ന്യൂഡൽഹി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് കൂടുതല്‍ മരണം. സ്വാത്ത് മേഖലയില്‍ 150 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവിടെ കുട്ടികളടക്കം മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് അധികം പേര്‍ക്കും പരിക്ക് പറ്റിയത്.
അഫ്ഗാനിലെ ലെഖ്മാൻ മേഖലയിലാണ് കൂടുതലും ആഘാതം ഉണ്ടായത്. പലയിടങ്ങളും ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ അപകടം റിപ്പോര്‍ട്ട് ചെയ്ത എല്ലാ സ്ഥലങ്ങളിലും എത്താൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
ഇന്ത്യയിൽ ജമ്മു കശ്മീർ, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി. ഇന്നലെ രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.