മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വധിക്കാൻ യുക്രെയ്ൻ നീക്കം നടത്തിയെന്ന ആരോപണവുമായി റഷ്യ. യുക്രെയ്ൻ വിക്ഷേപിച്ച രണ്ട ഡ്രോണുകൾ വെടിവച്ചിട്ടെന്നും റഷ്യ അറിയിച്ചു. ക്രെംലിനിലെ പുട്ടിന്റെ കൊട്ടാരത്തിനു പുറകിൽനിന്നു പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇതിന് പിന്നിൽ യുക്രൈനാണെന്നുമാണ് റഷ്യ ആരോപിക്കുന്നത്. ആക്രമണത്തെ തീവ്രവാദ പ്രവർത്തനമായാണ് കണക്കാക്കുന്നതെന്ന് റഷ്യൻ അധികൃതർ പറഞ്ഞു. രണ്ട് ഡ്രോണുകളും തകർത്തെന്നും പ്രസിഡന്റ് സുരക്ഷിതനാണെന്നും റഷ്യ അറിയിച്ചു. ഔദ്യോഗിക വസതിക്കും കേടുപാടുകളൊന്നും ഉണ്ടായിട്ടില്ല.
ആക്രമണം നടക്കുമ്പോൾ പുടിൻ ക്രെംലിനിലെ വസതിയിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് ദിമിത്ര പെസ്‌കോവ് പറഞ്ഞു. പ്രസിഡന്റ് ഇപ്പോൾ മോസ്‌കോ മേഖലയിലെ നോവോ-ഒഗാൽയോവോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണെന്നും പെസ്‌കോവ് പറഞ്ഞു. സംഭവത്തിനു പിന്നാലെ, അനുമതിയില്ലാതെ ഡ്രോണുകൾ പറത്തരുതെന്ന് മോസ്കോ മേയർ ഉത്തരവിറക്കി.
മെയ് ഒമ്പതിന് റഷ്യ വിക്ടറി ഡെ ആയി ആഘോഷിക്കുന്ന ദിവസമാണ്. ജർമനിക്കെതിരെ സോവിയറ്റ് യൂണിയൻ വിജയം നേടിയതിന്റെ ഓർമ പുതുക്കുന്ന ദിവസമാണ് വിക്ടറി ഡെ. വിദേശ നേതാക്കൾ അടക്കം പങ്കെടുക്കാനിരിക്കെ ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചു.
റഷ്യൻ എനർജി, ലൊജിസ്റ്റിക്, സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുൻപ് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിക്കാൻ യുക്രെയ്ൻ ഇതുവരെ തയാറായിട്ടില്ല.
















