ഈ മാസം ആദ്യം ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിൽ രണ്ട് കൗമാരക്കാരായ സഹോദരിമാരെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ സഹോദരിമാർ മരിച്ച് മണിക്കൂറുകൾക്കകം ഇവരെ കൊലപ്പെടുത്തായവരെന്ന പേരിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇരകളുടെ കുടുംബങ്ങളും പ്രതികളും അന്വേഷണത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉന്നയിച്ചു. വിശദമായ ഒരു അന്വേഷണത്തിന് മുൻപേ തന്നെ പ്രതികളെ പിടിച്ചതിൽ ഇരകളുടെ കുടുംബം തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ തിരക്കിട്ട ഈ അറസ്റ്റിന് പിന്നിലെ ഗൂഢോദ്ദേശം ‘പ്രതികളുടെ’ മതമാണ് എന്നാണ് ആരോപണം.
ചില രാഷ്ട്രീയക്കാരും ഒരു വിഭാഗം മാധ്യമങ്ങളും കുറ്റാരോപിതരുടെ മതത്തിൽ തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. കുറ്റക്കാർ ആരായാലും യാതൊരു വിധ ദയയും അർഹിക്കാത്ത അവർ ശിക്ഷിക്കപ്പെടണം. എന്നാൽ മതത്തിന്റെ പേരിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള, അത്തരത്തിൽ ആരോപണമുള്ള വ്യക്തികളെ ശിക്ഷിക്കുന്നത് ന്യായമാകുമോ?
ഉത്തരപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 200 കിലോമീറ്റർ (124 മൈൽ) അകലെയുള്ള ലഖിംപൂർ ജില്ലയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
പോലീസ് കഥ – അറസ്റ്റുകളും കുറ്റസമ്മതവും
കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് ഒരു പത്രസമ്മേളനം നടത്തി. അവിടെ അറസ്റ്റിലായവരെ പേരെടുത്തു പറഞ്ഞു. പേര് മാത്രമല്ല ഇവരുടെ ജാതിയും മതവും ഉൾപ്പെടെ വെളിപ്പെടുത്തി. പ്രധാന പ്രതി – ഇരകളുടെ കുടുംബത്തിലെ ‘ദളിത്’ അയൽക്കാരൻ, കൂടാതെ അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള അഞ്ച് ‘മുസ്ലീങ്ങൾ’.
ഇവർ കുറ്റസമ്മതം നടത്തിയെന്നും എന്താണ് സംഭവിച്ചതെന്നതിന്റെ വിശദാംശങ്ങൾ നൽകിയെന്നും പോലീസ് സൂപ്രണ്ട് സഞ്ജീവ് സുമൻ പറഞ്ഞു.
“മുഖ്യപ്രതി പെൺകുട്ടികളെ രണ്ട് മുസ്ലീം പുരുഷന്മാരെ പരിചയപ്പെടുത്തി നൽകി. പിന്നീട് അവർ സുഹൃത്തുക്കളായിത്തീർന്നു. പെൺകുട്ടികൾ അവരുടെ ബൈക്കിൽ അവരോടൊപ്പം പോയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിന് സമ്മർദം ചെലുത്തിയതിനാൽ ദേഷ്യപ്പെട്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. തുടർന്ന് രണ്ട് കൂട്ടാളികളെ കൂടി വിളിച്ച് അവരുടെ സഹായത്തോടെ പെൺകുട്ടികളെ തൂക്കിക്കൊല്ലുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, തങ്ങളുടെ മക്കൾ നിരപരാധികളാണെന്നും കസ്റ്റഡിയിൽ തങ്ങളോട് മോശമായി പെരുമാറിയെന്നും അവരിൽ ചിലർ പ്രായപൂർത്തിയാകാത്തവരാണെന്നും പ്രതികളുടെ കുടുംബങ്ങൾ പറയുന്നു. ഇവർ പോലീസിന്റെ അവകാശവാദത്തെ ശക്തമായി എതിർക്കുന്നു.
പെൺകുട്ടികളുടെ വീട്ടുകാർ പറയുന്നത്
തങ്ങളുടെ പെൺമക്കളെ അപകീർത്തിപ്പെടുത്തുന്നതാണ് പോലീസ് ഭാഷ്യം എന്ന് മരിച്ച പെൺകുട്ടികളുടെ കുടുംബം പറയുന്നു. പോലീസിന്റെ പ്രസ്താവനകളെ കുടുംബം ചോദ്യം ചെയ്യുന്നു.
17ഉം 15ഉം വയസ്സുള്ള സഹോദരിമാരെ മോട്ടോർ ബൈക്കിൽ വന്ന മൂന്ന് പേർ തട്ടിക്കൊണ്ടുപോയി, തട്ടിക്കൊണ്ടുപോകലുകളുടെ ഏക സാക്ഷിയായ അവരുടെ അമ്മ പറയുന്നു.
“ഞാൻ അവരെ പിന്തുടരാൻ ശ്രമിച്ചപ്പോൾ, ഒരാൾ എന്റെ വയറ്റിൽ ചവിട്ടി, ഞാൻ താഴെ വീണു. തിരികെ എഴുന്നേറ്റപ്പോൾ, തന്റെ പെൺമക്കൾ സമീപത്തെ വയലുകളിൽ അപ്രത്യക്ഷമായിരുന്നുവെന്ന് അമ്മ പറഞ്ഞു. കരഞ്ഞുകൊണ്ടാണ് ആ അമ്മ ബിബിസിയോട് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ രണ്ട് മുറികളുള്ള വീട് ഏക്കർ കണക്കിന് കരിമ്പ് വയലുകൾക്ക് അടുത്താണ്. ഉയരമുള്ള വിളകൾക്കിടയിൽ നിന്ന് ആളുകളെ കണ്ടെത്തൽ പ്രയാസകരമാണ്. പെൺകുട്ടികളെ കാണാതായതോടെ ഗ്രാമവാസികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് കരിമ്പിന് പാടങ്ങൾ അരിച്ചുപെറുക്കാൻ തുടങ്ങി. രണ്ടര മണിക്കൂറിന് ശേഷം, അവരുടെ വീട്ടിൽ നിന്ന് വളരെ അകലെയുള്ള ഒരു മരത്തിൽ തൂങ്ങിക്കിടക്കുന്ന പെൺകുട്ടികളുടെ ചലനമറ്റ ശരീരങ്ങൾ അവർ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടികൾക്ക് പ്രതിയെ അറിയാമായിരുന്നു എന്ന പോലീസ് ഭാഷ്യത്തെ കുടുംബം എതിർക്കുന്നു. വീട്ടുജോലികളെല്ലാം ചെയ്തു വീട്ടിൽത്തന്നെ ഒതുങ്ങിനിൽക്കുന്ന കഠിനാധ്വാനികളായ സഹോദരിമാരായിരുന്നു അവർ. “അവർ ഒരിക്കലും അകമ്പടിയില്ലാതെ എവിടെയും പോയിട്ടില്ല,” അവരുടെ സഹോദരൻ പറയുന്നു.
“ഞങ്ങളുടെ പെൺകുട്ടികൾ വളരെ ലളിതമായിരുന്നു, പോലീസ് അവരെക്കുറിച്ച് കഥകൾ മെനയുകയാണ്,” പിതാവ് കൂട്ടിച്ചേർക്കുന്നു.
പ്രതിയും – ഒരു വെടിയുണ്ടയും
ഇരകളുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് അഞ്ച് പ്രതികളുടെയും വീടുകൾ. ആൺമക്കൾക്ക് സഹോദരിമാരെ അറിയാമായിരുന്നോ എന്ന് അറിയില്ലെന്നാണ് അവരുടെ മാതാപിതാക്കൾ പറയുന്നത്. എന്നാൽ തങ്ങളുടെ കുട്ടികൾ കൊലപാതകികളല്ലെന്ന് അവർ തറപ്പിച്ചു പറയുന്നു.
പ്രതികളിലൊരാളെ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയതെന്ന് പോലീസ് പറയുന്നു. ഇയാളുടെ കാലിൽ പോലീസ് വെടിവെച്ചിരുന്നു. എന്നാൽ പ്രതിയുടെ പിതാവ് ഇത് പൂർണമായി എതിർക്കുന്നു. പ്രതിയുടെ കാലിൽ വെക്കിവെച്ചതിൽ അദ്ദേഹം അങ്ങേയറ്റം രോഷാകുലനാണ്.
രാത്രി ഏറെ വൈകിയാണ് പോലീസ് വീട്ടിലെത്തുകയും താൻ ജോലി ചെയ്തിരുന്ന ഹൈദരാബാദിലേക്ക് പോവുകയായിരുന്ന മകനെ വിളിക്കാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. പിലിബിത്ത് പട്ടണത്തിൽ വെച്ച് മകൻ ബസിൽ നിന്ന് ഇറങ്ങി. അവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്.
“ഞാൻ അവരുടെ വാഹനത്തിൽ പോലീസിനൊപ്പം ഉണ്ടായിരുന്നു, പക്ഷേ അവർ എന്റെ മകനെ മറ്റൊരു കാറിൽ കയറ്റി. എന്നെ കാണാൻ പോലും അവർ അനുവദിച്ചില്ല,” പിതാവ് ആരോപിക്കുന്നു.
“എന്റെ മകന്റെ കാലിന് വെടിയേറ്റതായി ഞാൻ പിന്നീട് കേട്ടു. എന്തിനാണ് അവനെ വെടിവച്ചതെന്ന് എനിക്കറിയില്ല. ഇത് ഏറ്റുമുട്ടലാണെന്ന് പോലീസ് പറയുന്നു. അവൻ ഓടിപ്പോകാൻ ശ്രമിച്ചതിനാലാണ് വെടിവച്ചത്. പക്ഷേ അവൻ ഓടിപ്പോയില്ല, അവൻ മടങ്ങുകയായിരുന്നു. അവൻ ഓടിപ്പോവാൻ ഉദ്ദേശിച്ചാൽ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?” അദ്ദേഹം ചോദിക്കുന്നു.
“അവൻ കുറ്റക്കാരനാണെങ്കിൽ, അവനെ തൂക്കിക്കൊല്ലുക, പക്ഷേ കുറഞ്ഞത് ഒരു അന്വേഷണമെങ്കിലും ശരിയായി നടത്തുക,” ജുഡിഷ്യൽ അന്വേഷണത്തിന് മാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ കഴിയൂ എന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെല്ലാം പ്രായപൂർത്തിയായവരാണെന്ന പൊലീസ് വാദത്തിനെതിരെയും കുടുംബങ്ങൾ തർക്കം ഉന്നയിക്കുന്നു. അവരുടെ ഔദ്യോഗിക സർക്കാർ നൽകിയ തിരിച്ചറിയൽ കാർഡുകൾ പ്രകാരം, പ്രതികളിലൊരാൾ 2008-ൽ ജനിച്ചതിനാൽ 14 വയസ്സും മറ്റൊരാൾക്ക് 17 വയസ്സുമാണ് പ്രായം. മറ്റ് രണ്ട് പേരുടെ അമ്മമാരും തങ്ങളുടെ മക്കൾക്ക് 18 വയസ്സായിട്ടില്ലെന്ന് അവകാശപ്പെട്ടു. അവരിൽ ഒരാൾ ഐഡി കാർഡ് കാണിച്ചു.
എന്നാൽ കുടുംബത്തിന്റെ അവകാശവാദം പോലീസ് സൂപ്രണ്ട് സഞ്ജീവ് സുമൻ തള്ളി. “ഈ പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ല. മെഡിക്കൽ തെളിവുകളും അവർ പ്രായപൂർത്തിയായവരാണെന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. അതിനാൽ, ഞങ്ങൾക്ക് കൃത്യമായ എന്തെങ്കിലും വിവരം ലഭിച്ചില്ലെങ്കിൽ, ഞങ്ങൾ അവരെ മുതിർന്നവരായി കണക്കാക്കുന്നു,” അദ്ദേഹം ബിബിസിയോട് പറഞ്ഞു.
പഴകിതേഞ്ഞ ‘ലവ് ജിഹാദ്’ വീണ്ടും ചർച്ചയാക്കുന്നു
ഈ കേസിൽ മതത്തിന് എന്തെങ്കിലും സ്ഥാനമുണ്ടെന്ന് ഒരാൾക്ക് പോലും കരുതാനാവില്ല. പെൺകുട്ടികളുടെയും പ്രതികളുടെയും കുടുംബങ്ങളും ഈ നാട്ടിലെ ഗ്രാമീണരും ഇക്കാര്യം ഉറപ്പിച്ച് പറയുന്നുണ്ട്. എന്നാൽ ഇതിൽ മതം കൂട്ടികെട്ടാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ട്. ബിജെപിയുടെ ഈ നീക്കത്തിൽ അത്ഭുതപ്പെടാൻ ഇല്ലെങ്കിലും ലവ് ജിഹാദ് ആരോപണം ശക്തമാക്കാൻ ആണ് ബിജെപി ശ്രമം.
ഒരു ടിവി ചാനലിലെ പ്രൈം-ടൈം സംവാദത്തിൽ സംസാരിച്ച ഉത്തർപ്രദേശിലെ ബിജെപി വക്താവ് അനില സിംഗ്, കുറ്റകൃത്യം “ലവ് ജിഹാദ്” ആണെന്ന് അഭിപ്രായപ്പെട്ടു. മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത് മതം മാറ്റലിന് ഇരയാക്കുന്നു എന്ന തീവ്ര ഹിന്ദു ഗ്രൂപ്പുകളുടെ ഈ ആരോപണം സുപ്രീം കോടതി ഉൾപ്പെടെ തള്ളിയത് ആണെങ്കിലും ബിജെപി ഇപ്പോഴും ”ലവ് ജിഹാദ്” ഭിന്നിപ്പിക്കാനുള്ള മാർഗമായി തുടരുകയാണ്.
“ഇത് ലൗ ജിഹാദാണോ അല്ലയോ എന്ന് അന്വേഷണത്തിൽ വ്യക്തമാകും,” അദ്ദേഹം പറയുന്നു. “ഉത്തർപ്രദേശിൽ മാത്രമല്ല, ഇന്ത്യയിൽ എല്ലായിടത്തും ഇത്തരം കേസുകൾ നടക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ലോകത്തും ഇത് തന്നെ നടക്കുന്നു. ലവ് ജിഹാദ് എല്ലായിടത്തും ഉണ്ട്” – അനില സിംഗ് പറയുന്നു.
ഹത്രാസും ലഖിംപൂർ കേസും
രണ്ട് വർഷം മുമ്പ് സംസ്ഥാനത്തെ ഹത്രാസ് ജില്ലയിൽ 19 കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം അന്താരാഷ്‌ട്ര ശ്രദ്ധ നേടിയിരുന്നു. പെൺകുട്ടിയെ ‘ഉയർന്ന’ ജാതിയിൽ പെട്ട നാല് യുവാക്കൾ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. അന്നും കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാനോ പെൺകുട്ടിയുടെ വീട്ടുകാരെ കാണാനോ മാധ്യമങ്ങളെ ഉൾപ്പെടെ ആരെയും അന്ന് പോലീസ് അനുവദിച്ചില്ല. വീട്ടുകാരുടെ അനുമതി പോലും വാങ്ങാതെ പോലീസ് തന്നെ പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.
വിഷയത്തിൽ അന്നും ബിജെപി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള വ്യഗ്രതയിലായിരുന്നു. സംസ്ഥാനത്തെ ഒരു ബിജെപി നേതാവ് പ്രതികളെ പിന്തുണച്ച് റാലി നടത്തുകയും ചെയ്തു. വീട് സന്ദർശിക്കാൻ ഇറങ്ങിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെ വഴിയിൽ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് അനുമതിയോടെ ഇവർ വീട് സന്ദർശിച്ചു. എന്നിട്ടും അവരെ അറസ്റ്റ് ചെയ്യാൻ പോലീസ് ദിവസങ്ങളെടുത്തു.
ഈ സംഭവുമായാണ് നിലവിൽ പെൺകുട്ടികളുടെ കൊലപാതകം ആളുകൾ താരതമ്യം ചെയ്യുന്നത്. മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് പ്രകാരമാണ് പോലീസ് നടപടികൾ എന്ന് തോന്നിക്കുന്ന തരത്തിലാണ് കാര്യങ്ങൾ. ഇരയുടെ കുടുംബമോ പ്രതികളുടെ കുടുംബമോ പോലീസ് നടപടിയെ അംഗീകരിക്കുന്നില്ല. സത്യം ഇതിൽ നിന്നെല്ലാം വിദൂരെയാണ് എന്ന് ഗ്രാമവാസികൾ തന്നെ പറയുന്നു.
Courtesy ബിബിസി, ഗീത പാണ്ഡെ, വിനീത് ഖാരെ