ബിജു ഗോവിന്ദ്
മനുഷ്യരുടെ പ്രണയത്തിന് അവരുടെ ഉല്പത്തിയോളം പഴക്കമുണ്ട്. ആദിമ മനുഷ്യർ പ്രണയിച്ചപ്പോഴാണല്ലോ തലമുറകൾ ഉണ്ടായിവന്നത്. പിൽക്കാലത്ത് മനുഷ്യർ ഗോത്രങ്ങളിലേക്ക് ചുരുങ്ങിയപ്പോൾ പങ്കാളികൾ ഗോത്രങ്ങളിൽക്കുള്ളിൽ നിന്നും മാത്രമായി തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ എല്ലാക്കാലത്തും എല്ലാ അതിർവരമ്പുകളെയും ഭേദിച്ചുകൊണ്ട് പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്ത ധാരാളം മനുഷ്യരുണ്ടായിട്ടുണ്ട്. ജാതിയും മതവും സമ്പത്തുമടക്കം ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി പ്രണയിക്കുന്നവരുമുണ്ട്. പക്ഷെ പ്രണയം ഒരു കുറ്റമെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നതാണ് വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളുടെ പ്രത്യേകത. ജാതി , മത ഉപാധികൾക്കതീതമായ പ്രണയം ഇന്ത്യയിൽ ഇന്നൊരു കുറ്റമായി മാറുന്നു. വംശീയതയെ രാഷ്ട്രീയ ആയുധമാക്കുന്നവർക്ക് പ്രണയം ഒരു ടൂളായി മാറുന്നു.
ഇന്ത്യയിൽ വലിയ രീതിയിൽ ചർച്ചപ്പെടുന്ന ലൗ ജിഹാദ് എന്ന പ്രൊപ്പഗണ്ട ആസൂത്രിതമായി ഫാസിസ്റ്റ് രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയാണ്. മുസ്ളീങ്ങളെ ശത്രുസ്ഥാനത്ത് നിർത്തിയുള്ള അപരരാഷ്ട്രീയമാണ് ഇതിന് പുറകിൽ. ഡോ: അംബേദ്കർ പറഞ്ഞപോലെ മറുപക്ഷത്തൊരു ശത്രുവിനെ സ്ഥാപിക്കാതെ ഹിന്ദുത്വയെന്ന വംശീയ രാഷ്ട്രീയത്തിന് നിലനിൽക്കാനാകില്ല. 1940 കാലഘട്ടത്തിൽ ജർമ്മനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസികൾ ജൂതർക്കെതിരെ നടത്തിയ വെറുപ്പിൻ്റെ പ്രചരണ തന്ത്രമാണ് ഹിന്ദുത്വവാദികൾ ഇന്ത്യയിൽ ഇന്ന് പ്രയോഗിക്കുന്നത്. വെളുത്ത് മെലിഞ്ഞ് ഉയരമുള്ള, ആകർഷകമായ പൂച്ചക്കണ്ണുകളുള്ള ജൂതയുവാക്കൾ നാസി പെൺകുട്ടികളെ പ്രണയിച്ച് വശീകരിച്ച് നാസികളുടെ രക്തശുദ്ധിക്ക് കളങ്കം ഉണ്ടാക്കുന്നുവെന്നുമായിരുന്നു അവർ നടത്തിയ പ്രചണ്ഡ പ്രചരണം. അക്കാലത്തെ നവ മാധ്യമങ്ങളായ റേഡിയോയും സിനിമയുമൊക്കെ ഇതിനായി ഹിറ്റ്ലറുടെ സർക്കാരും പാർട്ടിയും ഉപയോഗിച്ചിരുന്നു. ജൂതർക്കെതിരായ വിദ്വേഷം നാസി ജനതയുടെ പൊതുബോധമാക്കുകയെന്നതായിരുന്നു ലക്ഷ്യം. നിരന്തരമായ നുണപ്രചരണങ്ങളിലൂടെ ഇതേ തന്ത്രമാണ് ഹിന്ദുത്വവാദികൾ മുസ്ലീങ്ങൾക്കെതിരെ വർത്തമാനകാല ഇന്ത്യയിൽ നടപ്പാക്കുന്നത്.
പ്രണയത്തിന് എക്കാലത്തും ആണധികാരത്തിൻ്റെ സ്വഭാവമുണ്ട്. പുരുഷൻ്റെ ഒരു മേധാവിത്തം അതിൻ്റെ എല്ലാ തലങ്ങളിലും നിറഞ്ഞു നിൽക്കുന്നതുകാണാം. അതു കൊണ്ടുതന്നെ പ്രണയം വിവാഹങ്ങളിലേക്ക് മാറുമ്പോൾ പുരുഷനനുകൂലമായ സാഹചര്യങ്ങളിലേക്കാണ് മാറുന്നത്. പെണ്ണ് ആണിൻ്റെ സാംസ്കാരിക മൂലധനം പിൻപറ്റാൻ നിർബന്ധിതമാകുന്നു. പുരുഷൻ്റെ മതപരമായ അസ്ഥിത്വത്തിലേക്ക് സ്ത്രീ ലയിച്ചുചേരുന്നതാണ് പൊതുവിൽ കാണപ്പെടുന്നത്.
മതം മാറി നടക്കുന്ന പ്രണയ വിവാഹങ്ങളിൽ ബഹുഭൂരിപക്ഷവും ഈ നിലയിലാണ് രൂപപ്പെടുന്നത്. രണ്ടാമതൊരു സാധ്യതയായി കാണാൻ കഴിയുന്നത്. സെമിറ്റിക് മതങ്ങളിലേക്കുള്ള മാറ്റമാണ്. മുസ്ലീം, ക്രിസ്ത്യൻ മതങ്ങൾ സെമിറ്റിയ്ക്കായതുകൊണ്ടും അതിലെ വിശ്വാസികളുടെ ജീവിത വിഷയങ്ങളിൽ മതം ഇടപെടുന്നതുകൊണ്ടും അവർക്കിടയിൽ ആത്മീയതക്കപ്പുറം ഒരു ഭൗതീക സ്വാധീനം എപ്പോഴും മതനേതൃത്വത്തിനുണ്ടാകും. ഒരു ജമാഅത്തിനുകീഴിലേയോ ഇടവകയ്ക്ക് കീഴിലേയോ വിശ്വാസികളായവരുടെ ജീവിതകാര്യങ്ങളിൽ ഇടപെടുന്ന ഒരു വിനിമയ പ്രക്രീയ ഇസ്ളാം, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കുണ്ട്.
ഹിന്ദുസംവിധാനത്തിൽ ഇത്തരമൊരു ഇടപെടൽ പ്രക്രീയ നിലനിൽക്കുന്നില്ല. അത് സാധ്യവുമല്ല. ആയിരക്കണക്കിന് ജാതികളായി വിഘടിച്ചു നിൽക്കുകയും ഒരു ജാതിക്ക് മറ്റൊരു ജാതിയോട് വെറുപ്പും വിദ്വോഷവും അസൂയയും അയിത്തവും കൽപ്പിക്കുകയും ചെയ്യുന്നതാണ് ഹിന്ദുവിൻ്റെ സാമൂഹ്യക്രമം. അതിൻ്റെ സാമൂഹ്യ നേതൃത്വം കയ്യാളുന്ന സവർണ്ണ വിഭാഗങ്ങൾ ഈ സംവിധാനം പൊളിച്ചെഴുതാൻ ഒരിക്കലും ആഗ്രഹിക്കുന്നവരുമല്ല. കാരണം ആ അപ്രമാദിത്തത്തിലാണ് അവരുടെ സോഷ്യൽ പ്രിവിലേജ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഹിന്ദു ജാതിഘടനയിലെ കീഴാളത്തം അനുഭവിക്കുന്നവരുടെ സാമൂഹ്യപ്രശ്നങ്ങൾ ഹൈന്ദവ സംഘടനകളുടെ സവർണ്ണ നേതൃത്വത്തിൻ്റെ അജണ്ടയിലേവരില്ല.
നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ പല അമ്പലങ്ങളിലും പ്രവേശിക്കുവാനോ പരിസരങ്ങളിലെ പൊതുവഴിയിലൂടെ നടക്കുവാനോ ദലിതർക്ക് ഇന്നും അവകാശമില്ല. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുൻകയ്യെടുത്ത് ചില പ്രബല അമ്പലങ്ങളിൽ ദലിതരെ പ്രവേശിപ്പിച്ചത് ഈ
2023 ലാണ്. ഇക്കാലത്തും ഇത്തരം അനീതികൾ ഹിന്ദു സമൂഹത്തിൽ ആഭ്യന്തരമായി നില നിൽക്കുമ്പോഴും ഏതെങ്കിലുമൊരു ഹിന്ദു സംഘടന അതിൽ ഇടപെടുകയോ നിലപാടു പറയുകയോ ചെയ്യുന്നത് കേട്ടുകേൾവിപോലുമില്ല. മറിച്ച് എതിർവശത്ത് മുസ്ളീങ്ങൾ വരുന്ന സംഭവങ്ങൾക്ക് പ്രചണ്ഡ കോലാഹലങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ഹിന്ദു സാമൂഹ്യ ഘടനയിലെ മുന്നോക്ക വിഭാഗ പെൺകുട്ടികളെ പ്രണയിച്ചതിൻ്റെയും വിവാഹം കഴിച്ചതിൻ്റെയും പേരിൽ നൂറുകണക്കിന് ദലിത് ചെറുപ്പക്കാരാണ് അരുംകൊലചെയ്യപ്പെട്ടിട്ടുത്. അതിന് ഒരു തീവ്രവാദപട്ടവും ആരും നൽകുന്നില്ല. ഇന്ത്യയുടെ പൊതുബോധത്തിന് അതൊരു ചർച്ചയേയല്ല.
1970 – 90 കാലഘട്ടത്തിലാണ് കേരളത്തിൽ വ്യത്യസ്ഥ മതവിശ്വാസികളായവർക്കിടയിൽ ഏറ്റവുമധികം പ്രണയ വിവാഹങ്ങൾ നടന്നിരുന്നത്. ഇടതുപക്ഷം രാഷ്ട്രീയമായും സാംസ്കാരികമായും വലിയ സ്വാധീനം ചെലുത്തിയ കാലമായിരുന്നു അത്. ഇന്നത്തെ ഇടതുപക്ഷത്തിന് ആ സാംസ്കാരികത നഷ്ടപ്പെട്ടിടത്താണ് മറ്റു പ്രൊപ്പഗണ്ടകൾ വിജയിക്കുന്നത്. ആ കാലത്തൊന്നും ചർച്ച ചെയ്യപ്പെടാത്തത് ഇന്ന് ചർച്ചപ്പെടുന്നത് വിഭജനത്തിൻ്റെ രാഷ്ട്രീയ അജണ്ട അതിനുപിന്നിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്.
പൊളിറ്റിക്കൽ ഹിന്ദുത്വയുടെ എല്ലാത്തരം രാഷ്ട്രീയ കോമാളിത്തരങ്ങളും പരാജയപ്പെട്ട കേരളത്തിലെ അവരുടെ അടുത്ത പ്രൊപ്പഗണ്ടയാണ് ലൗ ജിഹാദും അതിൻ്റെ പേരിലെ സിനിമയും.
കേരളത്തിൽ നിന്നും തീവ്രവാദത്തിനായി കൊണ്ടുപോയെന്ന് പ്രചരിപ്പിക്കുന്ന ഹിന്ദു – ക്രിസ്ത്യൻ വിഭാഗങ്ങളിലെ മൂന്ന് പെൺകുട്ടികളേയും പ്രണയിച്ച് വിവാഹം ചെയ്തത് ക്രിസ്ത്യൻ വിഭാഗക്കാരായ പുരുഷൻമാരാണ്. അവർ ഇസ്ലാമിലേക്ക് മതം മാറി ശ്രീലങ്കയിലേക്കും അവിടെനിന്നും അഫ്ഗാനിസ്ഥാനിലേക്കും പോയതെങ്ങനെയെന്നത് ഇന്നും ദുരൂഹമാണ്. തിരുവനന്തപുരം സ്വദേശിയായ നിമിഷ എന്ന ഫാത്തിമ അഫ്ഗാൻ ജയിലാണെന്ന് പറയപ്പെടുന്നു. അവരെ ഇന്ത്യാ ഗവൺമെൻ്റിന് കൈമാറാമെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചതുമാണ്. തിരികെകൊണ്ടുവന്ന് ഇന്ത്യയിലെ നിയമത്തിനനുസരിച്ച് വിചാരണ നടത്തി ശിക്ഷിക്കേണ്ടതല്ലേ ? പല കുറ്റവാളികളെയും രാജ്യത്ത് തിരികെ കൊണ്ടുവരാൻ കിണഞ്ഞുപരിശ്രമിക്കുന്ന ഭരണകൂടം നിമിഷ ഫാത്തിമയെ എന്തുകൊണ്ടാണ് വേണ്ടായെന്നു പറയുന്നത് ? ഇന്ത്യയിലെ ഏതെങ്കിലും മുസ്ളിം സംഘടനകളാണ് മൂന്ന് സ്ത്രീകളെയും ഐ എസിൽ എത്തിച്ചതെങ്കിൽ, അത് രാഷ്ട്രീയമായി സംഘപരിവാറിന് ഗുണകരമാകുമെന്നിരിക്കെ എന്തുകൊണ്ടാണ് ഇന്ത്യാ ഗവൺമെൻ്റ് അതിന് മടിക്കുന്നത്?’ വസ്തുതകളുടെ സത്യാവസ്ഥയ്ക്ക് പകരം വർഗ്ഗീയ പുകമറയ്ക്കാണ് ഹിന്ദുത്വവാദികൾക്കെന്നുമിഷ്ടം.
അഫ്ഗാൻ പശ്ചാത്തലത്തിലെന്ന് അവകാശപ്പെട്ട് തയ്യാറാക്കിയ The Kerala story ഒരു പ്രൊപ്പഗണ്ട സിനിമയാണ്. 32000 ഹിന്ദു – ക്രിസ്ത്യൻ മലയാളി പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന് , ഒരു ഔദ്യോഗിക രേഖയുടെയോ ഏജൻസിയുടേയോ സാക്ഷ്യപ്പെടുത്തലില്ലാതെ ഇത്തരമൊരു രാഷ്ട്രീയ സിനിമ പടച്ചുവിടുന്നത് സമൂഹത്തിൽ വെറുപ്പ് പ്രചരിപ്പിക്കാനല്ലാതെ മറ്റെന്തിനാണ് ?
സിനിമയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ട്രീസറിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉണ്ടായപ്പോൾ 32000 എന്നത് 3 ആയി ചുരുങ്ങിയതുതന്നെ സിനിമയ്ക്ക് പുറകിലെ ഒളി അജണ്ട വ്യക്തമാക്കുന്നതാണ്. നുണകൾ കോർത്തുകെട്ടി സിനിമയെന്ന പേരിൽ , ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ വാദം നിരത്തി മുസ്ളീം വിരുദ്ധ വെറുപ്പ് പരത്താനുള്ള ഗൂഢശ്രമം മാത്രമാണിത്. ജാഗ്രത പാലിക്കേണ്ടത് രാജ്യത്തെ സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.