ജിദ്ദ: സൗദി അറേബ്യയിലെ തമീറില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു. റിയാദിനടുത്ത് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച പെരുന്നാള്‍ ദിനമായി പ്രഖ്യാപിച്ചത്.
വ്യാഴാഫ്ച റംസാന്‍ 29 പൂര്‍ത്തിയായതായും വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് ആയിരിക്കുമെന്നും സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ പ്രസ്താവനയില്‍ പറയുന്നു. മാസപ്പിറവി നിരീക്ഷിക്കാനായി വിപുലമായ സംവിധാനം ഒരുക്കിയിരുന്നു.
യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലായിരുന്നു വെള്ളിയാഴ്ച പെരുന്നാള്‍. അതേസമയം ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ചെറിയ പെരുന്നാള്‍ പ്രമാണിച്ചു ഒമാവില്‍ രാജ്യത്ത് വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസം പൊതു അവധിയും 89 വിദേശികൾക്കുൾപ്പെടെ 198 തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്കു ശേഷം ചൊവ്വാഴ്ച ഏപ്രിൽ 25 മുതൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങും. മസ്‌കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഈദുൽ ഫിത്തർ നമസ്‌കാരം നിർവഹിക്കും. അറബ് ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കും ജനങ്ങൾക്കും ഈദുൽ ഫിത്തർ ആശംസകളും ഒമാൻ ഭരണാധികാരി കൈമാറി.
അതേസമയം, കേരളത്തില്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു. പെരുന്നാള്‍ പ്രഖ്യാപനം വന്നതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ചക്കു പുറമേ ശനിയാഴ്ച കൂടി അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.