ഉത്തരകൊറിയയിൽ കടുത്ത പട്ടിണിയിലും ദാരിദ്യത്തിലും ആളുകൾ മരിച്ചു വീഴുന്നതായ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് ബി ബി സി. സ്വേച്ഛാധിപതിയായ കിം ജോംഗ് ഉന്നിന്റെ ഭരണത്തിൻ കീഴിൽ ഉത്തര കൊറിയയിൽ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകം അറിയുന്നത് വളരെ അപൂർവ്വമാണ്.വിദേശ മാധ്യമങ്ങൾക്കടക്കം കടുത്ത നിയന്ത്രണങ്ങളും വിലക്കുകളുമുള്ള രാജ്യത്ത് മിസൈൽ പരീക്ഷണങ്ങളുടെയും അധികാര – യുദ്ധക്കൊതിയുടേയും വാർത്തകൾക്കപ്പുറം ജനങ്ങളോട് ചേർന്ന് നിൽക്കുന്ന വിവരങ്ങളോ മനുഷ്യാവകാശ ലംഘനങ്ങളോ ഒന്നും പുറത്ത് വരാറില്ല… ഈ സാഹചര്യത്തിലാണ് ഒരു അന്താരാഷ്ട്ര മാധ്യമം ഉത്തര കൊറിയയിലെ ചില സാധാരണക്കാരുമായി രഹസ്യമായി നടത്തിയ അഭിമുഖത്തിലെ വിവരങ്ങൾ ലോക മനസാക്ഷിയെ ഞെട്ടിക്കുന്നത്.
ഭരണകൂട ഭീകരതയയിൽ ലോകത്ത് ഒറ്റപ്പെട്ട് ഒരു ജനത
ലോക രാജ്യങ്ങളിൽ നിന്ന് എല്ലാക്കാലവും ഒറ്റപ്പെട്ട് നിൽക്കുന്ന , മറ്റു രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഉപരോധം നേരിടുന്ന രാജ്യമാണ് ഉത്തര കൊറിയ.1990കൾക്ക് ശേഷമുള്ള ഏറ്റവും മോശമായ സ്ഥിതി വ വിശേഷത്തിലൂടെ രാജ്യം കടന്നുപോകുന്നു എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ അടക്കുള്ള മനുഷ്യാവകാശ സംഘടനകളും വിലയിരുത്തുന്നത്.
2020-ൽ ഉത്തര കൊറിയൻ ഭരണകൂടം രാജ്യത്തേക്കുള്ള അതിർത്തികൾ പൂർണ്ണമായി അടച്ചതോടെ ആഹാരവും മരുന്നും അടക്കമുള്ള അടിസ്ഥാന അവകാശങ്ങൾ പോലും ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നാണ് അഭിമുഖത്തിൽ പങ്കെടുത്തവരുടെ വെളിപ്പെടുത്തൽ. പൗരന്മാർക്ക് രാജ്യം വിടാനോ പുറത്തുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനോ സാധ്യമല്ല. തങ്ങൾ പട്ടിണി കിടന്ന് മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്തേക്കാമെന്ന് ഭയക്കുന്നതായി അഭിമുഖം നൽകിയ ഉത്തര കൊറിയൻ പൗരർ ആശങ്ക പങ്കുവെക്കുന്നു
പട്ടിണിയിൽ നട്ടം തിരിഞ്ഞ്
രാജ്യത്തെ 26 ദശലക്ഷം വരുന്ന ജനതയ്ക്ക് ആവശ്യമായ ഭക്ഷണം ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ ഉത്തരകൊറിയയ്ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രാദേശിക വിപണിയിലേതടക്കം ഏകദേശം മുക്കാൽ ഭാഗവും ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണ്. എന്നാൽ 2020 ജനുവരിയിൽ ഉത്തര കൊറിയ അതിർത്തി അടച്ചപ്പോൾ, ചൈനയിൽ നിന്നുള്ള ധാന്യ ഇറക്കുമതിയും അവതാളത്തിലായി. ഇപ്പോൾ ആ വിപണികളെല്ലാം ശൂന്യമാണെന്ന് അവർ വേദനയോടെ ഓർക്കുന്നു..
അതിർത്തികൾ പതിന്മടങ്ങ് ശക്തമായി അടയ്ക്കുക മാത്രമല്ല..അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ തൽക്ഷണം വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് കൂടി ഇറക്കിയതോടെ ജീവൻ മുറുകെ പിടിച്ചുള്ള പലായന സാധ്യതകളും ഇല്ലാതായി. പട്ടിണി താങ്ങാനാകാതെ ആളുകൾ ആത്മഹത്യ ചെയ്യുന്നതും മലകൾ താണ്ടി പോകുന്നതും പതിവ് ദൃശ്യങ്ങളായി മാറിയെന്നാണ് അഭിമുഖം നൽകിയവരുടെ വെളിപ്പെടുത്തൽ .
നിസഹായരായി മനുഷ്യാവകാശ സംഘടനകൾ
ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ സാറ്റലൈറ്റ് ഇമേജുകള്‍ വഴി ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉത്തര കൊറിയന്‍ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അതിര്‍ത്തിയിലുടനീളം ഇരട്ടമതിലുകളും മുള്ളു വേലികളും കെട്ടിത്തിരിക്കുന്നതിനാണത്രേ. രാജ്യാതിര്ത്തികള്പ്പുറം പുറംലോകവുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന് അതികഠിനമായ ശിക്ഷയാണ് ഭരണകൂടം വിധിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ സഹായത്തോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ചിലരെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജയില്‍ ഇടിഞ്ഞുവീണാലും തീരാത്ത ശിക്ഷാവിധിയാണ് ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭരണകൂടം നല്‍കുന്നത്.
പുറം ലോകവുമായുള്ള ആളുകളുടെ ബന്ധവും തടയുന്നതിലൂടെ, ഭരണകൂടം തങ്ങളുടെ പൗരന്മാരുടെ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയാണെന്ന് ഉത്തര കൊറിയൻ ഡാറ്റാബേസ് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് വെളിപ്പെടുത്തുന്നു.
ഉയർത്തെഴുന്നേല്പിനെ അടിച്ചമർത്തി ഉൻ ഭരണ കൂടം
ഭരണകൂടം അനുവദിക്കുന്ന വാര്‍ത്തകളും അറിയിപ്പുകളും മാത്രം പുറത്ത് വിട്ടിരുന്ന സാഹചര്യത്തില്‍ നിന്ന് പുതുതലമുറ മുന്നോട്ടുവന്ന് അതിർത്തികൾക്കപ്പുറമുള്ള സമൃദ്ധവും സ്വതന്ത്രവുമായ ലോകത്തെ കുറിച്ച് പഠിക്കുകയും ഭരണകൂടം വിൽക്കുന്ന നുണകൾക്കെതിരെ ഉണരുകയും ചെയ്യുമോ എന്ന ആശങ്കയിലാണ് കിം ജോംഗ് ഉന്നും കൂട്ടരും. അത് ഒഴിവാക്കുന്നതിന് വേണ്ടി തന്നെയാണ് കല്ലേ പിളര്‍ക്കുന്ന കല്പനകളും ശിക്ഷാവിധികളുമൊക്കെ. നിയമം നടപ്പിലാക്കുന്നതിനായി, സോഷ്യലിസ്റ്റ് വിരുദ്ധമെന്ന് കരുതുന്ന എന്തിനേയും അടിച്ചമർത്താൻ നിർദ്ദയമായി ചുറ്റിക്കറങ്ങുന്ന ഗ്രൂപ്പുകളെ ഭരണകൂടം സൃഷ്ടിച്ചിട്ടുണ്ട്.
ആളുകൾ ഇപ്പോൾ പരസ്പരം വിശ്വസിക്കുന്നില്ല. ഭയം വളരെ വലുതാണെന്ന് അഭിമുഖത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. എന്നാല്‍ ഈ പരസ്പര വിശ്വാസമില്ലെങ്കില്‍ ഒരു ചെറുത്തു നിൽപ് ഒരിക്കലും സാധ്യമാകില്ലെന്ന് കഴിഞ്ഞ
40 വർഷമായി ഉത്തര കൊറിയയെക്കുറിച്ച് പഠിക്കുന്ന പ്രൊഫ ആന്ദ്രേ ലങ്കോവിയുടെ നിരീക്ഷണം. ഭരണകൂടം അടിച്ചേൽപിക്കുന്ന നിയമങ്ങളുടെ ആധിക്യത്തിൽ ഏത് നിയമങ്ങളാണ് തങ്ങൾ ലംഘിച്ചതെന്നു പോലും അറിയാത്ത അവസ്ഥയിലാണ് ഉത്തര കൊറിയൻ ജനത