കർണ്ണാടകയിലെ കോൺഗ്രസ്സിൻ്റെ വിജയം ഒരു പ്രത്യേക ഘടകത്തെ മാത്രം ആശ്രയിച്ചുണ്ടായതല്ല. ഒരു സർക്കാരിനെതിരെ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചണിനിരന്നപ്പോൾ സ്വാഭാവികമായി സംഭവിച്ചതാണ്.
സമസ്ത മേഖലയിലും അഴിമതി നിറഞ്ഞ ഒരു ഭരണകൂടവും , നയിക്കാൻ ശേഷിയില്ലാത്ത ഒരു മുഖ്യമന്ത്രിയും ഒത്തുചേർന്നപ്പോൾ ദക്ഷിണേന്ത്യയിലെ ഏക ഹിന്ദുത്വ സർക്കാരിന് തിരശീല വീണു. 40 ശതമാനം കമ്മിഷൻ സർക്കാരെന്ന കോൺഗ്രസിൻ്റെ പ്രചരണം ചെറുതായിട്ടൊന്നുമല്ല ബി ജെ പി യെ തകർത്തത്. Paytm എന്നതിനെ Paycm എന്നാക്കിയുള്ള കോൺഗ്രസ്സ് പ്രചരണത്തെ പ്രതിരോധിക്കാൻ ഒരു ഘട്ടത്തിലും
ബിജെപിക്ക് കഴിഞ്ഞിട്ടില്ല.
രണ്ടും മൂന്നും വിഭാഗങ്ങളായി സംസ്ഥാന കോൺഗ്രസ്സ് വിഘടിച്ചുനിൽക്കുമ്പോഴും അത് പുറത്തുകാണിക്കാതെ , തെരഞ്ഞെടുപ്പിൽ ജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായ് ഒരുമിച്ച് നിൽക്കാൻ കഴിഞ്ഞതും കോൺഗ്രസിൻ്റെ വിജയത്തിന് പിന്നിലുണ്ട്.
എല്ലാ ഭരണകൂടവിരുദ്ധ വികാരത്തേയും അഴിമതിയേയും , മുസ്ലീം വിരോധം പറഞ്ഞ് മറികടക്കാമെന്നാണ് ബി ജെ പി കരുതിയത്. മുസ്ളീങ്ങളെ അധിക്ഷേപിക്കാനും വിദ്വേഷം പരത്താനുമാണ് ഹിന്ദുത്വവാദികൾ പ്രചരണ സമയം കൂടുതലും ചെലവഴിച്ചത്. മുസ്ളീങ്ങളുടെ 4 ശതമാനം സംവരണം ഒരു കാരണവുമില്ലാതെ എടുത്തുകളഞ്ഞു. ഏറ്റവും സമ്പന്നരും അധികാരം കയ്യാളുന്നവരുമായ ലിംഗായത്തുകൾക്കും വൊക്കലിംഗർക്കുമായി അത് വീതിച്ചുനൽകി. പക്ഷെ അത് വോട്ടായി മാറിയില്ലായെന്നത് ഒരു കാവ്യനീതിയായിരിക്കാം.കർണ്ണാടക തെരഞ്ഞെടുപ്പുകളിൽ എക്കാലത്തും വലിയ സ്വാധീനമുണ്ടാക്കുന്ന ഘടകമാണ് ജാതി. പക്ഷെ ഈ തെരഞ്ഞെടുപ്പിൽ എല്ലാ ജാതികളും ബി ജെ പി യ്ക്കെതിരായി എന്നതാണ് ഏറെ കൗതുകകരം.
പതിനേഴ് ശതമാനമുള്ള ലിംഗായത്തുകളെയും പതിമൂന്ന് ശതമാനമുള്ള വൊക്കലിംഗരെയും കേന്ദ്രീകരിച്ചാണ് കർണ്ണാടക രാഷ്ട്രീയം പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്. 20 ശതമാനമുള്ള ദലിതരോ 13 ശതമാനം തന്നെയുള്ള മുസ്ളീങ്ങളോ കർണ്ണാടക രാഷ്ട്രീയം ചലിപ്പിക്കുന്ന തരത്തിലേക്ക് ചർച്ച വികസിക്കാറില്ല. സാമൂഹ്യ രാഷ്ട്രീയത്തിൽ ലിംഗായത്തുകൾക്കും വൊക്കലിംഗർക്കുമുള്ള പ്രിവിലേജ് ദലിതർക്കും മുസ്ലീങ്ങൾക്കും ഇല്ലാത്തതാണ് കാരണം.
കർണ്ണാടകയിലെ ആറിൽ അഞ്ചു മേഖലയിലും വ്യക്തമായ സ്വാധീനമുറപ്പിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞിട്ടുണ്ട്. മുംബൈ കർണ്ണാടക മേഖലയിലും മധ്യ കർണ്ണാടകയിലും ലിംഗായത്തുകൾ വലിയ രീതിയിൽ കോൺഗ്രസ്സിനെ പിൻതുണച്ചപ്പോൾ ഹൈദ്രാബാദ് കർണ്ണാടകയിൽ പിന്നോക്ക – ദലിത് വിഭാഗങ്ങളെ കോൺഗ്രസ്സിനോട് ചേർത്തു നിർത്താൻ മല്ലികാർജുൻ ഖാർഗെയ്ക്കായി. ഒരു പക്ഷെ ഈ തെരഞ്ഞെടുപ്പിൽ പ്രായാധിക്യം വകവയ്ക്കാതെ സംസ്ഥാനത്തുടനീളം ഓടിനടന്ന നേതാവും അദ്ദേഹമായിരിക്കാം. കോൺഗ്രസ്സ് പ്രസിഡൻറായി അവരോധിക്കപ്പെട്ട ദലിതനെന്ന നിലയിൽ , മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ദലിതരെ വലിയ രീതിയിൽ കോൺഗ്രസ്സിനോട് അടുപ്പിക്കുന്നതിൽ ഖാർഗെ വിജയിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങളെ വിഘടിപ്പിച്ച് ഉപസംവരണം ഏർപ്പെടുത്താനുള്ള നീക്കം ബി ജെ പി സർക്കാരിന് വലിയ വിനയാണുണ്ടാക്കിയത്.
പട്ടിക വിഭാഗങ്ങൾക്കിടയിൽ നിന്നും ഒരു സമുദായവും ആവശ്യപ്പെടാത്ത കാര്യമാണ് ഉപസംവരണം. വളരെ പിന്നോക്കം നിൽക്കുന്ന ബഞ്ചാര പോലുള്ള സമുദായങ്ങൾ ഇതിനെതിരെ തെരുവിലിറങ്ങിയതും , ഉപസംവരണത്തെ ഒരു പട്ടികവിഭാഗ സംഘടനകളും അനുകൂലിക്കാത്തതും ഹിന്ദുത്വശക്തികൾക്ക് വിനയായി. 2018 ലെ തെരഞ്ഞെടുപ്പിൽ ബി എസ് പി ഉണ്ടാക്കിയ പട്ടികവിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തെ വളർത്താൻ അവർക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല , നിലനിർത്താൻപോലും കഴിയാത്തതും കോൺഗ്രസ്സിന് ഗുണകരമായിമാറി. മല്ലികാർജുൻ ഖാർഗെയുടെ ദലിത് മുഖം കർണ്ണാടകയിലെ 20 ശതമാനം ദലിത് വോട്ട് ബാങ്കിനെ കോൺഗ്രസ്സിനോട് അടുപ്പിച്ചുവെന്നതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ അഞ്ചുവർഷക്കാലം ന്യൂനപക്ഷങ്ങൾ ഭീതിയുടെ നിഴലിലാണ് കർണ്ണാടകയിൽ ജീവിച്ചത്. വ്യത്യസ്ഥ ക്രൈസ്തവ സഭകളുടെ ധാരാളം പള്ളികൾ കർണ്ണാടകയിലുടനീളം തകർക്കപ്പെട്ടു. 300 രൂപക്ക് കർത്താവിനേയും വിശ്വാസത്തേയും ഒറ്റുകൊടുക്കാൻ കേരളത്തിലെ കത്തോലിക്ക സഭയിലെ യൂദാസുകൾ തയ്യാറായപ്പോൾ ,
ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയെപ്പോലുള്ളവർ ഭരണഘടന അനുവദിച്ചുനൽകിയ വിശ്വാസമെന്ന സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകിട്ടാൻ തെരുവിൽ സമരത്തിലായിരുന്നു. വലിയ വോട്ടു ബാങ്കൊന്നുമല്ലെങ്കിലും അവരും തന്നാലാവത് ചെയ്തു.
കർണ്ണാടകയിലെ മുസ്ളീങ്ങൾ അപരവത്കരിക്കപ്പെട്ട അഞ്ചു വർഷങ്ങളാണ് കടന്നുപോയത്. ഹിജാബിൻ്റെയും ഹലാലിൻ്റെയും പേരിൽ നടന്ന വിദ്വേഷ പ്രചരണത്തിനവർ ഇരകളായി. ആയിരക്കണക്കിന് കുട്ടികൾക്ക് അവരുടെ സ്കൂൾ ദിനങ്ങൾ നഷ്ടമായി. മുസ്ളീം കച്ചവടക്കാരുടെ സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങരുതെന്ന് മന്ത്രിമാർപോലും പരസ്യമായി പറഞ്ഞ് വിദ്വേഷം പരത്തി. പതിറ്റാണ്ടുകളായി അവർ അനുഭവിച്ചവരുന്ന നാലു ശതമാനം സംവരണത്തെ എടുത്തുമാറ്റി.
ഈ രീതിയിൽ ന്യൂനപക്ഷ സമൂഹങ്ങളെ ഉപദ്രവിക്കുകയെന്നത് ഒരു ജനാധിപത്യ സർക്കാരിൻ്റെ പദ്ധതിയായിതന്നെ മാറി.
അപരവത്കരിക്കപ്പെട്ട ആ സമൂഹത്തിൻ്റെ വിവേകപൂർവ്വമായ സമ്മതിദാനംകൂടി ചേർന്നതാണ് കോൺഗ്രസ്സിൻ്റെ തിളക്കമാർന്ന വിജയം. കർണ്ണാടകയിലെ ഏറ്റവും വലിയ മേഖലയായ ഓൾഡ് മൈസൂരുവിലെ തെരഞ്ഞെടുപ്പു ഫലം അത് തെളിയിക്കുന്നുണ്ട്. ദേവഗൗഡയും മകൻ കുമാരസ്വാമിയും നയിക്കുന്ന ജെ ഡി എസ് ആണ് മേഖലയിലെ വലിയ പാർട്ടി. വൊക്കലിംഗരും മുസ്ളീങ്ങളും ദലിതരുമാണ് അവരുടെ അടിത്തറ. രാഷ്ട്രീയ നിലപാടിൽ വിശ്വാസ്യതയില്ലാത്തവരാണെന്നത് ജെ ഡി എസിന് കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതിന് ഇടയാക്കി. കോൺഗ്രസ്സിനോടോ ബി ജെ പി യോടോ ചേർന്ന് ഭരിക്കാൻ അവർക്ക് ഒരു പ്രത്യയശാസ്ത്ര പ്രശ്നങ്ങളും തടസ്സമില്ല. നിലപാടില്ലായ്മയെ നിലപാടാക്കിയ സോഷ്യലിസ്റ്റ് വായാടികൾ. പതിറ്റാണ്ടുകളായി ഗൗഡ കുടുംബം സ്വകാര്യ സ്വത്തായി കൊണ്ടു നടക്കുന്ന ഓൾഡ് മൈസൂരുവിലേക്ക് അതേ വൊക്കലിംഗ സമുദായക്കാരനായ ഡി കെ ശിവകുമാർ കടന്നുകയറി ആധിപത്യം സ്ഥാപിച്ചതാണ് ഈ തെരഞ്ഞെടുപ്പിൽ നടന്ന ഏറ്റവും വലിയ പൊളിറ്റിക്കൽ ട്വിസ്റ്റ്. ജെ ഡി എസിനെക്കാൾ വിശ്വസിക്കാൻ കൊള്ളാവുന്നവർ കോൺഗ്രസ്സാണെന്ന് കരുതിയ മുസ്ളീങ്ങൾ വലിയ രീതിയിൽ കോൺഗ്രസ്സിന് വോട്ടുചെയ്തു. ഒപ്പം വൊക്കലിംഗരും ദലിത് – പിന്നോക്കരും കൂടി ചേർന്നപ്പോൾ ശക്തിദുർഗ്ഗത്തിൽ കോൺഗ്രസ്സിൻ്റെ പകുതി എണ്ണത്തിൽ താഴെയായി ജെ ഡി എസ് ചുരുങ്ങി.
അഞ്ചു വർഷക്കാലത്തെ ബി ജെ പി ഭരണം ദലിത് – ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല , ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെന്നാഗ്രഹിക്കുന്ന സകല മനുഷ്യർക്കും സൃഷ്ടിച്ച അസ്വസ്ഥത ചെറുതല്ല.
ദലിത് ചിന്തകനും എഴുത്തുകാരനും ഹിന്ദുത്വ രാഷട്രീയ വിമർശകനുമായ ദേവനൂർ മഹാദേവയുടെ നേതൃത്വത്തിലുണ്ടായ ‘ ഉണരൂ കർണ്ണാടക ‘ അതുപോലെ പുരോഗമന ചിന്താഗതിക്കാർ നേതൃത്വം നൽകിയ ‘ ബഹുസ്വര കർണ്ണാടക ‘ തുടങ്ങിയ കൂട്ടായ്മകൾ നടത്തിയ നിശബ്ദ പ്രചരണം ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ പതനത്തിന് ആക്കംകൂട്ടി. 2018 ൽ ചെറിയ വോട്ടു വ്യത്യാസത്തിൽ ബി ജെ പി വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്ത അഞ്ച് ഡസനോളം മണ്ഡലങ്ങളിൽ അവർ വീടുവിടാന്തരം കയറിയിറങ്ങി. കോൺഗ്രസിനോ ജെ ഡി എസിനോ വേണ്ടി വോട്ടു ചോദിച്ചില്ല. പക്ഷെ
ബി ജെ പി യ്ക്കെതിരെ വസ്തുതകൾ നിരത്തി, ലഘുലേഖകൾ വിതരണം ചെയ്ത് പ്രചരണം നടത്തി. അത് ഗുണം ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നു.
ബി ജെ പി യെ കൈവിടാത്ത ഒരേയൊരു മേഖല തീരദേശ കർണ്ണാടകയെന്ന ദക്ഷിണ കർണ്ണാടകയാണ്. പത്തൊൻപത് സീറ്റിൽ പതിമൂന്നിലും ബി ജെ പി വിജയിച്ചു. കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റ് ആറാക്കി ഉയർത്താൻ കോൺഗ്രസ്സിന് കഴിഞ്ഞുവെങ്കിലും ബി ജെ പി അവിടെ ആധിപത്യം നിലനിർത്തി. ദക്ഷിണ കർണ്ണാടക പതിറ്റാണ്ടുകളായി ഹിന്ദുത്വ വാദികളുടെ വിളനിലമാണ്. 1951 ൽ ശ്യാമപ്രസാദ് മുഖർജി ജനസംഘം രൂപീകരിക്കുന്നതിനും മുമ്പേ ദക്ഷിണ കർണ്ണാടകയുടെ തലസ്ഥാനമായ ഉഡുപ്പി മുൻസിപ്പാലിറ്റി ഹിന്ദുത്വവാദികളുടേതാണ്. 1948 മുതൽ അവരാണ് അവിടെ ഭരിക്കുന്നത്. സവർണ്ണ ജാത്യാധികാരത്തിൻ്റെയും ഹുങ്കിൻ്റെയും പ്രദേശം. ദലിതർക്ക് പരിസരങ്ങളിൽപോലും പോകാൻ കഴിയാത്ത ധാരാളം സനാതന മഠങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശം. കുറച്ച് വർഷം മുമ്പ് നിരോധിക്കുന്നതുവരെ ബ്രാഹ്മണർ ഭക്ഷണം കഴിച്ച എച്ചിലയിൽ ദലിതർ ഉരുളുന്ന മഡേസ്നാനയെ ആഘോഷിച്ചിരുന്നവരാണ് ദക്ഷിണ കന്നടക്കാർ. അങ്ങനെ ചെയ്യുന്നത് പുണ്യമാണെന്ന് വിശ്വസിക്കുന്ന മനുഷ്യരാണ് ഇവിടുള്ളവർ. അവിടെപ്പിന്നെ ബി ജെ പി അല്ലാതെ വേറാര് ജയിക്കും ?
അഞ്ചു വർഷക്കാലത്തിനിടയിൽ നൂറിലധികം വർഗ്ഗീയ കലാപങ്ങളാണ് ദക്ഷിണ കർണ്ണാടകയിൽ സംഘപരിവാർ ഉണ്ടാക്കിയത്. ഇങ്ങനെ ഭിന്നിപ്പിച്ചാലെ വിജയിക്കാനാവൂവെന്ന് ബി ജെ പിക്ക് നന്നായി അറിയാം.
2024 ലെ ഫൈനലിന് മുമ്പുള്ള ഒരു നല്ല തുടക്കമാണ് കർണ്ണാടകയിലേത്.
മതേതര – ജനാധിപത്യശക്തികളെ ഒരു ചേരിയിലെത്തിക്കുന്ന കാര്യത്തിൽ കർണ്ണാടക , കോൺഗ്രസ്സിനൊരു തുടക്കമാവണം. പരമാവധി പാർട്ടികളെ മതേതര ചേരിയിൽ കൊണ്ടുവരുന്നതിന് ഈ ഫലം വഴിയൊരുക്കും. ലോകസഭ തെരഞ്ഞെടുപ്പ് കർണ്ണാടകയിൽ ഈ രീതിയിൽ ആകണമെന്നില്ല. ഈ രാഷ്ട്രീയ സാഹചര്യം നിലനിൽക്കണമെന്നുമില്ല. ജെ ഡി എസിനെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തി ഈ ചേരിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ്സ് തയ്യാറാവണം.
ഭിന്നിപ്പ് നഷ്ടമല്ലാതെ വേറൊന്നുമുണ്ടാക്കില്ല.