വ്യത്യസ്ത വിഭവങ്ങൾ ജനങ്ങളിലേക്കെത്തിച്ച് സ്വീകാര്യത നേടുന്ന ഒരുപാട് ഭക്ഷണശാലകൾ ഉണ്ട്. ഇപ്പോഴിതാ വിഭവങ്ങളുടെ വ്യത്യസ്തതയ്ക്ക് പുറമെ രൂപഭംഗി കൊണ്ട് ജനങ്ങളെ ആകർഷിച്ചിരിക്കുകയാണ് ഈ ഭക്ഷണശാല. നോർവേയിലെ ഹാർഡൻഗെർ ഫോർഡ് എന്ന സ്ഥലത്താണ് ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്.
പുറമെ നിന്ന് കാണുന്നത് പോലെ തന്നെ അകത്തെ കാഴ്ച്ചകളും നയനമനോഹരമാണ്. ഇതിനെല്ലാമുപരി ജലോപരിതലത്തിന് മുകളിലാൽ സ്ഥിതിചെയ്യുന്നു എന്നതാണ് മറ്റുള്ളവയിൽ നിന്നും ഈ റെസ്റ്റൊറന്റിനെ വ്യത്യസ്തമാക്കുന്നത്. മികച്ച സൗകര്യങ്ങളും മനോഹരമായ കാഴ്ച്ചകളും സമ്മാനിച്ച് കൊണ്ടാണ് ഈ റെസ്റ്റൊറന്റ് അതിഥികളെ സ്വീകരിക്കുന്നത്. മാറി എറിക്സമോൻ എന്ന നോർവീജിയൻ ഓപ്പറ ഗായികയാണ് തനിക്കു ലഭിച്ച മനോഹര അനുഭവങ്ങൾ കൂടെ ചേർത്ത്, ഈ വിസ്മയ കാഴ്ചയുടെ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പുറം കാഴ്ചയിൽ ഒരു ബഹിരാകാശ വാഹനം ജലമധ്യത്തിലെത്തിയതാണോ എന്ന സംശയം ആരിലും ഉണ്ടാകുമെന്നാണ് ഗായിക പറയുന്നത്. വൈദ്യുത ബോട്ടുകളിലാണ് ഭക്ഷണം കഴിക്കാനെത്തുന്നവരെ ഭക്ഷണശാലയ്ക്കു സമീപത്തേക്കു എത്തിക്കുന്നത്. അകത്തേയ്ക്കു കടക്കുമ്പോൾ ചന്ദ്രനിൽ എത്തിയതാണോ എന്ന് തോന്നിപോകുമെന്നും മനോഹരമായ ലൈറ്റിങ്ങും ഭക്ഷണം കഴിക്കാനെത്തുന്നവർക്കു ഇരിക്കാനായി തയാറാക്കിയിരിക്കുന്ന ഇരിപ്പിടങ്ങളുമൊക്കെ ഗംഭീര കാഴ്ചയെന്നുമാണ് വിവരിച്ചിരിക്കുന്നത്.
ഒറ്റവാക്കിൽ അത്ഭുതകരമെന്നാണ് മാറി എറിക്സമോൻ ഐറിസ് ദി റസ്റ്ററന്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുപോലൊരു അനുഭവം തനിക്കു മറ്റെങ്ങു നിന്നും ലഭിച്ചിട്ടില്ലെന്നാണ് ഭക്ഷണശാലയെ ടാഗ് ചെയ്തുകൊണ്ട് ഗായിക എഴുതിയിരിക്കുന്നത്.
മനോഹരമായ ലൊക്കേഷൻ എന്നത് മാത്രമല്ല, രുചികരമായ ഭക്ഷണവും ചേരുമ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ആളുകൾ എത്തുമെന്നാണ് റസ്റ്ററന്റുമായി ബന്ധപ്പെട്ടവരുടെയും പ്രതീക്ഷ. 18 കോഴ്സ് മെനു ആണ് ഇവിടുത്തെ ഭക്ഷണശാലയിൽ തയാറാക്കുന്നത്. കൂടാതെ ഡെസ്സേർട്ടുകളുമുണ്ട്. ഭക്ഷണം വിളമ്പുന്ന പാത്രങ്ങളും കുടിക്കാൻ പാനീയങ്ങൾ നൽകുന്ന ഗ്ലാസുകളുമെല്ലാം ഏറെ വ്യത്യസ്തമാണ്. റസ്റ്ററന്റിന്റെ അകം കാഴ്ചകളും കമനീയം തന്നെയാണ്. ഒറ്റവാക്കിൽ പറയണമെങ്കിൽ മാറിയുടെ വാക്കുകൾ തന്നെ കടമെടുക്കേണ്ടി വരും ” അദ്ഭുതകരം ”.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















