കൊച്ചി: അയോഗ്യനാക്കിയ ഉത്തരവിലെ സ്റ്റേ നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ദേവികുളം എംഎല്‍എ രാജ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി പരമാവധി 10 ദിവസത്തേക്കായിരുന്നു സ്റ്റേ അനുവദിച്ചത്. സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും ഇതുവരെ പരിഗണനയ്ക്കു വന്നില്ല. അപ്പീല്‍ ഹര്‍ജിയിലെ പിശകുകളാണ് ഇതിന് തടസ്സം.
സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതോടെ ഹൈക്കോടതി ആദ്യം അനുവദിച്ച സ്റ്റേ ഇല്ലാതാകുന്ന സാഹചര്യമുണ്ടായി. ഇതിനാലാണ് സ്റ്റേ 20 ദിവസംകൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. എന്നാല്‍, സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്ത സാഹചര്യത്തില്‍ പരിഗണിക്കാനാകില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് പി. സോമരാജന്‍ ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെ വീണ്ടും സാങ്കേതികമായി രാജ എം.എല്‍.എ. അല്ലാതായി. സുപ്രീംകോടതിയുടെ ഇടപെടല്‍ ഇല്ലെങ്കില്‍ നിയമസഭയില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിയില്ല.
ജനന, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം താന്‍ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായ അംഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്. ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തന്നെ അയോഗ്യനാക്കിയതെന്നും രാജ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.സോമരാജന്റെ സിംഗിൾ ബെഞ്ച് രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എതിർ സ്ഥാനാർഥി ഡി.കുമാർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. പട്ടികജാതി സംവരണ മണ്ഡലത്തിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു കുമാറിന്റെ വാദം.
















