നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ സ്ഥിതി നിലവിൽ ഇതാണെങ്കിൽ, മോദി ഇല്ലാത്ത ബിജെപിക്ക് നാളെ എന്ത് സംഭവിക്കും. കർണാടകയിലെ കടുത്ത പരാജയത്തിന് പിന്നാലെ ഉയർന്ന ഓരോ ചോദ്യത്തിനും ബിജെപി എണ്ണിയെണ്ണി മറുപടി നൽകിയെങ്കിലും ഇതിന് മാത്രം ഇതുവരെ മറുപടി ഇല്ല. ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ തങ്ങൾ വിജയക്കൊടി പാറിക്കുമെന്ന് ബിജെപി ഓരോ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമ്പോഴാണ് കർണാടകയിലെ കടുത്ത പരാജയം. അതിനാൽ തന്നെ ‘മോദി ഇല്ലാത്ത ബിജെപി’ എന്ന ചോദ്യത്തിൽ നിന്നും പാർട്ടി നേതൃത്വത്തിന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല.
കർണാടകയിലെ തിരഞ്ഞെടുപ്പ് ചൂടിൽ എവിടെയും ഉയർന്നു കേട്ട ഒരേയൊരു പേര് മോദി എന്നായിരുന്നു. റോഡ് ഷോകൾ മുതൽ സോഷ്യൽ മീഡിയകൾ വരെ മോദി എന്ന ഒറ്റപ്പേരിനെ മുൻനിർത്തി ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടു. പാർട്ടിയുടെ നെടുംതൂണെന്ന് തന്നെ പറയാവുന്ന സാക്ഷാൽ നരേന്ദ്രമോദി കർണാടകയുടെ തിരഞ്ഞെടുപ്പ് കളത്തിൽ ഇത്രയധികം നിറഞ്ഞു നിന്നിട്ടും അധികാരം നഷ്ടപ്പെട്ട് വെറും 66 സീറ്റുകളിലേക്ക് ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു.
കന്നഡ ദിനപത്രമായ വാർത്തഭാരതിയിലെ കാർട്ടൂണിസ്റ്റ് പി മഹമൂദ് പകർത്തിയ കർണാടകയിലെ ബിജെപിയുടെ തകർച്ച ഇവിടെ പ്രസക്തമല്ല. പക്ഷേ കോടിക്കണക്കിന് രൂപ ചിലവിൽ നിർമ്മിച്ച മോദി എന്ന വ്യക്തിത്വത്തിന് ജനങ്ങൾ നേരിട്ട് നൽകിയ വിലയാണ് ഈ പരാജയം എന്നു പറയേണ്ടി വരും.
കഴിഞ്ഞ ഫെബ്രുവരിയിൽ ശിവമോഗയിൽ വിമാനത്താവളം തുറക്കുന്നതിന് ഒരേയൊരു ദിവസത്തേക്ക് ഉണ്ടായ യാത്രാച്ചിലവ് 21 കോടി രൂപയാണ്. കൂടാതെ അതേദിവസം തന്നെ ബെലഗാവിലേക്കുള്ള യാത്രക്ക് ചെലവായത് 15 കോടി രൂപയും. ഇവ രണ്ടും സംസ്ഥാന ഗസറ്റിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള ഓരോ കാര്യങ്ങളും മോദി എന്ന വ്യക്തിയിൽ മാത്രം ഊന്നിയുള്ള തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാനാകും.
കൂടാതെ 2020ലും 2021ലും കോവിഡിലും വെള്ളപ്പൊക്കത്തിലും പകച്ചുനിന്ന കർണാടകയിൽ മോദി സന്ദർശനം നടത്തിയത് ഒരേയൊരു തവണയാണ്. എന്നാൽ തിരഞ്ഞെടുപ്പ് ചൂടിൽ വെറും നാല് മാസം കൊണ്ട് മോദി കർണാടക സന്ദർശിച്ചത് 11 തവണയാണ്. ഒപ്പം തന്നെ ഏപ്രിൽ 29 നും മേയ് 7 നും ഇടയിൽ 16 പൊതുയോഗങ്ങളിലാണ് ബംഗളൂരുവിൽ മോദി അഭിസംബോധന ചെയ്തത്. അതിൽ രണ്ടിടങ്ങളിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചിട്ടുണ്ട്.
കർണാടകയിലെ 224 മണ്ഡലങ്ങളിൽ 218 മണ്ഡലങ്ങളിലും മോദിയും അമിത് ഷായും തങ്ങളുടെ പ്രചാരണ പരിപാടികൾ നയിച്ചു. എന്നാൽ അവർക്ക് നേടാൻ സാധിച്ചത് 66 സീറ്റുകളിലെ വിജയം മാത്രമാണ്. കൂടാതെ യുപി മുഖ്യമന്ത്രി ആദിത്യനാഥ് സന്ദർശിച്ച മണ്ഡലങ്ങളിലും ബിജെപിക്ക് തങ്ങളുടെ ആധിപത്യവും വിജയവും നഷ്ടമാകുകയാണ് ചെയ്തത്.
മോദി എന്ന നേതാവിനെ എത്ര തന്നെ മുന്നിൽ നിർത്തി നയിച്ചാലും പാർട്ടി കാഴ്ച വെക്കുന്ന മോശം പ്രകടനം ജനങ്ങൾ തിരിച്ചറിയുന്നതിന്റെ പ്രതിഫലനം കൂടിയാണ് ഈ പരാജയം. എല്ലാത്തിനുമുപരി, നരേന്ദ്ര മോദിക്ക് നിലവിൽ വയസ്സ് 73. ഇനിയും എത്ര വർഷം, എത്ര സംസ്ഥാനങ്ങൾ, എത്ര പ്രചാരണങ്ങൾ അദ്ദേഹത്തിന് നേരിടാനാകും.
ഈ സാഹചര്യത്തിലാണ് ‘മോദിക്ക് ശേഷമുള്ള ബിജെപി’ എന്നത് ഒരു ചോദ്യമായി മാറുന്നത്. അംഗീകരിക്കപ്പെടുന്നതോ യോജിച്ചതോ ആയ ഒരു രണ്ടാം നിരയുടെ അഭാവത്തിൽ ഈ ചോദ്യത്തിന്റെ ഉത്തരം ഏറെക്കുറെ ഊഹിക്കാൻ പറ്റുന്നത് തന്നെയാണ്. എങ്കിലും മോദിക്ക് ശേഷമുള്ള ഇന്ത്യ എന്ന ചോദ്യത്തിന്റെ പ്രസക്തി ഇനിയുള്ള തിരഞ്ഞെടുപ്പുകൾക്ക് ശേഷവും രാജ്യത്ത് ആവർത്തിക്കപ്പെടുക തന്നെ ചെയ്യും.
കർണാടകക്ക് പിന്നാലെ അടുത്ത നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിലും മോദി എന്ന ദേശീയ നേതാവിന്റെ പ്രതിച്ഛായക്ക് കോട്ടം വന്നേക്കാം. ഇനി ആ തിരഞ്ഞെടുപ്പുകളിൽ ഒരു സംസ്ഥാനത്തെങ്കിലും പാർട്ടി പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്താലും ‘മോദിക്ക് ശേഷമുള്ള ബിജെപി?’ എന്ന ചോദ്യം പ്രസക്തമായി തന്നെ ഇന്ത്യയിൽ തുടരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു