ന്യൂഡൽഹി: ഗൗതം അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളെക്കുറിച്ചും ഓഹരി വിപണിയിലുണ്ടായ തകർച്ചയുമാണ് സമിതി അന്വേഷിക്കുന്നത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും കോടതി അറിയിച്ചു.
കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ച പേരുകൾ സമിതിയിൽ ഉൾപ്പെടുത്തില്ലെന്നും കേന്ദ്ര നിർദേശം സ്വീകരിച്ചാൽ സർക്കാർ സമിതിയെന്ന പ്രതീതിയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചത്.
രഹസ്യരേഖയായാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയത്. സത്യം പുറത്ത് വരണമെന്നും വിഷയത്തിൽ സമഗ്രമായ പഠനം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സമിതിയുടെ അധ്യക്ഷൻ അടക്കം കാര്യങ്ങൾ കോടതിക്ക് വിടുന്നതായും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. രഹസ്യരേഖയായി കേന്ദ്രം നൽകിയ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ എതിർ ഭാഗത്തെ വിശ്വാസത്തിലെടുക്കാതെയാകുമെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് രേഖകൾ ഹർജിക്കാർക്ക് നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഇതിലെ നടപടികൾ സുതാര്യമാകണമെന്ന് പറഞ്ഞാണ് കോടതി നേരിട്ട് കമ്മറ്റിയെ വെക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്. റിപ്പോർട്ടിന് മേൽ എന്ത് അന്വേഷണത്തിനും തയ്യാറെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഹർജിക്കാരിൽ ഒരാളുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. അദാനിക്കെതിരെ റിപ്പോർട്ടിലെ ആരോപണങ്ങൾ കോടതിയിൽ എണ്ണിപ്പറഞ്ഞ് പ്രശാന്ത് ഭൂഷൺ വിവാദ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.