ദുബായ്: അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്‍മശാനത്തില്‍ നടക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം . ദുബൈ മൻഖൂൽ ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തോടെ ശ്രെധ നേടിയ അറ്റ്ലസ് രാമചന്ദ്രന്റെ മുഖം ഏവർക്കും സുപരിചിതമായിരുന്നു.നിർമാതാവ്, നടൻ, സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം മലയാള സിനിമയിലും ശ്രെധ നേടി.പല പ്രതിസന്ധികളിലും തളരാതെ നിന്നാണ് അദ്ദേഹം സ്വർണ വ്യാപാര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. നല്ല രീതിയിൽ ബിസിനസ് പോവുന്നതിനിടയില്‍ ഉണ്ടായ കോടികളുടെ കടബാധ്യതയാണ് അറ്റ്ലസ് രാമചന്ദ്രനെ തളർത്തി. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനെതുടര്‍ന്ന് 2015 ൽ ദുബൈ കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. 2018ലാണ് ഇദ്ദേഹം ജയില്‍ മോചിതനായത്.
വീണ്ടും അറ്റ്‍ലസ് ജ്വല്ലറി തുറക്കാനുള്ള ശ്രമങ്ങള്‍ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ബാധ്യതകള്‍ തീരാത്തതിനാല്‍ യുഎഇയില്‍ നിന്ന് പുറത്തുപോകുന്നതിനുള്ള വിലക്ക് നിലവിലുണ്ടായിരുന്നതിനാല്‍ നാട്ടിലെത്തണമെന്ന ആഗ്രഹവും നടന്നില്ല.