കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി യുക്രൈന്‍. ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും യുക്രൈന്‍ പ്രസിഡന്റിന്റെ വക്താവ് മിഖൈലോ പൊഡോലിയാക് പറഞ്ഞു.
ക്രെംലിനില്‍ നടന്ന ഡ്രോണ്‍ ആക്രമണവുമായി യുക്രൈന് യാതൊരു ബന്ധവുമില്ല. യുക്രൈനെതിരെ വലിയ ആക്രമണം നടത്താന്‍ റഷ്യ തന്നെ നടത്തിയ പദ്ധതിയാണിത്. ഒരു വര്‍ഷത്തോളമായി നടക്കുന്ന റഷ്യന്‍ അധിനിവേശത്തിന് വന്‍തിരിച്ചടി നല്‍കാന്‍ രാജ്യം തയ്യാറാണെന്നും യുക്രൈന്‍ പറഞ്ഞു.
പ്രതിരോധത്തിലൂന്നിയ യുദ്ധമാണ് യുക്രൈന്‍ നടത്തുന്നത്. റഷ്യക്കുള്ളിലെ പ്രദേശങ്ങള്‍ ഒരിക്കലും യുക്രൈന്‍ ആക്രമിക്കില്ല. അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങള്‍ക്ക് സൈനിക ലക്ഷ്യങ്ങളൊന്നും നേടാനാവില്ലെന്നും മിഹായ്‌ലോ പറഞ്ഞു.
ബുധനാഴ്ച രാത്രി പുതിനെ വധിക്കാന്‍ ലക്ഷ്യമിട്ട് യുക്രൈന്‍ ക്രെംലിനിലേക്ക് രണ്ട് ഡ്രോണുകളയച്ചെന്നായിരുന്നു റഷ്യയുടെ ആരോപണം. രണ്ട് ഡ്രോളുകളും വെടിവെച്ച് വീഴ്ത്തിയെന്നും ആളപായമില്ലെന്നും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നും ക്രെംലിന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണം നിഷേധിച്ച് യുക്രൈന്‍ രംഗത്തെത്തിയത്.
ആക്രമണം നടന്ന സമയത്ത് മോസ്‌കോയുടെ പുറത്തുള്ള നോവോ ഓഗര്യോവോ വസതിയിലായിരുന്നു പുടിന്‍ എന്നാണ് റഷ്യയുടെ ഔദ്യോഗിക സ്ഥിരീകരണം. ആക്രമണത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്നും ആവശ്യമായ സമയത്ത് ഈ ആക്രമണ നീക്കത്തിന് തിരിച്ചടി നല്‍കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.
















