കൽപറ്റ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. രാഹുലിനെ വേട്ടയാടുന്നത് ഭരണകൂടത്തിന് മറുപടി പറയാൻ സാധിക്കാത്ത ചോദ്യം ചോദിച്ചതിനാലാണ്. നിശബ്‌ദിക്കാൻ ശ്രമിക്കുന്നവരുടെ മുമ്പിൽ രാഹുൽ ഗാന്ധി ധീരനായി നിൽക്കും. ചോദ്യം ചോദിക്കുന്നത് പാർലമെന്റ് അംഗത്തിന്റെ കടമയാണ്. ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. ഗൗതം അദാനിയെ സംരക്ഷിക്കനാണ് എല്ലാ സർക്കാർ സംവിധാനങ്ങളും ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
‘‘കോൺഗ്രസ് പ്രസ്ഥാനം ഒരു വ്യക്തിയുടെ പ്രശ്നം ഉയർത്തിപ്പിടിച്ചു വരികയാണെന്ന് ബിജെപി മന്ത്രിമാർ പറയുന്നു. എന്നാൽ ഒരു വ്യക്തിയുടെ സംരക്ഷണത്തിന് വേണ്ടി ഭരണകൂടം മുഴുവൻ രംഗത്തുവന്നിരിക്കുന്നു. അത് ഗൗതം അദാനിയാണ്. ഈ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ സ്വകാര്യ വ്യക്തിക്ക് എഴുതിക്കൊടുക്കുന്നു. ദിനംപ്രതി കോടികൾ സമ്പാദിക്കുന്നയാളെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് വേണ്ടി നിലകൊള്ളാൻ സർക്കാർ തയാറാകുന്നില്ല.’’
‘‘വയനാട്ടിലേക്ക് വളരെ വൈകാരികമായ വരവാണിത്. രാഹുൽ ഗാന്ധിയുടെ വീട് ഇന്നലെ മാറ്റാൻ ആരംഭിച്ചിരുന്നു. രാഹുലിനു ഭാര്യയോ മക്കളോ ഇല്ല. അതിനാലാണ് ഞാൻ സഹായിക്കാൻ എത്തിയത്. ഒരു കസേരയിൽ അദ്ദേഹം തനിച്ചിരിക്കുകയായിരുന്നു. നാളെ വയനാട്ടിലേക്ക് പോകുകയല്ലേ, എനിക്ക് അത്ര പ്രാവീണ്യത്തോടെ സംസാരിക്കാൻ സാധിക്കില്ലെന്ന് രാഹുലിനോട് പറഞ്ഞു. എന്നാൽ കുടുംബത്തോട് സംസാരിക്കുന്നതുപോലെ ലളിതമായി സംസാരിക്കാനാകുമെന്നാണു രാഹുൽ പറഞ്ഞത്. അതുകൊണ്ട് കുടുംബത്തോട് സംസാരിക്കുന്നതു പോലെയാണ് എനിക്ക് തോന്നുന്നത്.’’– പ്രിയങ്ക പറഞ്ഞു.
പ്രധാനമന്ത്രി ദിവസവും വേഷം മാറി നടക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ ഭാവിയെ പറ്റിയോ അടിക്കടിയുണ്ടാകുന്ന വിലക്കയറ്റത്തെ പറ്റിയോ തൊഴിലില്ലായ്മയെ പറ്റയോ അദ്ദേഹത്തിനു ചിന്തയില്ല. അദാനിയെ സംരക്ഷിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. ഇതിനെ ചോദ്യം ചെയ്തതിനാണ് രാഹുലിനെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ എത്ര അടിച്ചമര്‍ത്തിയാലും നിശബ്ദരാക്കാന്‍ ശ്രമിച്ചാലും ഞങ്ങള്‍ ഇനിയും ചോദ്യങ്ങള്‍ ഉന്നയിക്കുക തന്നെ ചെയ്യും- പ്രിയങ്ക പറഞ്ഞു.
പാർലമെന്റ് അംഗത്വം ഇല്ലാതായത് വയനാട്ടിലെ ജനങ്ങളുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തില്ലെന്നും ഏതു പാർട്ടിയിലുള്ള ആളായാലും മുന്നണിയിലുള്ള ആളായാലും നമ്മൾ തമ്മിലുള്ള ബന്ധം ദൃഡമായിരിക്കുമെന്നും രാഹുൽ പറഞ്ഞു.
















