ബിജു ഗോവിന്ദ്
bijugovind539@gmail.com
ഹിന്ദുത്വ അജണ്ടയുടെ പ്രായോഗികവത്ക്കരണമാണ് മണിപ്പൂരിലെ ഗോത്രവർഗ്ഗ മേഖലയിൽ നടപ്പാക്കപ്പെടുന്നത്. സംവരണ വിഷയത്തിൻ്റെ പേരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനമെന്നൊക്കെ വ്യാഖ്യാനിച്ച് ലഘൂകരിക്കാൻ ഹിന്ദുത്വ വാദികളും അവരെ തൂങ്ങിനിൽക്കുന്ന ചില വരേണ്യ ക്രൈസ്തവ സംഘടനകളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പക്ഷെ യാഥാർത്ഥ്യം അവിടെ ഒതുങ്ങുന്നില്ല.
മണിപ്പൂരിൻ്റെ തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടുന്ന താഴ്വര പ്രദേശത്ത് താമസിക്കുന്ന ഭൂരിപക്ഷ ഹിന്ദു സമൂഹമായ മെയ്തേയികൾ , സംസ്ഥാനത്തെ ഹിന്ദുത്വ വാദി സർക്കാരിൻ്റെ പിൻബലത്തിൽ ക്രിസ്തുമത വിശ്വാസികളായ നാഗ, കൂകി തുടങ്ങി ഗോത്രവർഗ്ഗ ജനതയ്ക്കെതിരെ നടത്തുന്ന ആസൂത്രിത കലാപമാണത്. അതിന് സംവരണ പ്രശ്നം ഒരു കാരണം ആയതോ ആക്കിയതോ ആണ്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ ആദിവാസികളുടെ ആവാസവ്യവസ്ഥ പ്രത്യേകമായ അടയാളപ്പെടുത്തിയതാണ് മണിപൂരിലെ ഭൂഘടന. ജമ്മു കാശ്മീരിൽ 370 -ാം വകുപ്പിലൂടെ കാശ്മീരികൾക്ക് നൽകിയിരുന്ന പരിരക്ഷപോലെയാണ് ആഭിവാസികൾക്ക് അവരുടെ ആവാസവ്യവസ്ഥയിൽ അനുവദിച്ച ഭരണഘടന പരിരക്ഷ.
താഴ് വര ഒഴിച്ചുള്ള പർവ്വത മേഖലകളിൽ താമസിക്കുന്നവരാണ് ബഹുഭൂരിപക്ഷം നാഗ, കൂകി ആദിവാസി ഗോത്രങ്ങൾ. മറ്റു വിഭാഗക്കൾക്ക് അവിടെ ഭൂമി സ്വന്തമാക്കാൻ നിലവിലെ നിയമം അനുവദിക്കുന്നില്ല. ആ നിയമ പരിരക്ഷയെ അട്ടിമറിക്കാനും ആദിവാസി ഭൂമി മണിപ്പൂരിലെ പ്രിവിലേജ്ഡ് ജനവിഭാഗങ്ങൾക്ക് കയ്യേറാൻ കഴിയുന്ന തരത്തിലുമാണ് നോർത്ത് ഈസ്റ്റ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.
സ്വന്തം ഭൂമിയും ഭരണഘടന പരിരക്ഷയും നഷ്ടപ്പെടുന്നിടത്ത് സ്വാഭാവികമായും അതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകും. ആ പ്രതിഷേധത്തെ അടിച്ചമർത്താൻ ഭരണകൂടത്തിൻ്റെ സഹായത്തോടെ, മെയ്തേയ് വിഭാഗം നടത്തിയ കലാപത്തിന് പിറകിൽ യഥാർത്ഥത്തിൽ ഹിന്ദുത്വ വാദികളാണ്.
ഇംഫാലിൻ്റെ താഴ് വരമേഖലയിൽ ജീവിക്കുന്ന മെയ്തേയികളാണ് മണിപ്പൂരിൻ്റെ ഭരണവും അധികാരവും കയ്യാളുന്നവർ. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്ന ജനവിഭാഗം. സോഷ്യൽ പ്രിവിലേജിൻ്റെ പിൻബലത്തിൽ അധികാര നേതൃത്വം കയ്യിലാക്കിയവർ.
സംവരണം അട്ടിമറിക്കുക എന്നതിന് ഇന്ത്യയിലെ വരേണ്യവാദികൾ ആധുനിക കാലത്ത് കണ്ടെത്തിയ തന്ത്രമാണ് തങ്ങൾക്കും സംവരണം ആവശ്യപ്പെടുകയെന്നത്. ഇന്ത്യയിലെ വലിയൊരു സമ്പന്ന വിഭാഗമായ ഗുജറാത്തിലെ പട്ടേലുകൾ ഹാർദ്ദിക് പട്ടേലിൻ്റെ നേതൃത്വത്തിൽ ഒ ബി സി സംവരണം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത് സമുദായ സംവരണത്തെ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. അതുപോലെ ഹിന്ദുത്വ സർക്കാരിൻ്റെ പിന്തുണയോടെ മണിപ്പൂരിലെ ആദിവാസി വിഭാഗത്തിൻ്റെ അവകാശങ്ങൾ കവർന്നെടുക്കാനും അവരുടെ മണ്ണ് പിടിചെടുക്കാനുമുള്ള ഗൂഢശ്രമാണ് പട്ടികവർഗ്ഗ സ്റ്റാറ്റസ് ആവശ്യപ്പെട്ടുകൊണ്ടുള്ള മെയ്തേയികളുടെ സമരം. ഇന്ത്യയിൽ ഏതെങ്കിലും സംവരണ നിർണ്ണയ കമ്മിഷൻ ഒരിക്കൽപോലും ആദിവാസി സ്റ്റാറ്റസ് ശുപാർശ ചെയ്യാത്ത വിഭാഗമാണ് മെയ്തേയികൾ.
മണിപ്പൂരിൽ 9 ശതമാനത്തിന് താഴെ മാത്രം ജനസംഖ്യയുള്ള മുസ്ളീങ്ങളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച് സംഘപരിവാർ പ്രചരിപ്പിച്ച രാഷ്ട്രീയ തന്ത്രത്തിന് മണിപ്പൂരിലെ ആലഞ്ചേരിമാരും മാംപ്ലാനിമാരും പച്ചകൊടി കാട്ടിയപ്പോഴാണ് , 2017 ൽ താഴ് വരയിൽ 22 സീറ്റുണ്ടായിരുന്ന ബി ജെ പി 2022 ൽ ഗോത്രവർഗ്ഗ മേഖലയിൽകൂടി കടന്നുകയറി 36 സീറ്റ് നേടി കേവല ഭൂരിപക്ഷം മറികടന്നത്. അതിൻ്റെ പ്രതിഫലനമാണ് 90 ശതമാനവും ക്രൈസ്തവ വിശ്വാസികളായ ഗോത്രവർഗ്ഗ ജനത ഇന്നനുഭവിക്കുന്നത്. വ്യാപകമായി ആക്രമിക്കപ്പെടുന്നത് പള്ളികൾ അടക്കമുള്ള ക്രൈസ്തവ ആരാധാനാലയങ്ങളാണ്. അതിൻ്റെ അർത്ഥം മതവിദ്വോഷമാണ് കലാപത്തിന് പിന്നിലെന്ന് വ്യക്തം.
സംഘപരിവാറിൻ്റെ രാഷ്ട്രീയം കേവലം തെരഞ്ഞെടുപ്പിൻ്റെതു മാത്രമല്ല. അതൊരു ‘ സാംസ്കാരിക ശുദ്ധി ‘ വരുത്തൽ കൂടിയാണ്.
സവർണ്ണ ഹിന്ദു ദേശീയതയ്ക്ക് വിരുദ്ധമായൊന്നും അവർക്ക് യോജിക്കാൻ കഴിയുന്നതല്ല. മുസ്ളീമായാലും ക്രിസ്ത്യാനിയായാലും ദലിതരായാലും ആദിവാസിയായാലും മറ്റു വൈവിധ്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരായാലും അവരുടെ പാരമ്പര്യത്തിൽ ഊന്നിനിന്നുള്ള അതിജീവനം സംഘപരിവാറിൻ്റെ ദേശീയതയ്ക്ക് പുറത്താണ്. അവരെ സംബന്ധിച്ചത് സാംസ്കാരിക കലർപ്പുകളാണ്. തുടച്ചുനീക്കപ്പെടേണ്ടതും. ഈസ്റ്ററിന് അപ്പവും ആട്ടിറച്ചിയും വച്ചുവിളമ്പി സൽക്കരിച്ചവർക്ക് ഇത് ബോധ്യപ്പെടുന്ന കാലം വിദൂരമല്ല.