തിരുവനന്തപുരം: തനിക്കെതിരെ അന്വേഷണമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഇ.പി ജയരാജൻ. മാധ്യമങ്ങൾ ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നു. നുണകൾ അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇ.പി ജയരാജനും പി. ജയരാജനുമെതിരെ അന്വേഷണത്തിന് പാർട്ടി അനുമതി നൽകിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.
റിസോർട്ട് വിവാദത്തെ ചൊല്ലി ഇ.പി ജയരാജനും പി.ജയരാജനും ഇന്ന് ചേർന്ന സംസ്ഥാന സമിതിയില്‍ ഏറ്റുമുട്ടിയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജനും വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് ഇ.പി ജയരാജനും ആരോപിച്ചു.
കണ്ണൂരിൽ ആയുർവേദ റിസോർട്ടുമായി ഇ.പിക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി വേണമെന്നും പി ജയരാജൻ ആവശപ്പെട്ടത് കഴിഞ്ഞ സംസ്ഥാന സമിതിയിലാണ്. വൻ വിവാദമായപ്പോൾ ഇടവേളക്ക് ശേഷം ഇ പി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.
ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. മനപ്പൂര്‍വ്വം വേട്ടയാടുന്നെന്നും ഇ പി ആരോപിച്ചു. സംസ്ഥാന സമിതിയിലുയർന്ന ആക്ഷേപത്തിന് അവിടെ തന്നെ മറുപടി നൽകാനായിരുന്നു സെക്രട്ടേറിയറ്റ് നിർദ്ദേശം. സംസ്ഥാന സമിതിയിൽ പൊട്ടിത്തെറിച്ചും വികാരാധീനനായും ഇ പി മുൻ നിലപാട് വ്യക്തമാക്കി. വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ പൊതുപ്രവർത്തനം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു ഇ പിയുടെ മുന്നറിയിപ്പ്. വിവാദം സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം.