കെ.കെ മേനോന്‍
നാലു പതിറ്റാണ്ടുകൾക്ക് മുൻപേയുള്ള കോഴിക്കോട്ടെ ജീവിതവും, പിന്നീട് അവിടേക്കുള്ള നിരന്തരമായ യാത്രകളും സമ്മാനിച്ച മധുരാനുഭവങ്ങൾ ഏറെയാണ്. കോഴിക്കോട് എനിക്ക് നൽകിയ പ്രണയാനുഭവങ്ങൾ മിട്ടായിത്തെരുവിലെ ഹൽവയെപ്പോലെ മാധുര്യമേറിയതായിരുന്നു എങ്കിലും ബാബുക്കയുടെ ഗാനങ്ങളിലേതുപോലെ നറുനൊമ്പരങ്ങൾ ഏറെ നിറഞ്ഞതായിരുന്നു ആ കാലങ്ങൾ. പൂർണനിലാവിൽ തെളിഞ്ഞു നിന്നിരുന്ന കല്ലായിപ്പുഴയും, ഒരു സ്വാന്തനമേകി വന്നു തഴുകിയ ഇളം കാറ്റും, ദൂരെ നിന്നും കേട്ടിരുന്ന ഗസൽ സംഗീതത്തിന്റെ ഈരടികളും പ്രണയർദ്രമായ രാവുകൾക്കു മിഴിവേറെ നൽകിയിരുന്നു.
വളരെ ചുരുങ്ങിയ കാലം, അതായത് 4 മാസം, കോഴിക്കോട്ടെ പ്രശസ്തമായ ഒരു കോളേജിൽ ചേർന്നു പഠിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. നിരവധി നല്ല സുഹൃത്തുക്കളെ ലഭിച്ച ആ നാളുകളിൽ നടന്ന രസാവഹമായ, മറക്കാനാവാത്ത ചില അനുഭവങ്ങൾ, കാലം ഏറെ കടന്നു പോയെങ്കിലും, ഇപ്പോഴും നല്ല ഓർമകൾ തന്നെയാണ്… ചില പ്രണയമോഹങ്ങൾ, ആരുടെയും ജീവിതത്തിൽ കൗമാര യൊവ്വനകാലങ്ങളിൽ നടക്കാൻ സാധ്യത ഏറെയുള്ള ചില പ്രണയവിചാരങ്ങൾ എന്നൊക്കെ വിശേഷിപ്പിക്കാം.
അന്നവിടെ പഠിച്ചിരുന്ന സുന്ദരിയായ ഒരു പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. അറിയാത്ത ഭാഷയിൽ എന്തോ പറയുവാൻ ആഗ്രഹിക്കുന്ന അഗാധനീലിമയുള്ള ആ കണ്ണുകൾ ആരെയും ആകർഷിച്ചിരുന്നു. ക്ലാസ്സുകൾ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഒരു ദിവസം തികച്ചും അപ്രതീക്ഷമായ ആ സംഭവം എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അവൾ എന്റെ സമീപത്ത് വന്ന് “എനിക്ക് തന്നെയും ഇഷ്ടമാണ്, ലെറ്ററിനുള്ള മറുപടി തരാം ” എന്നു പറഞ്ഞ് എന്റെ പ്രതികരണത്തിന് കാത്ത് നില്കാതെ നടന്നകന്നു. ആകെ ഒരു സംഭ്രാന്തി അല്ലെങ്കിൽ മനോവിഭ്രമം, കൂടാതെ അനിർവചനീയമായ ചിന്തകൾ എല്ലാം എന്നെ വളരെ ആസ്വസ്ഥനാക്കി. കൂട്ടുകാരുമൊത്തു ഈ വിഷയം ചർച്ച ചെയ്തപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെട്ടത്. കൂട്ടുകാരിലൊരുവൻ ഞാൻ എഴുതുന്ന മാതിരി ഒരു ലെറ്റർ എഴുതി അവളുടെ ബുക്കിന്നിടയിൽ വെച്ചതാണെന്നു പറഞ്ഞപ്പോൾ, ക്ഷമിക്കാവുന്നതല്ലാത്ത തെറ്റിന് ആദ്യം ഞാൻ പ്രകോപിതനായി എങ്കിലും പിന്നീട് മനസ്സിന്റെ സമനില തെറ്റാതെ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.ആ സസംഭവത്തിന് ശേഷം ആ കുട്ടിയെ കോളേജിൽ ഞങ്ങൾ ആരും കണ്ടിട്ടില്ല. കാരണം എന്തെന്ന് അറിയാതെ, ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അത് മനസ്സിൽ തങ്ങി നിന്നു.
പിന്നീട് 80കളിൽ മദ്രാസിൽ HMV യിൽ ജോലി ചെയ്യുന്ന സമയത്താണ് സ്ഥിരമായി എല്ലാ മാസവും കോഴിക്കോട് പോകാറുള്ളത്. ഒരിക്കൽ മദ്രാസിൽ വെച്ച് “ചിലന്തിവല” എന്ന മലയാളം സിനിമയുടെ പൂജക്കാണ് പ്രൊഡ്യൂസർ രഘുനാഥിന്റെ കൂടെ വളരെ സുമുഖനായ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. കോഴിക്കോട് പൂതേരി ഹൗസിലെ രഘുകുമാർ. തബല, സിതാർ എന്നീ സംഗീത ഉപകരണങ്ങളിൽ അതീവ പ്രവീണ്യമുള്ള രഘുകുമാർ നല്ല സംഗീതഞനനും അതിലുപരി ഒരു നല്ല സഹൃദയനും ആയിരുന്നു. ധന്യ ഫിലിംസ് എന്ന ബാനറിൽ “ലിസ, സർപ്പം, ശംഖുപുഷ്പം” തുടങ്ങി നിരവധി മലയാളം സിനിമകൾ നിർമ്മിച്ചിരുന്ന രഘുകുമാറുമായി എനിക്ക് വളരെ പെട്ടെന്ന് തന്നെ ഒരു നല്ല സുഹൃത്ത് ബന്ധം സ്ഥാപിച്ചെടുക്കാൻ സാധിച്ചു എന്ന് മാത്രമല്ല, കോഴിക്കോട് പോകുമ്പോഴെല്ലാം രഘു കുമാറിന്റെ വീട്ടിൽ, പൂതേരി ഹൗസിൽ പോകുകയും പതിവായിരുന്നു. പൂതേരി ഹൗസിലെ, വൈകുന്നേരങ്ങളിലെ, സംഗീതസദസ്സുകൾ മറക്കുവാൻ സാധിക്കുകയില്ല. രാത്രി വളരെ വൈകുന്നത് വരെ നീണ്ടുപോകുന്ന സംഗീത വിരുന്നുകളിൽ പല പ്രതിഭകളും പങ്കെടുക്കാറുണ്ടായിരുന്നു. അവിടെവച്ചാണ് ഗായകൻ സതീഷ് ബാബു, ഗിരീഷ്പുത്തഞ്ചേരി ഇവരെയെല്ലാം പരിചയപ്പെടുന്നത്.
ഗിരീഷിനെ പരിചയപ്പെടുത്തി രഘുവേട്ടൻ, പിന്നീട് ഞാൻ അങ്ങനെയാണ് വിളിക്കാറുള്ളത്, പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു. “KK, ഗിരീഷിന് പാട്ടുകൾ എഴുതുവാൻ അവസരം കൊടുക്കണം, നല്ല ഭാവന യുള്ള കവിത്വം നിറഞ്ഞ ഗാനങ്ങൾ എഴുതുവാൻ ഗിരീഷിന് സാധിക്കും. ഗിരീഷിനെ വേണ്ടവിധത്തിൽ പ്രോത്സാഹിപ്പിക്കണം”. ഗിരീഷിന് വളരെപ്പെട്ടെന്നുതന്നെ HMV യിൽ ഒരവസരം ഒരുക്കി കൊടുക്കുവാൻ സാധിച്ചു എന്ന് മാത്രമല്ല, രഘുവേട്ടന്റെ സംഗീതസംവിധാനത്തിൽ ജയചന്ദ്രൻ, ചിത്ര എന്നിവർ ആലപിച്ച ” ഗാനപൂർണിമ” എന്ന ആൽബത്തിലെ ഗാനങ്ങൾ വളരെ പ്രചാരത്തിലാവുകയും, ആൽബം ഗിരീഷിന്റെ ഗാനരചന രംഗത്ത് ഒരു നാഴികക്കല്ലാവുകയും ചെയ്തു എന്ന് പറയുമ്പോൾ അതിൽ ഒട്ടും അതിശയോക്തി ഇല്ല. ” സാഗരതീരം സന്ധ്യാനേരം, ആദ്യം തമ്മിൽ കണ്ടു പിന്നെ അറിയാതെ ഒന്ന് ചിരിച്ചു ” എന്നീ ഗാനങ്ങൾ പ്രണയത്തിന്റെയും, പ്രണയ വിചാരങ്ങളുടെ യും വേറിട്ട ഭാവങ്ങൾ പകർന്നുതന്നവയാണ്.
” ഗാന പൂർണിമ” ഗിരീഷ് പുത്തഞ്ചേരിയുടെ സൃഷ്ടികളിൽ ഒരു പൊൻതൂവൽ ആയിരുന്നു. പിന്നീട് ഗിരീഷുമായി സഹകരിച്ച് നിരവധി ഗാനസൃഷ്ടികൾ അവതരിപ്പിക്കുവാൻ സാധിച്ചത് ഒരു നേട്ടമായി, പുണ്യമായി ഞാൻ കരുതുന്നു.
2000ൽ ഞാൻ BMG യിൽ ജോലി ചെയ്യുമ്പോൾ ദാസേട്ടന് വേണ്ടി ഗിരീഷിന്റെ വരികൾക്കു വിദ്യാസഗർ സംഗീതം നൽകി “തിരുവോണകൈനീട്ടം” എന്ന ശീർഷകത്തിൽ ഓണപ്പാട്ടുകളുടെ ആൽബം റെക്കോർഡ് ചെയ്തു. മനസ്സിൽ മായാതെ നിൽക്കുന്ന, ഗൃഹാതുരത്വം നിറഞ്ഞ വരികൾക്കു വിദ്യാസഗറിന്റെ വളരെ ഉൽകൃഷ്ടമായ, മനോഹരമായ സംഗീതം തിരുവോണകൈനീട്ട ത്തിലെ ഗാനങ്ങളെ അതിവിശിഷ്ടമാക്കി എന്ന് പറയേണ്ടതില്ലല്ലോ.യേശുദാസ്, വിജയ് യേശുദാസ്, സുജാത എന്നിവർ ആലപിച്ച ഗാനങ്ങൾ വളരെ ശ്രേഷ്ഠമായ ഒരു ഓണാകാഴ്ച തന്നെ ആയിരുന്നു എന്നു സംഗീതാസ്വാദകർ സാക്ഷ്യപെടുത്തിയപ്പോൾ, ഗാനഗന്ധർവനോടുള്ള മനസ്സ് കൊണ്ടുള്ള ആരാധന അന്യൂനമായി തുടർന്നു കൊണ്ടേയിരുന്നു.
കോഴിക്കോടൻ യാത്രകളിൽ പലപ്പോഴും ബീച്ചിനടുത്തുള്ള ഒരു റസ്റ്റോറന്റിന്റെ മുന്നിൽ വിജനമായ സ്ഥലത്ത് കാർ പാർക്ക് ചെയ്തു ഞാനും രാഘവേട്ടനും മണിക്കൂറുകളോളം ഗാനങ്ങൾ കേട്ടും ആലപിച്ചും ചെലവഴിക്കുക പതിവായിരുന്നു. മിക്കവാറും ബാബുക്കായുടെ പാട്ടുകൾ തന്നെയായിരിക്കും. കൂടാതെ മെഹ്‌ദി ഹസ്സൻ, ഗുലാം അലി, ജഗ്ജിത് സിംഗ് എന്നീ ഗസൽ രാജാക്കന്മാരുടെ ഗസലുകളും. പ്രണയവും പ്രണയ നൊമ്പരങ്ങളും തന്നെ ആയിരിക്കും മിക്കവാറും ഗസലുകളുടെ പ്രമേയം. ആർത്തിരമ്പി വരുന്ന തിരമാലകളുടെ ആരവത്തിന്റെ പശ്ചാത്തലത്തിൽ, കോഴിക്കോടിന്റെ സൗന്ദര്യവും സംഗീതവും ആസ്വദിച്ച് ചിലവഴിച്ച ആ രാത്രികൾ അവിസ്മരണീയങ്ങളാണ്. നമ്മൾ കോഴിക്കോടിനെ വിട്ടു വന്നാലും കോഴിക്കോട് നമ്മെ വിടുകയില്ല എന്ന് പഴമക്കാർ പറയുന്നത് വളരെ സത്യമാണ്. ഇന്ന് രഘുവേട്ടൻ ജീവിച്ചിരിപ്പില്ല, ഗിരീഷും നമ്മെ വിട്ടു പോയി. പക്ഷേ അവരുടെ എല്ലാം നല്ല ഓർമ്മകൾ ഇന്നും മനസ്സിൽ തളംകെട്ടി നിൽക്കുന്നു. കാലത്തിന് കാത്തുസൂക്ഷിക്കുവാനും, മനസ്സിൽ വച്ച് താലോലിക്കാനും കോഴിക്കോട് സമ്മാനിച്ച ഓർമ്മകൾ നിരവധിയാണ്. ആ നഗരവുമായി
ഒരു പ്രത്യേക അടുപ്പം അല്ലെങ്കിൽ ആത്‍മബന്ധം ഞാൻ വെച്ചു പുലർത്തിയിരുന്നു. പരിചയപ്പെട്ട പ്രതിഭകൾ പലരും കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞു പോയി. എങ്കിലും അവർ നമുക്കൊരുക്കി തന്ന അമൂല്യസൃഷ്ടികൾ ഇന്നും വാടാമലരുകൾ ആയി നമ്മുടെയെല്ലാം മനസ്സിന്റെ മലർവാടിയിൽ പൂത്തുനിൽക്കുന്നു… നിറസൗരഭ്യവുമേകി. ഏറ്റവും പ്രിയപ്പെട്ടവരെ മരണത്തിന്റെ കൈകളിലേക്കു വിട്ടു കൊടുക്കേണ്ടി വന്നതിലുള്ള ദുഃഖം ആ നഗരത്തിൽ ഇപ്പോഴും അലയടിച്ചു കൊണ്ടേയിരിക്കും എന്ന് ഞാൻ കരുതുന്നു. ബാബുക്കയുടെ ഗാനങ്ങളിലെ നറുനൊമ്പരങ്ങൾ പോലെ… കല്ലായിപ്പുഴയിലെ ഓളങ്ങൾ പോലെ…
HMV സരിഗമ യിൽ തുടങ്ങി നീണ്ട മൂന്ന് പതിറ്റാണ്ടോളാം മ്യൂസിക് ഇൻഡസ്ട്രിയിൽ വളരെ സജീവമായിരുന്നു K. K. Menon. ABCL ജനറൽ മാനേജർ ആയിരുന്ന മേനോൻ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങളും ചെറുകഥകളും online ൽ പ്രസിദ്ധീകരിച്ചിട്ടുള്ള K. K. Menon, ഇന്ത്രനീലം എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.