ഇസ്ലാമാബാദ്: കുപ്രസിദ്ധ ഭീകരനും ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ്(കെസിഎഫ്) തലവനുമായ പരംജിത് സിംഗ് പഞ്ജ്വാർ(മാലിക് സർദാർ സിംഗ്) പാക്കിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ടു. ലാഹോറില്‍വെച്ച് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റായിരുന്നു മരണം. ശനിയാഴ്ച രാവിലെയാണ് സംഭവം.
പ്രഭാതസവാരി നടത്തുന്ന വേളയിൽ ലാഹോറിലെ തെരുവിൽ വച്ചാണ് പഞ്ജ്വാർ ആക്രമിക്കപ്പെട്ടത്. മാസ്ക് ധരിച്ചെത്തിയ രണ്ടംഗ അക്രമിസംഘം പഞ്ജ്വാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. പാക്കിസ്ഥാൻ സർക്കാർ പഞ്ജ്വാറിന് അനുവദിച്ച ഗൺമാൻ അക്രമികളിലൊരാൾക്ക് നേരെ വെടിയുതിർത്തതായി അധികൃതർ അറിയിച്ചു.
സിഖ് കലാപം, കൊലപാതകം, മയക്കുമരുന്ന്, ആയുധക്കടുത്ത് എന്നീ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ് 59-കാരനായ പരംജിത് സിങ് പഞ്ച്വാര്. കേന്ദ്ര സഹകരണ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ 1986-ലാണ് ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്സില്‍ ചേരുന്നത്.
യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി പഞ്ജ്വാറിനെതിരെ ഇന്ത്യ നടപടികൾ ശക്തമാക്കിയപ്പോൾ ഇയാൾ പാക്കിസ്ഥാനിലേക്ക് കൂടുമാറുകയായിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ജ്വാർ, റേഡിയോ പാക്കിസ്ഥാൻ വഴി ഇന്ത്യാവിരുദ്ധ സന്ദേശങ്ങൾ സ്ഥിരമായി പുറത്തുവിട്ടിരുന്നു.
1990-കളില്‍ ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്സിന്റെ ചുമതല ഏറ്റെടുത്ത പഞ്ച്വാര് തന്റെ കുടുംബം ജര്‍മനിയിലേക്ക് മാറിയതിന് ശേഷം ലാഹോറില്‍ താമസിച്ചു വരികയായിരുന്നു. പഞ്ചാബില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടുത്തുന്നതില്‍ കുപ്രസിദ്ധനായിരുന്നു ഇയാള്‍. മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണ് പഞ്ച്വാറിന്റെ കൊലപാതകത്തിന് പിന്നിലെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്.
















