കൊച്ചി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിന് സമാനമായ നേട്ടം ബിജെപി കേരളത്തിൽ ആവർത്തിക്കുമെന്നും ഭാവിയിൽ ഭരണം പിടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മത സമുദായത്തിനപ്പുറമുള്ള പിന്തുണ പ്രതീക്ഷിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സംഘടിപ്പിച്ച “യുവം 2023′ കോൺക്ലേവിൽ സംസാരിക്കവേയാണ് മോദി ഈ പ്രസ്താവന നടത്തിയത്.
2014 വരെ രാജ്യത്ത് നിരാശയുടെ അന്തരീക്ഷമായിരുന്നു. എന്നാൽ ഇന്ന് രാജ്യം അമൃത കാലത്തിലൂടെയാണ് മുന്നേറുന്നത്. ബിജെപി രാജ്യത്ത് വികസനം കൊണ്ടുവന്നു. ഒരു കാലത്ത് ഇന്ത്യയെ കണക്കാക്കിയിരുന്നത് ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയായിട്ടാണ്. ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ആണ് ഇന്ത്യയെ ലോകം കാണുന്നത്.
ഇന്ത്യയുടെ മാറ്റത്തിന് കാരണം യുവാക്കളാണ്. യുവാക്കളിലാണ് തന്റെ വിശ്വാസം. കേരളത്തിലെ യുവാക്കള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തുന്നുവെന്ന് യുവം വേദിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ബിജെപിയും രാജ്യത്തെ യുവതലമുറയും ഒരേ ‘വേവ് ലെങ്താ’ണ്. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനമാണ് ബിജെപി സാധ്യമാക്കുന്നത്. യുവാക്കള്‍ക്ക് ബിജെപി സര്‍ക്കാര്‍ നല്‍കുന്നത് പുത്തന്‍ അവസരങ്ങളാണ്. വൃക്ഷത്തൈ നട്ടാണ് താന്‍ തുടങ്ങിയത്. അത് ഇച്ഛാശക്തിയുടെ പ്രതീകമായി വളരും. ഒരുമിച്ച് കേരളത്തിന്റെ ഭാവി രചിക്കാമെന്നും യുവാക്കളോട് മോദി പറഞ്ഞു.
ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജോലി ലഭിക്കാനുള്ള തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും. അതിനായുള്ള നടപടികള്‍ വേഗത്തിലാക്കും. എന്നാല്‍ കേരളത്തിലെ സര്‍ക്കാരുകളുടെ ശ്രദ്ധ തൊഴില്‍ നല്കുന്നതില് ഇല്ലെന്ന് മോദി വിമര്‍ശിച്ചു. വിവിധ മേഖലകളില്‍ ചെറുപ്പക്കാരെ നിയമിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
സിപിഎം, കോൺഗ്രസ് എന്നിവർ ചേർന്ന് യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്നും ചിലർക്ക് സ്വർണക്കടത്തിലാണ് ശ്രദ്ധയെന്നും മോദി പറഞ്ഞു.
















