ജനീവ: കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യസംഘടന. ലോകത്തെ ഭീതിയിലാഴ്ത്തിയ വൈറസിനെതിരെ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ മൂന്നു വർഷത്തിനു ശേഷമാണ് പിൻവലിക്കുന്നത്.
ലോകത്ത് നിലവില്‍ ഗുരുതര സാഹചര്യം നിലനിൽക്കുന്നില്ലെന്ന് കണ്ടാണ് നടപടി. എന്നാൽ രോഗം പൂർണമായി മാറിയെന്ന് ഇതിന് അർത്ഥമില്ലെന്ന് ലോകാരോഗ്യ സംഘടന ഓർമിപ്പിച്ചു.
2020 ജനുവരിയിലാണ് ലോകാരോഗ്യ സംഘടന ആദ്യമായി കോവിഡിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആറ് മില്യൺ ആളുകളാണ് കോവിഡിനെ തുടർന്ന് മരിച്ചതെന്നാണ് ഏകദേശ കണക്കെന്ന് ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു. ആയിരക്കണക്കിനാളുകൾ കോവിഡ് മൂലം ഇപ്പോഴും മരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഒരു വര്‍ഷത്തിലധികമായി ലോകത്ത് പൊതുവില്‍ കോവിഡ് ബാധയുടെ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനംമൂലവും വാക്‌സിനേഷന്‍മൂലവും ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിക്കുകയും മരണനിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. ഇത് ആരോഗ്യ മേഖലയ്ക്കു മേലുള്ള സമ്മര്‍ദം കുറച്ചിട്ടുണ്ട്. ഈ പ്രവണത ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ സാധാരണ ജീവിതം തിരികെ കൊണ്ടുവരുന്നതിന് വഴിയൊരുക്കി. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നത്..
അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന രേഖപ്പെടുത്തി. 3,962 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് 36,244 സജീവ രോഗികളാണുള്ളത്.
















