ജിദ്ദ: സൗദി മീഡിയ ഫോറത്തിന്റെ മൂന്നാമത് സമ്മേളനം ഫെബ്രുവരി 19 മുതൽ 21 വരെ റിയാദിൽ നടക്കും. റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷനും സൗദി ജേർണലിസ്റ്റ് അസോസിയേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിനായുള്ള തയാറെടുപ്പുകൾ തുടങ്ങി. മാധ്യമ വ്യവസായത്തിന്റെ നിലവാരം ഉയർത്താൻ ഈ സമ്മേളനം സഹായിക്കുമെന്ന് കോർപറേഷൻ സി.ഇ.ഒ മുഹമ്മദ് അൽഹാരിതി പറഞ്ഞു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുമായി മുന്നേറാൻ അത് മാധ്യമപ്രവർത്തകരെ സഹായിക്കും. പ്രാദേശിക, അന്തർദേശീയ മാധ്യമ സ്ഥാപനങ്ങളുമായി ആശയവിനിമയത്തിന്റെ പാലങ്ങൾ നിർമിക്കേണ്ടതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യം സി.ഇ.ഒ വ്യക്തമാക്കി. രാജ്യത്തെ മാധ്യമ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് നൽകുന്ന പിന്തുണക്ക് വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരിയോട് കോർപറേഷൻ സി.ഇ.ഒ നന്ദി അറിയിച്ചു. ഫോറം സമ്മേളനത്തിന്റെ ഭാഗമായി ‘മാധ്യമങ്ങളുടെ ഭാവി’ എന്ന വിഷയത്തിൽ പ്രദർശനമേള ‘ഫോമെക്സ്’ നടക്കും.
മധ്യപൂർവേഷ്യയിൽ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രദർശനമായിരിക്കും ഇത്. സൗദി മീഡിയ ഫോറം അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും. ജേണലിസം, ദൃശ്യ-ശ്രാവ്യ ഉള്ളടക്ക നിർമാണം, ശാസ്ത്ര മാധ്യമ ഉള്ളടക്ക നിർമാണം, ഡിജിറ്റൽ മീഡിയ, മീഡിയ ഇന്നൊവേഷൻ ആൻഡ് ലീഡർഷിപ്, മാധ്യമ വ്യക്തിത്വങ്ങൾ എന്നീ ആറ് വിഭാഗങ്ങളിലാണ് അവാർഡ്.
ഒന്നും രണ്ടും പതിപ്പുകൾ വിജയകരമായതിനെ തുടർന്നാണ് മൂന്നാം പതിപ്പ് വരുന്നത്. സൗദി മാധ്യമ വ്യവസായം വികസിപ്പിക്കുന്നതിനും അതിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തുന്നതിനുമുള്ള ശ്രമത്തിൽ നടക്കുന്ന സമ്മേളനത്തിന് മാധ്യമ മേഖലയിൽ വിപുലമായ നല്ല സ്വാധീനം കൈവരിക്കുന്നതിൽ ഫലപ്രദമായ പങ്ക് വഹിക്കാനാകുമെന്നാണ് വിലയിരുത്തൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു