തിരുവന്തപുരം: പോഴിക്കരയിൽ സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൊഴിയൂർ ഉച്ചക്കട വിരാലി പൗർണമിഹൗസിൽ ബിനുമോൻ-ബിന്ദു ദമ്പതികളുടെ മകൻ അഭിജിത് (21) ആണ് മരിച്ചത്. ഫയർഫോഴ്സും നട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഇന്നലെ ഉച്ചയ്ക്കുശേഷം പൊഴിയൂർ പൊഴിക്കരയിലെ എലിഫന്റ് റോക്കിന് സമീപം ആണ് സംഭവം. രണ്ടു സുഹൃത്തുകൾക്ക് ഒപ്പം കനാലിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അഭിജിത്ത് അപകടത്തിൽപെട്ടത്. ഒപ്പം ഉണ്ടായിരുന്ന ജോജി, അജിത് എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് പൂവാറിൽ നിന്നെത്തിയ ഫയർഫോഴ്സും നട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുങ്ങിയപ്പോൾ മണ്ണിൽ പുതഞ്ഞത് അപകടകാരണമായി എന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് അഭിജിത്ത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.