യാംബു: സൗദി അറേബ്യയിൽ വാഹനാപകട മരണങ്ങൾ കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. 2013 മുതൽ 2022 വരെ 10 വർഷത്തിനിടെ റോഡപകട മരണനിരക്ക് 40 ശതമാനം കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. 2013ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 7,000ത്തിലധികം മരണങ്ങളിൽ 4,555 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. 39,000ത്തിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 24,000 പേരാണ് വാഹനാപകടത്തിൽപെട്ടത്. എന്നാൽ അതിന് ശേഷം വാർഷിക കണക്കിൽ ഈ നിരക്കുകളിൽ കുറവ് വരുന്നതായാണ് കാണുന്നത്. 2030ഓടെ റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ 50 ശതമാനം കുറക്കുക എന്ന ആഗോള ലക്ഷ്യത്തിലേക്ക് സൗദി അതിവേഗം അടുക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ ട്രാഫിക് പരിഷ്കരണങ്ങളും ശക്തമായ നിയമനടപടികളും റോഡ്സുരക്ഷ സംവിധാനങ്ങളും ഏറെ ഫലം കണ്ടതായി വിലയിരുത്തുന്നു. റോഡപകടങ്ങൾ മൂലമുണ്ടാവുന്ന മരണനിരക്ക് 50 ശതമാനം കുറക്കുകയെന്ന അന്താരാഷ്ട്ര ലക്ഷ്യത്തിലെത്താൻ സൗദിക്ക് ഇനി 10 ശതമാനം മാത്രം പൂർത്തിയാക്കിയാൽ മതിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതിവേഗം ലക്ഷ്യത്തിലെത്താനുള്ള ബൃഹത്തായ പദ്ധതികളാണ് രാജ്യം ട്രാഫിക് രംഗത്ത് ഇപ്പോൾ നടപ്പാക്കുന്നത്.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ലെ ലക്ഷ്യങ്ങളിൽ ട്രാഫിക് രംഗത്തെ സുരക്ഷയൊരുക്കാനുള്ള വികസനം ഫലപ്രദമായി നടപ്പാക്കിവരുന്നതും ഏറെ ഫലം കണ്ടതായി വിലയിരുത്തുന്നു. ഒരു ലക്ഷത്തിൽ എട്ട് മരണം എന്ന നിലയിൽ മൂന്നിൽ രണ്ട് ശതമാനമായി കുറക്കാനുള്ള ശ്രമമാണ് വിജയം കാണുന്നതെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ വ്യക്തമാക്കിയിരുന്നു. അപകട മരണങ്ങളുടെയും പരിക്കുകളുടെയും നിരക്കും ഭൗതിക നഷ്ടങ്ങളാൽ ഉണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാക്കാൻ അധികൃതർ ട്രാഫിക് പരിഷ്കരണങ്ങൾ വരുത്തുന്നതിലൂടെ ലക്ഷ്യമിടുന്നു.
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കിയതോടെയാണ് അപകടങ്ങൾ ഗണ്യമായി കുറയാൻ കാരണമായത്. എല്ലാ റോഡുകളിലും ഗതാഗത നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കുന്നതിന് പുറമെ ഗതാഗത ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വിവിധ കാമ്പയിനുകളും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടപ്പാക്കിയ ട്രാഫിക് പരിഷ്കരണങ്ങളും ഏറെ ഫലം കണ്ടു. റോഡപകടങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും ഗതാഗത സൗകര്യങ്ങൾ കാലോചിതമായി വിപുലപ്പെടുത്തുന്നതിനും ‘വിഷൻ 2030’ന്റെ ഭാഗമായി വൈവിധ്യമാർന്ന പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു