ലാഹോര്‍: മുന്‍പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അറസ്റ്റിനു പിന്നാലെ പാക്കിസ്ഥാനിൽ വൻ പ്രതിഷേധം. വിവിധ ഇടങ്ങളില്‍ പോലീസും പിടിഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്കും പ്രതിഷേധക്കാർ കടന്നുകയറി. പ്രധാന കവാടംവഴി അകത്തുകടന്ന പ്രതിഷേധക്കാർ കല്ലേറ് നടത്തി. ലഹോറിലെ സൈനിക കമാൻഡർമാരുടെ വീടിന്റെ കോംപൗണ്ടിലേക്കും ഇവർ കടന്നുകയറിയെന്ന് വിവിധ പാക്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
കറാച്ചിയില്‍ പ്രതിഷേധക്കാര്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. എയര്‍ഫോഴ്സ് മെമ്മോറിയലും പ്രതിഷേധക്കാര്‍ തകര്‍ത്തിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ലഹോർ, പെഷാവർ, കറാച്ചി, ഗിൽജിത്, കാരക് തുടങ്ങിയ മേഖലകളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ലഹോറിലെ കോർ കമാൻഡറുടെ വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ വീട് തല്ലിതകർത്തു. ഇസ്‌ലാമാബാദിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കേ വിദേശത്ത് നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിറ്റ് നികുതി വെട്ടിച്ചെന്ന കേസിലാണ് അറസ്റ്റെന്നും സൂചനയുണ്ട്.ഈ കേസുകളിൽ നിരവധി തവണ ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടിട്ടും ഇമ്രാൻ ഹാജരായിരുന്നില്ല.
അറസ്റ്റിൽ പ്രതിഷേധിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐ (പാക്കിസ്ഥാന് തെഹ് രികി ഇന്‍സാഫ് പാര്‍ട്ടി) അണികളോട് ആഹ്വാനം ചെയ്തു. ഇസ്ലാമാബദില്‍ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
















