പെണ്‍കുട്ടികള്‍ പ്രണയത്തിന്റെ പേരില്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്നും കൗമാരക്കാര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കൂടുതല്‍ ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ടെന്നും കേരള വനിത കമ്മീഷന് അംഗം വി.ആര്. മഹിളാമണി പറഞ്ഞു. ആലപ്പുഴ കളക്ടറേറ്റ് അങ്കണത്തിലെ ദേശീയ സമ്പാദ്യ ഭവന് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന് അംഗം.
പ്രണയിച്ചു വീട്ടുകാരുടെ അറിവോടും സമ്മതത്തോടും വിവാഹിതയായ യുവതിയെ വിദേശത്തു ജോലിയുള്ള ഭര്‍ത്താവ് കബളിപ്പിച്ച് മറ്റൊരു യുവതിക്കൊപ്പം ജീവിക്കുന്നതു സംബന്ധിച്ച പരാതി കമ്മിഷന്റെ പരിഗണനയ്ക്ക് എത്തി. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച ഇവരുടെ പ്രണയം യുവതി ബിടെക്കിനു പഠിക്കുമ്പോള്‍ വിവാഹത്തിലെത്തി. എന്നാല്‍, വിവാഹ ശേഷം യുവതിയെ പഠിപ്പിക്കാന്‍ ഭര്‍ത്താവ് സന്നദ്ധനായില്ല. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടിലെ അംഗമാണ് യുവതി. അമ്മ വീട്ടു ജോലി ചെയ്താണ് മകളെ വളര്‍ത്തിയത്.
വിവാഹ സമ്മാനങ്ങളും 30 പവന് സ്വര്‍ണാഭരണങ്ങളും യുവതിയില്‍ നിന്നും ഭര്‍ത്തുവീട്ടുകാര്‍ കൈവശപ്പെടുത്തി. വിവാഹശേഷം അല്പകാലം കഴിഞ്ഞപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന് യുവതിയോട് സ്നേഹം കുറഞ്ഞു. തമ്മില്‍ കാണുന്നതും ഫോണ്‍ വിളിക്കുന്നതും കുറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് ഭര്‍ത്തൃമാതാവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതിക്ക് ശാരീരിക പീഡനങ്ങളുണ്ടായി. ഏതാനം ദിവസം മുന്‍പ് ഭര്‍ത്താവിന് വേറെ ഭാര്യയും കുട്ടിയും ഉണ്ടെന്ന് യുവതിക്ക് മൊബൈലില്‍ ചിത്രങ്ങള്‍ ലഭിച്ചു.
ഭര്‍ത്താവും ഭര്‍ത്തൃമാതാവും എതിര്‍കക്ഷികളായാണ് കമ്മീഷനു മുന്പില് പരാതി ലഭിച്ചത്. മകന് വിവാഹം കഴിച്ചോ എന്നറിയില്ലെന്നും ഒരു യുവതിയും കുട്ടിയും വീട്ടിലുണ്ടെന്നും ഭര്‍ത്തൃമാതാവ് പറഞ്ഞു. ഇപ്പോള്‍ ഇങ്ങനെ ഒരുമിച്ചു കഴിയുന്നത് സര്വസാധാരണമല്ലേയെന്നാണ് ഭര്‍ത്തൃമാതാവിന്റെ നിലപാട്. പ്രണയം പോലും ആത്മാര്‍ഥം അല്ലാതെ മാറുന്ന സാഹചര്യമാണുള്ളതെന്ന് കമ്മിഷന് വിലയിരുത്തി. പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും കഴിയേണ്ട ഭാര്യയും ഭര്‍ത്താവും വിശ്വാസ വഞ്ചന ചെയ്യുന്നത് തെറ്റാണ്.
വിവാഹപൂര്‍വ കൗണ്‍സിലിംഗ് ഉള്‍പ്പെടെ വനിത കമ്മീഷന് നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്. കോളജുകളിലും സ്കൂളുകളിലും അനേകം ബോധവല്‍ക്കരണ പരിപാടികള്‍ വനിത കമ്മിഷന് നടത്തുന്നുണ്ട്. എങ്കിലും, ഇനിയും ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കേണ്ടതുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ ഇടയില്‍ മാധ്യമങ്ങളും കൂടുതല്‍ ബോധവല്‍ക്കരണം നടത്തണമെന്നും കമ്മിഷന് നിരീക്ഷിച്ചു.
പ്രായമായ രക്ഷകര്‍ത്താക്കളെ സംരക്ഷിക്കാത്ത മക്കളുടെ തലമുറയെ കണ്ടുവരുന്നുണ്ട്. ഇതു തടയുന്നതിനും പ്രായമായവരുടെ ഒറ്റപ്പെടല്‍ ഒഴിവാക്കുന്നതിനുമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും കമ്മിഷന് വ്യക്തമാക്കി. പ്രായമായ അമ്മയെ നോക്കുന്നില്ലെന്ന പരാതിയില്‍ മകനെ കമ്മിഷന് വിളിച്ചു വരുത്തി. അമ്മ നല്കിയ സ്വത്തുക്കള്‍ തിരിച്ചുനല്‍കാന്‍ തയാറാണെന്നും അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാമെന്നുമുള്ള ഉറപ്പില്‍ ഈ കേസ് തീര്‍പ്പായി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങള്‍, വസ്തു തര്‍ക്കം, വിവാഹേതര ബന്ധങ്ങള്‍, സ്വത്ത് തര്‍ക്കം സംബന്ധിച്ച പരാതികളായിരുന്നു പരിഗണനയ്ക്കു വന്നതില്‍ അധികവും.
Also read : മോന്‍സന്റെ പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഐജി ലക്ഷ്മണനെന്ന് ക്രൈം ബ്രാഞ്ച്
സിറ്റിങ്ങില്‍ 82 പരാതികള്‍ പരിഗണിച്ചു. 15 കേസുകള്‍ തീര്‍പ്പാക്കുകയും 10 എണ്ണത്തില്‍ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. രണ്ട് പരാതികള്‍ ജാഗ്രതാ സമിതിക്ക് കൈമാറി. ബാക്കി 55 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുന്നതിനായി മാറ്റി. അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, അഡ്വ. മിനീസ, വനിത കമ്മിഷന് ജീവനക്കാരായ ശരത്കുമാര്, രാജേശ്വരി തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം