ശബരിമല ക്ഷേത്ര നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തുലാമാസ പൂജകള്‍ക്കായി തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല . ഈ മാസം 17 മുതല്‍ 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും.വെര്‍ച്വല്‍ ക്യൂവിലൂടെയാണ് പ്രവേശനം. നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ട്.
തുലാം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. നിര്‍മ്മാല്യം പതിവ് അഭിഷേകം എന്നിവയ്ക്ക് ശേഷം 7.30 ന് ഉഷപൂജ നടക്കും. തുടര്‍ന്ന് പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ക്കായി നറുക്കെടുപ്പും നടക്കും. ഒക്ടോബര്‍ 22 ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24ന് തുറക്കും.
















