വെമ്പായം – പള്ളിപ്പുറം റോഡിൽ ആണ്ടൂർക്കോണം ഗവ എൽ.പി സ്കൂളിന് സമീപത്തെ അപകട വളവിൽ അപകടങ്ങളും അപകടമരണങ്ങളും നിത്യസംഭവമായ സാഹചര്യത്തിൽ സ്കൂളിന് സമീപമുള്ള ഓടയ്ക്ക് മൂടി സ്ഥാപിക്കണമെന്നും സ്ഥലത്ത് രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാൽ ആണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം.
അപകടമുണ്ടാകുന്ന സ്ഥലത്ത് തുറന്നുകിടക്കുന്ന ഓടകൾ സ്ലാബിട്ട് മൂടുന്നതിന് 28 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ഇതിൽ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.
ഓട സ്ലാബിട്ട് മൂടി അപകട സാധ്യത ഒഴിവാക്കണമെന്ന് കമ്മീഷൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. അപകട വളവിലെ ഹമ്പിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് അർഷാദ് എന്ന യുവാവ് ഇക്കഴിഞ്ഞ ജനുവരി 12 ന് മരിച്ചതാണ് ഒടുവിലത്തെ അപകടം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
















