ലാഹോർ: കോടതിയലക്ഷ്യക്കേസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്. ലാഹോറിലുള്ള ഇമ്രാൻ വസതിയിക്കുമുന്നിൽ അറസ്റ്റ് നടപടിക്കായി വൻപൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. എന്നാൽ, നടപടിയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനു തെഹ്‌രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്.
തോഷഖാന കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് സെഷൻസ് കോടതിയാണ് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ അറസ്റ്റ് പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് തടയാനാണ് ഇമ്രാന്റെ ശ്രമം. എല്ലാ പാക്കിസ്ഥാൻ ടെഹ്രിക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) പ്രവർത്തകരും ഇമ്രാന്റെ വസതിയിലേക്ക് എത്താൻ നിർദേശം നൽകി.
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റ സംഭവത്തിലാണ് ഇമ്രാനെതിരെ കേസെടുത്തിരിക്കുന്നത്.
തൊഷാഖാന കേസ് എന്ന പേരിൽ അറിയപ്പെടുന്ന സംഭവത്തിൽ മൂന്നു തവണ സമൻസ് അയച്ചിട്ടും ഇമ്രാൻ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേതുടർന്ന് ഫെബ്രുവരി 28ന് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
അറസ്റ്റ് തടയുന്നവര്‍ക്കെതിരേ നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വെറുംകയ്യോടെ മടങ്ങിപ്പോവില്ലെന്നും ഇസ്ലാമാബാദ് പോലീസ് മേധാവി അറിയിച്ചു.