എന്താണ് ജി 20?

ഈ കഴിഞ്ഞ ഡിസംബർ ഒന്നാം തിയതി മുതൽ ഇന്ത്യയാണല്ലോ ജി 20 യുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇന്ത്യ ജി 20 അധ്യക്ഷ പദവിയിൽ എത്തുന്നത്, അതുകൊണ്ട് തന്നെ എന്താണ് ജി 20, അതിൻറെ അദ്ധ്യക്ഷ പദവിയിൽ ഇന്ത്യ എത്തുന്നതിന്റെ പ്രാധാന്യമെന്ത് എന്നൊക്കെ അറിയാൻ ആളുകൾക്ക് താല്പര്യമുണ്ടാകും. കഴിഞ്ഞ ഏപ്രിൽ മുതൽ ജി 20 യുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനാൽ എന്താണ് ജി 20 യുമായി എനിക്കുള്ള ബന്ധം, ഇന്ത്യയിൽ ജി 20 സമ്മേളനങ്ങൾ നടക്കുന്പോൾ അതിൽ എനിക്ക് എന്തെങ്കിലും പങ്കുണ്ടോ, കേരളത്തിൽ സമ്മേളനങ്ങൾ നടക്കുമോ എന്നൊക്കെയുള്ള കാര്യങ്ങളും കൂടി വ്യക്തമാക്കാനാണ് ഈ കുറിപ്പ്.

 

1997 – 98 കാലഘട്ടത്തിൽ ലോകം ഒരു വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്നു. എൻറെ ഓർമ്മ ശരിയാണെങ്കിൽ ജപ്പാൻ മുതൽ ഇൻഡോനേഷ്യ വരെയുള്ള ഏഷ്യൻ രാജ്യങ്ങൾ അന്ന് നട്ടംചുറ്റി. അത് ലോക സന്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സ്ഥിതി ഉണ്ടായി. അന്ന് സാന്പത്തികരംഗത്ത് സ്ഥിരത കൈവരിക്കാൻ ധനകാര്യമന്ത്രിമാരുടെയും റിസർവ്വ് ബാങ്ക് ഗവർണർമാരുടെയും ഒക്കെ കൂട്ടായ്മയായിട്ടാണ് ലോകത്തെ പത്തൊന്പത് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും കൂടി ജി 20 എന്ന സംവിധാനം ഉണ്ടാക്കിയത്. Argentina, Australia, Brazil, Canada, China, France, Germany, India, Indonesia, Italy, Japan, Republic of Korea, Mexico, Russia, Saudi Arabia, South Africa, Türkiye, the United Kingdom, the United States, and the European Union ഇവരാണ് ജി 20 അംഗങ്ങൾ. ലോകത്തെ 80 ശതമാനം സന്പദ്‌വ്യവസ്ഥയും, 75 ശതമാനം കയറ്റുമതിയും 66 ശതമാനം ജനസംഖ്യയും 60 ശതമാനം ഭൂവിസ്തൃതിയും ഈ ജി 20 അംഗങ്ങളിൽ ഉൾപ്പെട്ടതാണ് (യൂറോപ്യൻ യൂണിയൻ കൂടി അംഗം ആയതിനാൽ ജി 20 രാജ്യങ്ങൾ എന്ന പ്രയോഗം തെറ്റാണ്).

 

2008 ൽ വീണ്ടും ലോകം സാന്പത്തിക വെല്ലുവിളി നേരിടുകയും കാലാവസ്ഥ വ്യതിയാനത്തെ കൂട്ടായി നേരിടേണ്ട ആവശ്യം വരികയും ചെയ്തതോടെ ഒരു സാന്പത്തികകാര്യ സംവിധാനം എന്നതിൽ നിന്നും മറ്റുള്ള അനവധി മേഖലകളിൽ, നയങ്ങളിൽ, സമന്വയം ഉണ്ടാക്കാനുള്ള ഒരു സംവിധാനമായി ജി 20 മാറി. അതോടെ ജി 20 ക്ക് ഫിനാൻസ് ട്രാക്ക് എന്നും ഷെർപ്പ ട്രാക്ക് എന്നും രണ്ട് ഗ്രൂപ്പിലായി നയചർച്ചകൾ തുടങ്ങി. കാലാവസ്ഥ വ്യതിയാനവും സംസ്കാരവും ടൂറിസവും ഊർജ്ജവും എല്ലാം ഷെർപ്പ ട്രാക്കിൽ ആണ് വരുന്നത്.

 

2008 മുതൽ ജി 20 അംഗങ്ങളുടെ രാഷ്ട്രത്തലവന്മാർ വർഷത്തിൽ ഒരിക്കൽ കൂടുന്ന രീതി വന്നു. അതോടെ ജി 20 എന്നത് അത്യധികം ആദരിക്കപ്പെട്ട ഒരു കൂട്ടായ്മയും സമ്മേളനവും ആയി മാറി. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിലും അതിന് മുൻപ് ഇറ്റലിയിലും ആയിരുന്നു ജി 20 പ്രസിഡൻസി. അടുത്ത വർഷം (23 ഡിസംബർ മുതൽ) ബ്രസീലിലും അതിനടുത്ത വർഷം ദക്ഷിണാഫ്രിക്കയിലും പ്രസിഡൻസി എത്തും.

 

പ്രസിഡൻസി കാലഘട്ടത്തിലെ ഏറ്റവും പ്രധാനമായ സമ്മേളനം രാഷ്ട്രത്തലവന്മാരുടേതാണെന്ന് പറഞ്ഞല്ലോ. ജി 20 രാജ്യങ്ങൾ കൂടാതെ സ്പെയിൻ, യു.എ.ഇ., സിംഗപ്പൂർ, നെതർലൻഡ്‌സ്‌ എന്നീ രാജ്യങ്ങൾ സ്ഥിരം ക്ഷണിതാക്കൾ ആണ്. പ്രസിഡന്റ് ആകുന്ന ഓരോ രാജ്യത്തിനും ചില അതിഥി രാജ്യങ്ങളെ കൂടി സമ്മേളനത്തിന് വിളിക്കാം. ഇന്ത്യ വിളിച്ചിരിക്കുന്നത് ബംഗ്ലാദേശ്, ഈജിപ്ത്, നൈജീരിയ, ഒമാൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളെ ആണ്.

 

സാധാരണ ഗതിയിൽ നവംബറിൽ ആണ് ഉച്ചകോടി നടക്കുന്നത്, പക്ഷെ ഇന്ത്യയിൽ അത്‌ 2023 സെപ്റ്റംബർ 9 – 10  ആയിരിക്കും. ഇത്രയും പ്രധാനപ്പെട്ട രാജ്യങ്ങളുടെ പ്രസിഡന്റുമാർ ഒരുമിച്ച് ഇന്ത്യയിൽ എത്തുന്നതും ആദ്യമായിട്ടായിരിക്കും. ഡൽഹിയിലാണ് സമ്മേളനം നടക്കുന്നത്. പതിനായിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

പ്രസിഡൻസിയുടെ പ്രമേയം തന്നെ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് (“Vasudhaiva Kutumbakam” or “One Earth, One Family, One Future”). കൂടാതെ സുസ്ഥിര വികസനത്തിനായി LiFE (Lifestyle for Environment) എന്ന പദ്ധതിയും ഇന്ത്യ മുന്നോട്ട് വെക്കുന്നുണ്ട്.

 

ഉച്ചകോടി കൂടാതെ സാന്പത്തികം മുതൽ ടൂറിസം വരെ 32 വിഷയങ്ങളിൽ അന്പത് നഗരങ്ങളിലായി 200, മന്ത്രിതല – ഉദ്യോഗസ്ഥതല മീറ്റിങ്ങുകൾ നടക്കും. ഓരോ മന്ത്രിതല സമ്മേളനത്തിൽ നിന്നും ഒരു Ministerial Communique ഉണ്ടാകും. ഇതിലെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് അത് രാഷ്ട്രത്തലവന്മാർ ചർച്ച ചെയ്ത് ഒരു ലീഡേഴ്‌സ് ഡിക്ലറേഷൻ അടുത്ത സെപ്റ്റംബറിൽ ഉണ്ടാകും. ബാലിയിലെ ഡിക്ലറേഷൻ ഇവിടെ വായിക്കാം. https://bit.ly/3Fx1Kvv

 

ഔദ്യോഗികമായ സമ്മേളനങ്ങൾ കൂടാതെ ജി 20 എൻഗേജ്മെൻറ് ഗ്രൂപ്പ് എന്നൊരു സംവിധാനം കൂടി ഉണ്ട്. ശാസ്ത്രജ്ഞന്മാർ, സ്വകാര്യമേഖല, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ കൂട്ടായ്മകൾ S20, B20, W20, Y20 എന്നിങ്ങനെ. ഇവരും സമ്മേളനങ്ങളും പ്രഖ്യാപനങ്ങളും നടത്തും.

 

ഡിക്ലറേഷനുകളുടെ പ്രസക്തി

 

ലോകത്തെ അഞ്ചിൽ നാലു സന്പദ് വ്യവസ്ഥയും മൂന്നിൽ രണ്ടു ജനസംഖ്യയും ഉള്ള രാജ്യങ്ങൾ കൂടിയിരുന്ന് ഓരോ വിഷയങ്ങൾ ചർച്ച ചെയ്യുകയും അതിൽ ചില കാര്യങ്ങളിൽ എങ്കിലും തീരുമാനം ആവുകയും ചെയ്യുന്നത് നിസ്സാര കാര്യമല്ല. ഈ തീരുമാനങ്ങൾ അതിന് ശേഷം വരുന്ന കാലാവസ്ഥ വ്യതിയാനം പോലുള്ള സുപ്രധാന കാര്യങ്ങളിൽ ലോക സമ്മേളനങ്ങളിൽ പ്രതിഫലിക്കും.

 

പ്രഖ്യാപനങ്ങൾക്ക് അപ്പുറം

 

ഇത്തരം തീരുമാനങ്ങൾക്ക് അപ്പുറം എന്തെങ്കിലും പദ്ധതികൾ ഈ സമ്മേളനങ്ങളിൽ നിന്നും ഉണ്ടാകാറുണ്ടോ എന്ന ചോദ്യം സ്വാഭാവികമാണ്. ഇത് ഓരോ വർഷവും വ്യത്യസ്തമാണ്. ഉദാഹരണത്തിന് 2020 ൽ സൗദിയിൽ നടന്ന പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനത്തിലാണ് ആഗോളമായി നാശോന്മുഖമാകുന്ന ഭൂമിയും ആവാസവ്യവസ്ഥയും വീണ്ടെടുക്കാനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. 2040 ആകുന്പോഴേക്ക് ലോകത്തെ ലാൻഡ് ഡിഗ്രഡേഷൻ (land degradation) അന്പത് ശതമാനം കുറയ്ക്കുമെന്ന് അവർ തീരുമാനിച്ചു. അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുകയും അതിനുള്ള പണം സൗദി സർക്കാർ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ പദ്ധതി ഏകോപിപ്പിക്കുന്നതിനാണ് ഞാൻ ഇപ്പോൾ നേതൃത്വം നൽകുന്നത്. വരും വർഷങ്ങളിൽ ലക്ഷക്കണക്കിന് കോടി രൂപ ഈ രംഗത്തേക്ക് വരാനുള്ള അവസരമാണ് ഇതൊരുക്കിയത്.

 

ഇന്ത്യൻ ജി 20 യിൽ ഞങ്ങളുടെ പങ്ക് എന്താണ്?

 

ഓരോ ജി 20 പ്രസിഡൻസിക്കും അവരുടേതായ ചില പ്രധാന വിഷയങ്ങൾ ഉണ്ടായിരിക്കും. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയങ്ങൾ ഒരു സർക്കാർ ഏറ്റെടുക്കുന്നുണ്ടെങ്കിൽ അതിന് പിന്തുണ നൽകുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം. ഇന്തോനേഷ്യയിൽ കണ്ടൽക്കാടുകളുടെ സംരക്ഷണവും പീറ്റ് വനങ്ങളുടെ പുനഃസ്ഥാപനവും ആയിരുന്നു അവർ പ്രധാന വിഷയങ്ങളായി കണ്ടിരുന്നത്. ഇന്ത്യയിലെ പരിസ്ഥിതി മന്ത്രാലയം കാലാവധി കഴിഞ്ഞ ഖനികളുടെ പരിസ്ഥിതി പുനഃസ്ഥാപനവും കാട്ടുതീ ഉണ്ടായതിന് ശേഷം വനങ്ങളുടെ പുനഃസ്ഥാപനവും ആണ് അവരുടെ പ്രധാന വിഷയങ്ങൾ ആയി എടുത്തിരിക്കുന്നത്. ഈ വിഷയത്തിൽ ആഗോളമായ അറിവുകൾ ക്രോഡീകരിക്കുക, അത്തരം വിഷയത്തിൽ ജി 20 രാജ്യങ്ങൾക്കുള്ള അറിവുകൾ മറ്റു രാജ്യങ്ങളുമായി പങ്കിടാൻ ദീർഘകാല അടിസ്ഥാനത്തിൽ പരിശീലന പദ്ധതികൾ ആസൂത്രണം ചെയ്യുക, ഇന്ത്യയിലും ലോകത്തും ഇത്തരം പുതിയ പദ്ധതികൾ തുടങ്ങുക ഇതൊക്കെ ഈ വർഷത്തെ ചർച്ചാവിഷയം ആണ്. അതിനൊക്കെയുള്ള സാങ്കേതിക അറിവുകൾ നൽകുക, മീറ്റിംഗുകൾ സംഘടിപ്പിക്കുക ഇവയൊക്കെയാണ് എൻറെ സംഘം ചെയ്യുന്നത്. ഇന്ത്യ പ്രസിഡൻസിക്ക് ശേഷവും അടുത്ത ഇരുപത് വർഷത്തേക്ക് ഇത്തരം പരിശീലന പരിപാടികൾ ഇന്ത്യയിലെ സ്ഥാപനങ്ങളും സ്വകാര്യമേഖലയുമായി ചേർന്ന് നടത്തിക്കൊണ്ട് പോകണമെന്നും ഈ വിഷയത്തിൽ ആഗോളമായ സ്റ്റാൻഡേർഡുകൾ ഉണ്ടാക്കണം എന്നും ചർച്ചയിൽ അംഗീകരിച്ചാൽ വലിയ കാര്യമായി. 2023  ഫെബ്രുവരി എട്ടാം തിയതി ബാംഗ്ളൂരിലാണ് മീറ്റിംഗുകൾ തുടങ്ങുന്നത്. പിന്നീട് മാർച്ചിൽ ഗാന്ധി നഗർ, മെയ് മാസത്തിൽ മുംബൈ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥ തല സമ്മേളനത്തിന് ശേഷം ജൂലൈയിൽ ചെന്നൈയിലാണ് മന്ത്രിതല സമ്മേളനം. ഇത് കൂടാതെ അസിം പ്രേംജി യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഒരു അക്കാദമിക്ക് സെമിനാർ, ഡൽഹിയിൽ ഒരു കോർപ്പറേറ്റ് റൌണ്ട് ടേബിൾ എന്നിവയും പ്ലാൻ ചെയ്തിട്ടുണ്ട്. 2023 ആദ്യ പകുതിയിൽ  കൂടുതൽ സമയവും ഇന്ത്യയിലായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

 

കേരളത്തിൽ ജി 20 മീറ്റിംഗുകൾ ഉണ്ടോ?

 

കേരളത്തിൽ തിരുവനന്തപുരം ആണ് ജി 20 സമ്മേളനങ്ങൾക്ക് വേദിയാകുക. എൻറെ അറിവ് ശരിയാണെങ്കിൽ ടൂറിസത്തിൻറെ ഒരു സമ്മേളനം കേരളത്തിലാണ്, മറ്റേതെങ്കിലും വിഷയത്തിൽ സമ്മേളനം ഉണ്ടോ എന്ന് ഇപ്പോൾ അറിയില്ല. ഏതൊരു ജി 20 മീറ്റിങ്ങിലും മുൻപ് പറഞ്ഞ മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കാണും, മന്ത്രിമാർ മുതൽ ഉദ്യോഗസ്ഥർ വരെ. ഓരോ മീറ്റിങ്ങിലും 200  മുതൽ 500 വരെ ആളുകൾ ഉണ്ടാകും. മാധ്യമ സംഘങ്ങളും  ഉണ്ടാകും. ഓരോ മീറ്റിംഗിലും അനുബന്ധ പരിപാടികൾ (ഒരു പക്ഷെ നാട്ടുകാർക്ക് കാണാനുള്ള സംവിധാനം ഉണ്ടായേക്കും), നാട്ടുകാരുടെ കലയും കരകൗശല വസ്തുക്കളും ഉൾപ്പെടെ പ്രദർശിപ്പിക്കാനുള്ള സംവിധാനവും ഉണ്ടാകും.

 

ഇന്ത്യക്ക് എന്താണ് നേട്ടം ഉണ്ടാകാൻ പോകുന്നത്?

 

ആദ്യമേ പറഞ്ഞത് പോലെ ജി 20 ചരിത്രത്തിൽ ആദ്യമായിട്ടാണ് അതിൻറെ ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നത്. ലോകത്തെ മുഖ്യ സാന്പത്തിക ശക്തികളുടെ നേതൃത്വം മൊത്തമായി ഇന്ത്യയിൽ ഒരുമിച്ച് എത്തുന്നതും ആദ്യമായിട്ടായിരിക്കും. ഇതിന് മുൻപും പിൻപും ഏറെ മാധ്യമ ശ്രദ്ധ ഇന്ത്യക്ക് ലഭിക്കും. ഇന്ത്യ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ലോകത്തെ ശാസ്ത്രജ്ഞർ, നയതന്ത്രവിഗ്ദ്ധർ, സ്വകാര്യ മേഖല മുതൽ രാഷ്ട്രീയ നേതൃത്വം വരെ ചർച്ച ചെയ്യും. നമ്മുടെ പുരോഗതി ലോകത്തെ കാണിക്കാനും നമ്മുടെ കലയും, കരകൗശലവും, ലോകത്തിന് മുൻപിൽ അവതരിപ്പിക്കാനുമുള്ള  വലിയ അവസരമാണിത്. മറ്റു രാജ്യങ്ങൾ നാലോ അഞ്ചോ നഗരങ്ങളിൽ മാത്രമാണ് ഇത്തരം മീറ്റിംഗുകൾ നടത്താറുള്ളത്. ഇന്ത്യ അന്പത് നഗരങ്ങളിലേക്ക് അത് വ്യാപിപ്പിച്ചത് വലിയ കാര്യമാണ്. കൂടാതെ ഇത് ഏറെ ജനപങ്കാളിത്തമുള്ള ഒന്നാകണമെന്ന് സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതും ലോകശ്രദ്ധ ആകർഷിക്കുകയും ഇനി വരുന്ന ജി 20 സമ്മേളനങ്ങൾക്ക് മാതൃകയാവുകയും ചെയ്യും.

 

ഈ പ്രസിഡൻസിക്ക് അപ്പുറം നിലനിൽക്കുന്ന എന്തെങ്കിലും പദ്ധതികൾ ഇന്ത്യ മുന്നോട്ടുവെക്കുകയും മറ്റു രാജ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുമോ എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.

 

ജനുവരി ഏഴു മുതൽ പതിനാറ് വരെ കേരളത്തിൽ ഉണ്ട്. ജി 20 പദ്ധതികളെക്കുറിച്ച് ടി.വി. യിലും ചായ് പേ ചർച്ചയിലും സംവദിക്കാൻ പരിപാടിയുണ്ട്, കൂടുതൽ വിവരങ്ങൾ അപ്പോൾ പറയാം.

 

മുരളി തുമ്മാരുകുടി