കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്. തീപ്പിടിത്തം ഉടന്‍ തന്നെ അണയ്ക്കാന്‍ സാധിക്കും. നാട്ടുകാരുടെ ആശങ്ക മനസ്സിലാകും. തീപ്പിടിച്ചത് ലെഗസി വേസ്റ്റിനാണ്. പുതിയതായി മാലിന്യം അവിടെയെത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ പ്ലാൻറിൽ വീണ്ടും തീപിടിത്തമുണ്ടായതിന് കാരണം മീഥെയ്‌ന്റെ സാന്നിധ്യവും ചൂട് കൂടിയതുമാണ്. തീപിടിച്ചപ്പോൾ രണ്ടുവീതം അഗ്നിശമന യൂണിറ്റും ഹിറ്റാച്ചികളും സ്ഥലത്തുണ്ടായിരുന്നുവെന്നും അവ തീ അണയ്ക്കാൻ തുടങ്ങിയിരുന്നുവെന്നും കലക്ടർ വ്യക്തമാക്കി. എന്നാൽ കാറ്റ് കൂടിയതോടെ തീ പടർന്നപ്പോൾ കൂടുതൽ അഗ്നിശമന യൂണിറ്റുകൾ എത്തിയെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ തീ അണയ്ച്ചിട്ടുണ്ടെന്നും പുക അണയ്ക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. റീജ്യണൽ ഫയർ ഓഫീസർ, ഡെപ്യൂട്ടി കലക്ടർ എന്നിവരടക്കമുള്ളവർ സ്ഥലത്തുണ്ടെന്നും അരമണിക്കൂറിനകം പ്രശ്‌നം പരിഹരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജൻ എംഎൽഎയും അറിയിച്ചു. ഇന്ന് തന്നെ പൂർണ്ണമായും തീ അണക്കുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. തീ നിയന്ത്രണവിധേയമെന്ന് ഫയർ ഫോഴ്സ് അറിയിച്ചതായി മേയർ പറഞ്ഞു.
ഞായറാഴ്ച വൈകീട്ടോടെയാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തമുണ്ടായത്. നേരത്തെ തീപ്പിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ അഗ്നിരക്ഷാ യൂണിറ്റുകള്‍ ബ്രഹ്മപുരത്ത് നിലയുറപ്പിച്ചിരുന്നു. പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ കത്തിയത്.
ഇതിനിടെ മാലിന്യം കത്തിച്ചതാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഉറപ്പുകള്‍ ലംഘിച്ച് ബ്രഹ്മപുരത്തേക്ക് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്തിക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. വീട്ടിലിരിക്കെ മണം അനുഭവപ്പെട്ടതോടെയാണ് പലരും സംഭവ സ്ഥലത്തെത്തിയത്. തീ കത്തിയാൽ അണയ്ക്കാൻ സംവിധാനം ഏർപ്പെടുത്താനാകുന്നതേയുള്ളൂവെന്നും എന്നാൽ തീ കത്തേണ്ടത് പലരുടേയും ആവശ്യമാണെന്നും ചിലർ പറഞ്ഞു. രണ്ട് മൂന്നു മണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാനായതെന്നും ആദ്യ സമയത്ത് ഒരു അഗ്നി ശമന സേന യൂണിറ്റ് മാത്രമാണുണ്ടായതെന്നും പിന്നീടാണ് കൂടുതൽ യൂണിറ്റുകളെത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി.