ന്യൂയോർക്ക്: അമേരിക്കയിലെ കെന്‍റക്കി സംസ്ഥാനത്തിലെ ബാങ്കിൽ വെടിവെപ്പ്. അഞ്ച് ജീവനക്കാർ കൊല്ലപ്പെട്ടു. തോമസ് എലിയറ്റ് (63), ജെയിംസ് ടുട്ട് (64), ജോഷ്വ ബാരിക്ക് (40), ജൂലിയാന (45), ഡീന എക്കർട്ട് (57) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒമ്പത് പേർക്ക് പരിക്കേറ്റു.
ലൂയിസ്‌വില്ലെ നഗരത്തിലെ ഓൾഡ് നാഷനൽ ബാങ്കിൽ പ്രാദേശിക സമയം 8.30ഓടെയായിരുന്നു വെടിവെപ്പ്. പൊലീസുകാരും ജീവനക്കാരുമടക്കമുള്ളവർക്കാണ് പരിക്കേറ്റത്. പിന്നാലെ പൊലീസ് നടത്തിയ തിരിച്ചടിയിൽ അക്രമിയും കൊല്ലപ്പെട്ടു.
ബാങ്കിലെ മുൻ ജീവനക്കാരനായ കോണർ സ്റ്റർജിയനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 23കാരനായ ഇയാൾ ആക്രമണ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ ലൈവായി പങ്കുവയ്ക്കുകയും ചെയ്തു.
സംഭവത്തിൽ പൊലീസും എഫ്ബിഐയും അന്വേഷണം തുടങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.