ഇരുണ്ട ഭൂഖണ്ഡത്തിലെ ഇരുളടഞ്ഞ ഒരു രാജ്യം. 250ലേറെ വംശീയ വിഭാഗങ്ങളും അതിൽ അഞ്ഞൂറിലധികം ഭാഷ സംസാരിക്കുന്ന ജനതയും .ഭീകരവാദികളും അസ്ഥിരമായ ഭരണവ്യവസ്ഥയും അടിത്തറയില്ലാത്ത സാമ്പത്തികനിലയും പ്രകൃതിദുരന്തങ്ങളും ഇളക്കിമറിച്ച ഒരു രാജ്യം …നൈജീരിയ, മറ്റൊരു പട്ടം കൂടി നൈജീരിയയ്ക്ക് മേൽ ചാർത്താവുന്നതാണ്. ലോകത്ത് കുട്ടികൾക്ക് നേരെയുള്ള അതിക്രമം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യം. അത് ഭീകരവാദികളിൽ നിന്നായാലും ഭരണകൂടത്തിൽ നിന്നായാലും ഒരുപോലെ നേരിടുന്ന അവസ്ഥ. യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും കാലാവസ്ഥ കെടുതികളും ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണെന്നത് എടുത്തു പറയേണ്ട കാര്യമില്ല. പ്രത്യേകിച്ച് കുട്ടികളെ . ഇത്തരത്തിൽ ഒരുപക്ഷേ കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അവകാശലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് നൈജീരിയ.
ലോകം മുഴുവൻ ഭീകരവാദത്തിന്റെ വിത്ത് വിതയ്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹോദര സംഘടനയെന്ന് അഭിമാനപൂർവ്വം അവകാശപ്പെടുന്ന ബൊക്കോഹറാം തീവ്രവാദികൾ ഒരുവശത്ത് . ജനതയുടെ അടിസ്ഥാന അവകാശമായ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാൻ സാധിക്കാത്ത ഭരണകൂടം മറുവശത്ത്. സൈന്യവും ഭരണകൂടവും ഭീകരവാദികളും ഒരുപോലെ കുഞ്ഞുങ്ങളെ , കൗമാരക്കാരെ തങ്ങളുടെ കൈയിലെ ചട്ടുകം പോലെ പെരുമാറുന്ന കാഴ്ച . ഐക്യരാഷ്ട്രസഭയുടെ മൂന്നാമത് പുറത്തുവിട്ട റിപ്പോർട്ടിൽ വളരെ ഗൗരവതരമായ പരാമർശങ്ങളാണ് നൈജീരിയയിൽ കുട്ടികൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഉള്ളത്.
ഭരണകൂടത്തിന് മുന്നിലെ കുട്ടിക്കുറ്റവാളികൾ
നൈജീരിയയിൽ കുട്ടികളെ പ്രതിരോധ മറയാക്കുന്നത് ഭീകരവാദ സംഘടനയുടെ സ്ഥിരം തന്ത്രമാണ്. പ്രതിവർഷവും നൂറുകണക്കിന് കുട്ടികളെ സ്കൂളുകളിൽ നിന്നും അവർ ജീവിക്കുന്ന ഗ്രാമങ്ങളിൽ നിന്നുമൊക്കെ ഭീകരവാദികൾ തട്ടിക്കൊണ്ടുപോകുന്നതായ വാർത്തകൾ മനുഷ്യാവകാശസംഘടനകൾ പുറത്തു വിടാറുണ്ട് . പ്രധാനമായും ബൊക്കോ ഹറാമിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതിനുള്ള മാർഗ്ഗമായാണ് ഈ തട്ടിക്കൊണ്ട് പോകലുകൾ. സർക്കാരുമായി കുട്ടികളുടെ ജീവൻ വച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നു. മറ്റു ചിലപ്പോൾ ആൺ പെൺ വ്യത്യാസമില്ലാതെ പ്രായപൂർത്തിയാകാത്ത ഈ കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കാണ് ഭീകരൻ ഉപയോഗിക്കുന്നത്. നല്ലൊരു ശതമാനത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക് വേരുകളുള്ള സിറിയ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നു. ഒരു വിഭാഗം അവയവ കടത്ത് ലോബിയുടെ കൈകളിലേക്ക് എത്തപെടുന്നു.
ഇത്തരത്തിൽ ബൊക്കോ ഹറാമുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള കുട്ടികളെയെല്ലാം കുറ്റവാളികളായാണ് നൈജീരിയൻ ഭരണകൂടം കാണുന്നത്. ബൊക്കോ ഹറാം ഭീകരവാദികൾ ആക്രമിക്കുന്ന ഗ്രാമങ്ങളിൽ നിന്ന് അവരുടെ കൈയ്യിൽ പെടാതെ ഓടി രക്ഷപ്പെട്ട് അഭയം തേടിയെത്തുന്ന കുട്ടികളാണെങ്കിൽ പോലും, അവർ നിയമത്തിന് മുന്നിൽ കുറ്റവാളികളാണ്. ഇങ്ങനെ മോചിപ്പിക്കപ്പെടുന്ന, എത്തപ്പെടുന്ന കുട്ടികളെയെല്ലാം സൈനിക തടങ്കലിൽ ആക്കുന്നത് നൈജീരിയയിൽ പതിവ് രീതിയാണ്. കുട്ടികളോടുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തന്നെയാണ് നൈജീരിയയിലെ സൈനിക തടവറകളിൽ കാണാൻ സാധിക്കുക. അതിമാരകമായി അടിക്കുക, കത്തിക്കരിയുന്ന വെയിലിലും കൊടും തണുപ്പിലും ദിവസങ്ങളോളം നിർത്തുക, പൊള്ളലേൽപ്പിക്കുക, കുടിവെള്ളം പോലും നൽകാതെ പട്ടിണിക്കിടൽ , പരമാവധി കുട്ടികളെ ഒരുമിച്ച് ഒരു തടവറയ്ക്കുള്ളിൽ കൈകാലുകൾ പോലും അനക്കാൻ കഴിയാത്ത രീതിയിൽ അടച്ചിടുക തുടങ്ങി അതിക്രൂരമായ ശിക്ഷ നടപടികളാണ് കുട്ടികൾക്ക് സൈനിക തടവറുകളിൽ സഹിക്കേണ്ടി വരുന്നത് . സൈനിക കസ്റ്റഡിയിൽ ആയിക്കഴിഞ്ഞാലും പലപ്പോഴും ഇവർക്ക് എതിരെ ചാർജുകൾ ചുമത്താതെയും വിചാരണയ്ക്കു വിധേയരാക്കാതെയും വർഷങ്ങളോളം തടങ്കലിൽ പാർപ്പിക്കുന്നത് തുടരുകയാണ് പതിവ്.
2013 മുതലുള്ള കണക്കുകൾ പ്രകാരം ഏതാണ്ട് 4000 ത്തോളം കുട്ടികൾ ഇത്തരത്തിൽ അതിക്രൂര പീഡനം ഏറ്റ് തടവറകളിൽ കഴിയുന്നുണ്ട്. തങ്ങൾക്ക് ഭീകര സംഘടനകളുമായി യാതൊരുവിധ ബന്ധമില്ലെന്ന് കരഞ്ഞു നിലവിളിച്ചാൽ കൂടിയും നൈജീരിയൻ ഭരണകൂടം അത് ചെവി കൊള്ളാറില്ല. ഏതാണ്ട് അഞ്ച് വയസ്സ് മുതൽക്കുള്ള കുട്ടികളെ ഇത്തരത്തിൽ പാർപ്പിക്കുന്നുണ്ട് എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ. പുറത്തുനിന്നുള്ള ഏതെങ്കിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയോ ഭരണകൂട പ്രതിനിധികളെയോ ഇത്തരം മേഖലകളിലേക്ക് പ്രവേശിപ്പിക്കാറില്ല. തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം ആരോപിച്ച് കുട്ടികളെ തടവിലാക്കുന്നത് നൈജീരിയ മാത്രമല്ല. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച് 2864 കുട്ടികളെ വിവിധ രാജ്യങ്ങൾ ഇത്തരം ബന്ധം ആരോപിച്ച തടവിൽ പാർപ്പിക്കുന്നുണ്ട് . ഇറാക്ക് ലിബിയ സോമാലിയ സിറിയ എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. .
മറ്റു ചില വിഭാഗം കുട്ടികൾ കൂടി നൈജീരിയൻ ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വിധേയരാകുന്നുണ്ട്. കുറ്റവാളികളായ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ കൂടി വർഷങ്ങളോളം അവരോടൊപ്പം ജയിലിൽ തന്നെ തുടരുകയാണ്. അവിടെത്തന്നെ ജനിച്ച് മാതാപിതാക്കളുടെ ശിക്ഷാ കാലാവധി കഴിയുന്നതുവരെ അവരും അവിടെ ജീവിക്കുന്നു.
യുഎൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളിൽ നിന്നും മനുഷ്യാവകാശ വേദികളിൽ നിന്നും തുടർച്ചയായി ഉണ്ടാകുന്ന ഇടപെടലുകളുടെയും റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിൽ ഇത്തരം നടപടികളിൽ നിന്ന് പിന്മാറുമെന്ന് നൈജീരിയൻ ഭരണകൂടം പലതവണ ഉറപ്പു നൽകിയെങ്കിലും ഇനിയും കൃത്യമായി നടപടികൾ ഉണ്ടായിട്ടില്ല .ഒടുവിൽ മനുഷ്യാവകാശ സംഘടനകളുടെ സമ്മർദ്ദത്തിനു വഴങ്ങി നൈജീരിയൻ സർക്കാർ ഐക്യരാഷ്ട്രസഭയുമായി , കുട്ടികളെ തടവറയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുണ്ട്. സംഘർഷ സാഹചര്യങ്ങളും തടവറയും അല്ല പുനരധിവാസവും വിദ്യാഭ്യാസവും ആണ് ഇത്തരം കുഞ്ഞുങ്ങൾക്ക് ആവശ്യമെന്ന് ഉടമ്പടിയിൽ എടുത്തു പറയുന്നു . എന്നാൽ ഇത്തരം ഉടമ്പടികൾ കടലാസിൽ മാത്രം ഒതുങ്ങുന്നു എന്ന വാർത്തകൾ തന്നെയാണ് ഇപ്പോഴും നൈജീരിയയിൽ നിന്ന് പുറത്തുവരുന്നത്. 250ലേറെ വംശീയ വിഭാഗങ്ങളും അതിൽ അഞ്ഞൂറിലധികം ഭാഷ സംസാരിക്കുന്ന ജനതയും ലോകത്ത് മാനവ വികസന സൂചികയിൽ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം