കൂവപ്പടി ജി. ഹരികുമാര്‍
കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയുടെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂരില്‍ ഞായറാഴ്ച നാരായണീയസമര്പ്പണം നടന്നു. ആഞ്ഞം മാധവന് നമ്പൂതിരി സ്മാരക നാരായണാലയത്തില്‍ നടന്ന ചടങ്ങില്‍ മുംബൈയില്‍ നിന്നെത്തിയ ആചാര്യ, ഗുരു നാദാപുരം ബാലാമണിയമ്മയെ ആദരിച്ചു.
കണ്ണൂര്‍ നാദാപുരം, പുത്തൂര്‍ തറവാട്ടില്‍ ജനിച്ച 77 വയസ്സുള്ള ബാലാമണിയമ്മ കഴിഞ്ഞ നാല്പതു വര്‍ഷത്തോളമായി മുംബൈയിലെ മലയാളിസമാജങ്ങള്ക്കിടയില് ആദ്ധ്യാത്മികസന്ദേശപ്രചാരകയായി പ്രവര്‍ത്തിച്ചുവരികയാണ്. ബൊറിവില്ലിയില് താമസിക്കുന്ന ഇവര്‍, തന്റെ മുപ്പത്തഞ്ചാമത്തെ വയസ്സില്‍ രാംനഗര്‍ അയ്യപ്പക്ഷേത്രത്തിലൂടെയാണ് സനാതനധര്‍മ്മ പ്രചാരകയായത്.
യജ്ഞപൗരാണികനായ അന്ധേരി പരമേശ്വരയ്യര്‍ ആണ് ഗുരു.1992 മുതല്‍ നാട്ടിലും മറുനാട്ടിലും സത്സംഗങ്ങളില്‍ സജീവമാണ്. കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയുടെ ആരംഭകാലം മുതല്‍ പ്രവര്‍ത്തനങ്ങങ്ങളുടെ നേതൃനിരയില്‍ ഉണ്ട്. വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വന്ന് സത്സംഗങ്ങള്‍ നടത്തുന്നത് പതിവാണ്. ഗുരുവായൂര്‍, ചോറ്റാനിക്കര, ആറന്മുള ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മിക കൂട്ടായ്മ സംഘടിപ്പിച്ചു ശ്രദ്ധേനേടിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യയിലെ ഒട്ടുമിക്ക തീര്‍ത്ഥഘട്ടങ്ങളും സന്ദര്‍ശിച്ചു.
സാന്ദ്രാനന്ദം സത്സംഗസമിതിയിലെ മുതിര്‍ന്ന അമ്മമാരെല്ലാം ചേര്‍ന്നാണ് ബാലാമണിയമ്മയെ ആദരിച്ചത്. ആദ്ധ്യാത്മികപ്രചരണത്തോടൊപ്പം സാമൂഹിക സേവനവും ലക്ഷ്യമിട്ടുവേണം ഹൈന്ദവസേവാസമാജങ്ങള് പ്രവര്‍ത്തിയ്ക്കേണ്ടത് എന്ന് അവര്‍ ആദരമേറ്റുവാങ്ങിയശേഷം പറഞ്ഞു. പ്രസിഡന്റ് ലീല പുരുഷോത്തമന് കര്‍ത്താ, സെക്രട്ടറി ഓമന ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്കി. നാരായണാലയത്തില്‍ സദ്യയും പ്രസാദവിതരണവും ഉണ്ടായിരുന്നു.