തിരുവനന്തപുരം: കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ മധ്യമങ്ങളാണെന്ന് കുറ്റപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. തനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് ഇ.പി പറഞ്ഞു. വ്യക്തിഹത്യ നടത്താൻ വേണ്ടി വാർത്തകൾ നൽകരുത്. മടിയിൽ കനമുള്ളവനേ ഭയപ്പെടേണ്ടതുള്ളൂ, തനിക്ക് അതില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യങ്ങളും അന്വേഷിക്കാനുള്ള ശേഷി സിപിഎമ്മിനുണ്ട്. താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണ്. ഇത്തരം വാർത്തകൾ വരുന്നത് ഏത് കേന്ദ്രങ്ങളിൽനിന്നാണെന്ന് മാധ്യമപ്രവർത്തകർ അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
പാർട്ടി സഖാക്കൾ തന്റെ കാവൽക്കാരും സംരക്ഷകരുമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ കുപ്രചരണം നടത്തുന്നവരോട് വിദ്വേഷമില്ല. എല്ലാവരോടും സ്നേഹം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തിലെ അന്വേഷണ വാര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ ഇന്ന് നിഷേധിച്ചിരുന്നു. വിവാദം മാധ്യമ സൃഷ്ടിയാണെന്നും അതിന് പിന്നാലെ പോകേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നുമാണ് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. റിസോര്‍ട്ട് വിവാദത്തിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് സിപിഎം തീരുമാനം. മാധ്യമങ്ങളുമായി ഒരു തരം ചര്‍ച്ചയും വേണ്ടെന്നും നേതാക്കളുടെ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുമെന്നും സംസ്ഥാന സമിതിയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകൻ പി.കെ.ജയ്സനും പങ്കാളിത്തമുള്ള കണ്ണൂരിലെ വൈദേകം ആയുർവേദ റിസോർട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് പി.ജയരാജൻ ഉന്നയിച്ചത്. ആ യോഗത്തിൽ ഇ.പി. പങ്കെടുത്തിരുന്നില്ല. തുടർന്ന് സംസ്ഥാന കമ്മിറ്റിയിൽതന്നെ മറുപടി പറയാൻ കേന്ദ്രകമ്മിറ്റി അംഗമായ ഇപിയോടു സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിക്കുകയായിരുന്നു.