കോഴിക്കോട്: ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി മർകസ് ആവിഷ്കരിച്ച സ്‌പെഷ്യൽ കെയർ പദ്ധതിയുടെ വാർഷിക ഗുണഭോക്‌തൃ സംഗമം ശ്രദ്ധേയമായി. പൂനൂർ ആസ്മാൻ സെന്റർ ഫോർ ഹാപ്പിനസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം സംഗമം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളിൽ ഏവരും മുന്നിട്ടിറങ്ങണമെന്നും ഉന്നമന പദ്ധതികൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ ചെലവും സാമ്പത്തിക പരാധീനതയും വെല്ലുവിളിയായപ്പോൾ മർകസ് സ്‌പെഷ്യൽ കെയർ ആനുകൂല്യത്തിന്റെ പിൻബലത്തിൽ ഉന്നതവിദ്യാഭ്യാസമോഹം സാക്ഷാത്കരിച്ചവരും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിച്ചവരും ഉണ്ടെന്നത് ഈ പദ്ധതിയുടെ വ്യാപ്‌തി അടയാളപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ 168 ഗുണഭോക്താക്കൾ സംഗമത്തിന്റെ ഭാഗമായി. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ അനുഭവിക്കുന്ന വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി 2005 ലാണ് സ്പെഷ്യൽ കെയർ പദ്ധതി മർകസ് ആരംഭിച്ചത്. പഠനം, ചികിത്സ, താമസം, ഭക്ഷണം തുടങ്ങി വിദ്യാർത്ഥികളുടെ ദൈനംദിന ചിലവുകൾക്കാവശ്യമായ സാമ്പത്തിക സഹായവും ഭിന്നശേഷിക്കാരുടെ മികവിനാവശ്യമായ വിവിധ പരിശീലനങ്ങളും കൃത്യമായ ഇടവേളകളിൽ ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ നിലവിൽ സംസ്ഥാനത്താകെ ഇരുനൂറോളം ഗുണഭോക്താക്കളാണുള്ളത്.
read more ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ
തെറാപ്പി ആനുകൂല്യങ്ങൾ, നൈപുണി പരിശീലനം, ജീവനോപാധി സഹായം, തൊഴിൽ സഹായം, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങി ഒട്ടേറെ സേവനങ്ങൾ ഈ പദ്ധതിയിലൂടെ മർകസ് ലഭ്യമാക്കുന്നു. നൂറോളം ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന രണ്ട് സ്‌പെഷ്യൽ സ്കൂളുകളും പദ്ധതിയുടെ ഭാഗമാണ്.
സംഗമത്തിന്റെ ഭാഗമായി നടന്ന ട്രെയിനിങ് സെഷനിൽ മുഹമ്മദലി സഖാഫി വള്ളിയാട് ഭിന്നശേഷി വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിച്ചു. ആസ്മാൻ മാനേജിങ് ഡയറക്ടർ ജൗഹർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. സാദിഖ് കൽപള്ളി, ഷമീർ വട്ടക്കണ്ടി, ആസ്മാൻ പിടിഎ പ്രസിഡണ്ട് റസാഖ്, ശഫീഖ് കാന്തപുരം, അബ്ദുന്നാസർ ബാഖവി, അബ്ദുൽ റഷീദ് ബാഖവി ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി നടന്നു. മർകസ് അലുംനി അസിസ്റ്റന്റ് ഡയറക്ടർ സി കെ മുഹമ്മദ് സ്വാഗതവും മർകസ് ആർസിഎഫ്ഐ വെൽഫെയർ മാനേജർ നൗഫൽ പെരുമണ്ണ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം