ബെയ്ജിംഗ്: ചൈനയിൽ സുപ്രീംകോടതി (സുപ്രീം പീപ്പിൾസ് കോടതി) ജഡ്ജി മെംഗ് ഷിയാന്‍ അഴിമതിക്കേസിൽ 12 വർഷം തടവുശിക്ഷ. 2003 മുതൽ 2020 വരെയുള്ള കാലയളവിൽ 2.27 കോടി യുവാൻ (33 ലക്ഷം ഡോളർ) കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് ജഡ്ജിക്കെതിരേ തെളിഞ്ഞത്. ഷെംഗ്ഷൗ നഗരത്തിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
സുപ്രീം കോടതിയുടെ എൻഫോഴ്സ്മെന്റ് ബ്യൂറോ മുൻ ഡയറക്ടറും ട്രയൽ കമ്മിറ്റി അംഗവുമായ മെങ് ഷിയാങ്ങിന് തടവിനു പുറമേ 20 ലക്ഷം യുവാൻ (ഏകദേശം 2.3 കോടി രൂപ) പിഴയും ചുമത്തിയിട്ടുണ്ട്.
അന്‍പത്തെട്ടുകാരനായ ജഡ്ജിക്കെതിരേ രണ്ടു വർഷം മുന്‍പാണ് അന്വേഷണം ആരംഭിച്ചത്. പണം വാങ്ങി വിധിന്യായങ്ങൾ പുറപ്പെടുവിച്ചതിനു പുറമേ വിവിധ സ്ഥാപനങ്ങൾക്കു വേണ്ടി നിർമാണ കരാറുകൾ നേടിക്കൊടുക്കുന്നതിനും കേഡർ തിരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതിനും ഷിയാങ് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു.
കുറ്റകൃത്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും കൂടുതൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ കൂടുതൽ കൈക്കൂലി ഇടപാടുകൾ വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ലഘുശിക്ഷ നല്‍കുന്നുവെന്നാണ് കോടതി ഉത്തരവിൽ പറഞ്ഞത്. ജഡ്ജി അനധികൃതമായി സന്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടും.