നാളികേരത്തിന്റെ വിലയിടിവിൽ കേരളത്തിലടക്കം ദക്ഷിണേന്ത്യയിലെ നാളികേര കർഷകർ തീർത്തും ദുരിതത്തിലാണ്. നാളികേര കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി പക്ഷേ ഇന്ത്യ പാമോയിൽ ഇറക്കുമതി കുത്തനെ കൂട്ടി. മുൻ മാസത്തേക്കാൾ 23 ശതമാനം വർദ്ധന. മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ വർദ്ധന. രാജ്യത്തെ കേര കർഷകർ ദുരിതത്തിലാഴ്ത്തപ്പെടുമ്പോൾ നേരമിരട്ടിവെളുത്തപ്പോൾ ആഗോള കോടിശ്വര പട്ടികയിലിടം നേടിയ മോദിയുടെ ഇഷ്ടക്കാരൻ അദാനിയുടെ ഭക്ഷ്യ എണ്ണ കമ്പനിയുടെ മേധാവിത്വം പൂർവ്വാധികം ശക്തിപ്പെടുകയാണ്.
സൂര്യകാന്തി – സോയ എണ്ണയെക്കാൾ കുറഞ്ഞ വിലയിൽ പാമോയിൽ സുലഭമായി ലഭ്യമാക്കപ്പെടുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ വൻകിട എണ്ണ കമ്പനികൾ പാമോയിൽ ഇറക്കുമതി കൂട്ടിയത്. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതി കമ്പനി അദാനി – വിൽമാർ ഇന്ത്യയിലേക്ക് വ്യാപകമായി പാമോയിൽ ഇറക്കുമതി ചെയ്യുവാൻ തുടങ്ങിയതോടെ ആഗോള തലത്തിൽ മുൻനിര ഉല്പാദകരായ ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും പാമോയിൽ സ്റ്റോക്കുകൾ ലഘൂകരിക്കുവാനുള്ള അപൂർവ്വ അവസരമാണ് കൈവന്നരിക്കുന്നത്.
മുംബൈ ആസ്ഥാനമായ സോൾവെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷൻ (എസ്ഇഎ) കണക്കു പ്രകാരം നവംബറിൽ ഇന്ത്യയുടെ പാമോയിൽ ഇറക്കുമതി മുൻ മാസത്തേക്കാൾ 22.8 ശതമാനം ഉയർന്ന് 869491 മെട്രിക് ടൺ. സോയ എണ്ണ ഇറക്കുമതി 10.8 ശതമാനം വർധിച്ച് 149894 ടൺ. സൂര്യകാന്തി എണ്ണ ഇറക്കുമതി 16.3 ശതമാനം ഇടിഞ്ഞ് 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് 128707 ടൺ. പാമോയിൽ ഇറക്കുമതി കുത്തനെ ഉയർന്നതോടെ നവംബറിൽ ഇന്ത്യയുടെ മൊത്തം സസ്യ എണ്ണ ഇറക്കുമതി മുൻ മാസത്തേക്കാൾ 13 ശതമാനം വർധിച്ച് 1.16 ദശലക്ഷം ടണ്ണിലെത്തിയെന്നുമാണ് അസോസിയേഷൻ ഡാറ്റ.
നവംബറിൽ സോയ – സൂര്യകാന്തി എണ്ണകളെ അപേക്ഷിച്ച് മലേഷ്യൻ – ഇന്തോനേഷ്യൻ ഉല്പാദകർ
പാമോയിലിന് വൻ വില കിഴിവ് പ്രഖ്യാപിക്കപ്പെട്ടു. ആകർഷകമായ ഈ വില കിഴിവ് വൻതോതിൽ പാമോയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ ഭക്ഷ്യ എണ്ണ കമ്പനികളെ പ്രേരിപ്പിച്ചതായാണ് മുംബൈ ആസ്ഥാനമായുള്ള ഓയിൽ വ്യാപാരികൾ പറയുന്നത്.
ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻ്റ് എന്നിവിടങ്ങളിൽ നിന്നാണ് മുഖ്യമായും പാമോയിൽ ഇറക്കുമതി ചെയ്യുന്നത്. അർജന്റീന, ബ്രസീൽ, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് സോയ – സൂര്യകാന്തി എണ്ണ ഇറക്കുമതി. സസ്യ എണ്ണയുടെ ആഭ്യന്തര സ്റ്റോക്ക് ഒരു മാസം മുമ്പ് 3.14 ദശലക്ഷം ടൺ. ഡിസംബർ ഒന്നായപ്പോഴേക്കുമിത് 2.96 ദശലക്ഷം ടണ്ണായി കുറഞ്ഞുവെന്നാണ് എസ്ഇഎ ഡാറ്റ പറയുന്നത്.
പോയ വർഷ കണക്കു പ്രകാരം രാജ്യത്തിൻ്റെ ഭക്ഷ്യ എണ്ണ വിപണി 24.3 ദശലക്ഷം ടൺ. മോദി ഭരണത്തിൽ പൊടുന്നനെ പുതുപുത്തൻ ലോക കോടിശ്വനായി മാറിയ അദാനി ഉടമസ്ഥതയിലുള്ള അദാനി – വിൽമാർ ലിമിറ്റഡാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉല്പാദക – വിതരണ – വിപണന കമ്പനി. അദാനി കയ്യടക്കിവച്ചിരിക്കുന്ന രാജ്യത്തെ ഭക്ഷ്യ എണ്ണ വിപണിയെ അമിത ലാഭത്തിൽ നിലനിറുത്തുകയെന്ന തന്ത്രത്തിൻ്റെ ഭാഗമായാണ് രാജ്യത്തെ കേര കർഷകരെ കഷ്ടതയിലാഴ്ത്തി കുറഞ്ഞ ഇറക്കുമതി തീരുവയിൽ വ്യാപകമായി പാമോയിൽ ഇറക്കുമതിക്കുള്ള അനുകൂല സാഹചര്യം സദാ നിലനിറുത്തപ്പെടുന്നത്.
കേരളത്തിൻ്റെ ദുരവസ്ഥ
കേരളമെന്ന പേരു പോലും നാളികേരത്തോട് കടപ്പെട്ടിരിക്കുന്നു. കേരളീയ സംസ്കാര – ഭക്ഷണ- ഉപജീവനത്തിന്റെയും ഭാഗമാണ് നാളികേരം. എന്നിരുന്നാലും ഉല്പാദന ക്ഷമതയിൽ സംസ്ഥാനം പിറകിലാണ്. സംസ്ഥാനത്തൊട്ടാകെ 7.65 ലക്ഷം ഹെക്ടറിൽ തെങ്ങ് കൃഷി. വിലയും ഉയർന്ന ഉല്പാദനച്ചെലവും കാരണം നാൾക്കുനാൾ കൃഷി ചെയ്യുവാനുള്ള താല്പര്യം കർഷകർക്ക് നഷ്ടപ്പെടുന്നു.
കൊപ്രയുടെയും നാളികേരത്തിൻ്റെയും താങ്ങുവില കൃഷിച്ചെലവു പോലും നികത്താൻ പര്യാപ്തമല്ല. ഈ കഴിഞ്ഞ മാസങ്ങളിൽ മാത്രം വില ഏകദേശം 40 ശതമാനത്തോളം ഇടിഞ്ഞു. തുടരുന്ന വിലയിടവ് നാളികേര കർഷകരെ സാമ്പത്തിക നഷ്ടത്തിലും വർദ്ധിച്ചുവരുന്ന കടബാധ്യതയിലുമകപ്പെടുത്തുന്നു. സംസ്ഥാന സർക്കാർ നാളികേരത്തിന് കിലോയ്ക്ക് 34 രൂപ അടിസ്ഥാന നിരക്ക് നിശ്ചയിച്ചിട്ടും കാര്യമായി സംഭരിക്കപ്പെടുന്നില്ല. അതിനാൽ കിലോയ്ക്ക് 22-23 രൂപ മാത്രം നൽകുന്ന ഇടനിലക്കാരെ ആശ്രയിക്കാൻ കർഷകർ നിർബ്ബന്ധിതരാകുന്നു.
പ്രാദേശിക തലങ്ങളിൽ കർഷകരിൽ നിന്ന് നാളികേരം സംഭരിയ്ക്കുവാനുള്ള ചുമതലയേല്പിക്കപ്പെട്ടിരിക്കുന്നത് പ്രാഥമിക സഹകരണ സംഘങ്ങൾ.
കേരള സർക്കാർ നിശ്ചയിക്കുന്ന സംഭരണ വിലയെക്കാൾ കുറവിൽ പലപ്പോഴും തമിഴ്നാടുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പൊതു വിപണിയിൽ നാളികേരം സുലഭമാണ്. വില കുറവിൽ ഈ സംസ്ഥാനങ്ങളിൽ നിന്നു നാളികേരം വാങ്ങി അത് കേരളത്തിലെ കർഷകരുടെ കണക്കിലുൾപ്പെടുത്തി സർക്കാർ നിശ്ചയിച്ച വിലയിൽ സർക്കാരിന് തന്നെ മറിച്ചുവിൽക്കുന്ന പ്രവണതയിലേർപ്പെടുന്ന സംഭരണ ഏജൻസികളായ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കുറവില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നു വാങ്ങുന്ന വിലയിലും സർക്കാരിന് നൽകുമ്പോൾ ലഭിക്കുന്ന വിലയിലുമുണ്ടാകുന്ന വ്യത്യാസം അത് സഹകരണ സംഘം ഡയറക്ടർമാർ പങ്കുവച്ചെടുക്കപ്പെടുന്നു! ഇതിനുംപുറമെ ഈ സംഘങ്ങൾക്ക് സംഭരണത്തിനുള്ള ഹാൻ്റ്ലിങ് ചാർജ്ജ് സർക്കാരിൽ നിന്നു തരപ്പെടുന്നുണ്ട്.
നാളികേര ഉല്പാദനത്തിന്റെ ഏകദേശം 90 ശതമാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് – പ്രത്യേകിച്ച് കേരളത്തിൽ. നാളികേര കൃഷിയെ ആശ്രയിക്കുന്ന രാജ്യത്തെ 12 ദശലക്ഷം ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിമുഖത കാണിക്കരുത്.
യൂണിയൻ കൃഷി മന്ത്രാലയത്തിൻ്റെ 2021-22 ലെ കണക്കു പ്രകാരം രാജ്യത്ത് 2153.74 ഹെക്ടറിൽ നാളികേര കൃഷിയുണ്ട്. വർഷത്തിൽ 19309.90 മെട്രിക് ടൺ ഉല്പാപാദനവും. നാളികേരമുൾപ്പെടെയുള്ള കാർഷികോല്പന്നങ്ങൾക്ക് കർഷകർക്ക് മതിയായ വിലയും വിപണി വിപുലീകരണമുൾപ്പെടെ ഉറപ്പുവരുത്തുന്നതിൻ്റെ ദിശയിൽ രൂപീകൃതമായതാണ് നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫഡ്).
വിപണിയിൽ ഇടപ്പെട്ട് കർഷകർക്കാശ്വാസമാവുകയെന്നത് നാഫഡി ൻ്റ പ്രഖ്യാപിത ചുമതലകളിൽ പ്രധാനം. എന്നാൽ നാഫഡിൽ നിന്ന് കർഷകർക്ക് ആശ്വാസമാകുന്ന നടപടികൾ വിരളം. രാജ്യത്തെ നാളികേര – കൊപ്ര വിലയിടവിൽ നിന്ന് നാളികേര കർഷർക്ക് ആശ്വാസമാകുന്ന നടപടികൾ നാഫഡിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന നീരസത്തിലാണ് കേര കർഷകർ.
നാഫഡിനു വേണ്ടി സഹകരണ ഏജൻസികൾ പൊതുവിപണിയിൽ നിന്ന് സംഭരിച്ച 90000 ടൺ മിൽ കൊപ്ര പൊതുവിപണിയിൽ വിറ്റഴിക്കുവാനുള്ള നീക്കത്തിലാണ് ഇപ്പോൾ നാഫഡ്. നിലവിൽ ഒരു കിലോ കൊപ്ര വില കേരളത്തിൽ 88 രൂപ. തമിഴ്‌നാട് വിപണിയിൽ 85.50 രൂപ. നാഫഡ് കൊപ്ര പൊതുവിപണിയിലെത്തുന്നതോടെ കൊപ്ര വില ഇനിയും ദുർബ്ബലപ്പെടുമെന്ന കടുത്ത ആശങ്കയിലാണ് കേരകർഷകർ.
മിനിമം താങ്ങുവില അശാസ്ത്രീയം
2021 ലെ ചരിത്രപരമായ കർഷക പ്രതിഷേധത്തിന് ശേഷം രാജ്യത്തെ കർഷക സംഘടനകൾ മിനിമം താങ്ങുവില (minimum support price) ക്ക് നിയമപരമായ ഉറപ്പുനൽകണമെന്നും എം എസ്പിക്ക് താഴെയുള്ള വില്പന ക്രിമിനൽ കുറ്റമാക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പക്ഷേ പുരോഗതിയില്ല.
കർഷകനുണ്ടാകുന്ന ചെലവിന് ആനുപാതികമായല്ല താങ്ങുവില കണക്കാക്കുന്നത്. നിലവിൽ താങ്ങുവില തിട്ടപ്പെടുത്തൽ തീർത്തും അശാസ്ത്രീയമാണ്. ഈയവസ്ഥ എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്. ഉയരുന്ന കൃഷി ചെലവ് കണക്കിലെടുത്ത് നാളികേരത്തിന് ന്യായവില ഉയർത്തുന്നതിൽ അടിയന്തരമായി ഇടപ്പെടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. നാളികേരത്തിന്റെ മിനിമം താങ്ങുവില ശരാശരി കൃഷിച്ചെലവിനേക്കാൾ 50 ശതമാനമായി വർധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് കേരകർഷകർ ഉന്നയിക്കുന്നത്
വെളിച്ചെണ്ണയേക്കാൾ വിലകുറഞ്ഞ പാമോയിലിനെയാണ് ആഭ്യന്തര വ്യവസായം ആശ്രയിക്കുന്നത്. നാളികേര കർഷകർ വിലകുറഞ്ഞ പാമോയിലിന്റെ ആഘാതം അനുഭവിക്കാതിരിക്കാൻ ഇറക്കുമതി തീരുവ 30 ശതമാനമാക്കേണ്ടതുണ്ട്. രാജ്യത്തെ ആഭ്യന്തര ഭക്ഷ്യ എണ്ണ വിപണിയിൽ മേധാവിത്തമുറപ്പിച്ചിട്ടുള്ള അദാനിയെപോലുള്ള വൻ കോർപ്പറേറ്റ് ഓയിൽ കമ്പനികളുടെ താല്പര്യത്തിനു അനുസൃതമായാണ് ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വൻ വിലകുറ വിൽ ലഭിക്കുന്ന പാമോയിലിന് ഇന്ത്യ ഇറക്കുമതി തീരുവയിൽ അമിത ഇളവു നൽകി വ്യാപകമായി ഇറക്കുമതി ചെയ്യുന്നത്. അദാനി മാർക്ക് യഥേഷ്ടം സൗകര്യങ്ങൾ സൃഷ്ടിച്ചുകൊടുക്കുമ്പോൾ രാജ്യത്തെ കേര കർഷകരുടെ ദുരിതാവസ്ഥ കാണാൻ കേന്ദ്ര സർക്കാർ കണ്ണുതുറക്കുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു