ന്യൂയോര്‍ക്ക്: സമൂഹ മാധ്യമം ഉപയോഗിക്കുന്നതിന് ദേശീയ പ്രായപരിധി നിശ്ചയിക്കാൻ യുഎസ് സെനറ്റിൽ നിർദ്ദേശം. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്ന് 13 വയസ്സിന് താഴെയുള്ളവരെ തടയുന്ന ബിൽ കൊണ്ടുവരുന്നതായി സി.എൻ.എന്നാണ് റിപ്പോർട്ട് ചെയ്തത്.
18 വയസിന് താഴെയുള്ളവർ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിന് മുമ്പ് ടെക് കമ്പനികൾ മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ പ്രശ്‌നങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള ബിൽ നിർദ്ദേശിക്കുന്നു.
വിദഗ്ധർ ചൂണ്ടിക്കാട്ടിയ, സാമൂഹിക മാധ്യമങ്ങൾ സൃഷ്ടിക്കുന്ന മാനസികാരോഗ്യ പ്രതിസന്ധി പരിഹരിക്കാനാണ് ബില്ലിലൂടെ ശ്രമിക്കുന്നത്. എന്നാൽ സമൂഹ മാധ്യമ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാതെ തന്നെ ഉള്ളടക്കം കാണാൻ കഴിയുമെന്നും ബില്ലിൽ പറയുന്നു. കൗമാരക്കാരുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് അവരെ ഉള്ളടക്കത്തിലൂടെയോ അല്ലെങ്കിൽ പരസ്യത്തിലൂടെയോ ടാർഗെറ്റുചെയ്യുന്നതിൽനിന്ന് കമ്പനികളെ വിലക്കും.
57 ശതമാനം ഹൈസ്‌കൂൾ വിദ്യാർഥിനികളും 29 ശതമാനം ഹൈസ്‌കൂൾ വിദ്യാർഥികളും ദുഃഖമോ നിരാശയോ അനുഭവിക്കുന്നതായി 2021ൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻസ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. മറ്റു പഠനങ്ങളും സമൂഹമാധ്യമങ്ങൾ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു.