പാരിസ്: പെൻഷൻ പ്രായം വർധിപ്പിക്കാന്‍ ഒരുങ്ങി ഫ്രാൻസ്. പെൻഷൻ പ്രായം 62ൽനിന്ന് 64 ആയി ഉയർത്തുന്നതിനു കോൺസ്റ്റിറ്റ്യൂഷണൽ കൗൺസിൽ അംഗീകാരം നൽകി. പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് നടപടി.
മാർച്ചിലാണ് സർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ചു വോട്ടെടുപ്പില്ലാതെ പെൻഷൻ പ്രായം ഉയർത്താൻ തീരുമാനിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് കോൺസ്റ്റിറ്റ്യൂഷണൽ കൗൺസിൽ യോഗം ചേർന്ന് പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചത്.
ജനുവരി മുതല്‍ സമാധാനപരമായ പ്രതിഷേധം നടക്കുന്നുണ്ട്. ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പ്ലക്കാര്‍ഡും യൂനിയന്‍ പതാകയുമേന്തി രാജ്യവ്യാപകമായി പ്രതിഷേധ റാലികള്‍ നടക്കുന്നു. പലയിടത്തും റോഡുകളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിച്ച് സഞ്ചാരം തടസപ്പെടുത്തി.
ആറുമുതല്‍ ഏഴുലക്ഷം വരെ ആളുകള്‍ ഓരോ ദിവസവും സമരത്തില്‍ പങ്കെടുക്കുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍. പലയിടത്തും സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. കല്ലേറിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 154 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും 111 പേരെ അറസ്റ്റ് ചെയ്തതായും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ബാങ്കുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.