ഇന്ത്യന്‍ സിനിമയ്ക്ക് നല്ലകാലമാണ് ഇപ്പോള്‍. കൊവിഡ് കാലം ഏല്‍പ്പിച്ച വലിയ ആഘാതത്തില്‍ നിന്ന് വിവിധ ഭാഷാ ചലച്ചിത്ര വ്യവസായങ്ങളെ കൈപിടിച്ച് ഉയര്‍ത്തിയ ചില ഹിറ്റ് സിനിമകള്‍ നേരത്തെയും എത്തിയിട്ടുണ്ട്. പക്ഷേ അതിന് തുടര്‍ച്ചകള്‍ സംഭവിക്കാനുള്ള കാലയളവ് വലുതായിരുന്നു. മാത്രമല്ല, ഏതെങ്കിലും ഒന്നോ രണ്ടോ ചലച്ചിത്ര വ്യവസായങ്ങളില്‍ ഹിറ്റുകള്‍ പിറക്കുന്ന സമയത്ത് മറ്റ് ഇന്‍ഡസ്ട്രികളുടെ ബോക്സ് ഓഫീസില്‍ വറുതി ആയിരുന്നു. ഇപ്പോഴിതാ ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായങ്ങളില്‍ ഒരേപോലെ ജനപ്രളയം ദൃശ്യമാവുകയാണ്. ബോളിവുഡില്‍ നിന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് എത്തിയതില്‍ കൂടുതല്‍ പ്രേക്ഷകരെ നേടിയത് ഗദര്‍ 2 ആണ്.
സണ്ണി ഡിയോള്‍ നായകനാവുന്ന ചിത്രം 2001 ല്‍ പുറത്തെത്തി അതിഗംഭീര വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ്. സണ്ണി ഡിയോള്‍ താര സിംഗ് ആയിത്തന്നെ എത്തിയിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അമീഷ പട്ടേലുമുണ്ട്. അനില്‍ ശര്‍മ്മയാണ് സംവിധായകന്‍. പ്രാദേശികതയുള്ള ചിത്രങ്ങള്‍ ബോളിവുഡില്‍ നിന്ന് അപ്രത്യക്ഷമാവുകയാണെന്ന ഏറെക്കാലമായുള്ള ആക്ഷേപങ്ങള്‍ക്കിടെയാണ് ഗദര്‍ 2 എത്തുന്നത്. വലിയ സീറ്റിംഗ് കപ്പാസിറ്റിയുള്ള ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളില്‍ ജനസാഗരമാണ്. ചിത്രത്തിന്റെ കളക്ഷനെ ഇത് വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. പഠാന് ശേഷം ബോളിവുഡില്‍ തിയറ്ററുകളെ കാര്യമായി ചലിപ്പിച്ച ചിത്രം എന്ന വിലയിരുത്തലാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചിത്രം 6 ദിവസം കൊണ്ട് നേടിയ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിട്ടുണ്ട്. 261.35 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതില്‍ സ്വാതന്ത്ര്യദിനത്തിലാണ് ഏറ്റവും കളക്ഷന്‍ എന്നതും ശ്രദ്ധേയമാണ്. റിലീസ് ദിനം 40.10 കോടി നേടിയ ചിത്രം അഞ്ചാംദിനമായിരുന്ന ഓഗസ്റ്റ് 15 ന് നേടിയത് 55.40 കോടിയാണ്. രണ്ടാം വാരത്തിലും ചിത്രം ഇപ്പോഴത്തെ പ്രകടനം തുടര്‍ന്നാല്‍ ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് അത് വലിയ ആശ്വാസവും ആത്മവിശ്വാസവും പകരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം