൾ ആഗ്രഹിക്കുന്നുമില്ല. ഒരു നടനെന്ന നിലയിൽ ഇതിൽകൂടുതൽ എന്താണ് എനിക്ക് വേണ്ടത്. കഴിഞ്ഞ 43 വർഷത്തിനിടെ മലയാളികളുടെ മനസിൽ പ്രിയപ്പെട്ട ഒരു സ്ഥാനം നേടാനായത് നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം കൊണ്ടും പ്രാർഥന കൊണ്ടും മാത്രമാണ്.
നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ്. സംഘടന ഉദ്‍ഘാടനം ചെയ്‍തത് മമ്മൂട്ടിയാണ്. നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്തമാണെന്ന് പറഞ്ഞ മോഹൻലാല്‍ ഒരുമിച്ച് നില്‍ക്കുമ്പോഴാണ് വളരാനാകുക എന്നും ചടങ്ങില്‍ വ്യക്തമാക്കി.