ഖാദർ കമ്മറ്റി റിപ്പോർട്ട്: പുതിയ സ്‌കൂൾ പഠന സമയക്രമം ഗുണം ചെയ്യുമോ?

സംസ്ഥാനത്തെ സ്‌കൂൾ വിദ്യഭ്യാസത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിയമിച്ച ഖാദർ കമ്മറ്റി സ്‌കൂൾ സമയത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ വേണമെന്നുള്ള നിർദേശങ്ങൾ മുന്നോട്ട് വെച്ച് റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചു. സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മറ്റി സ്‌കൂൾ ക്ലാസ്‌ റൂം പഠനം രാവിലെ 8 മുതൽ 1 വരെയാക്കണമെന്ന്‌ ശുപാർശ മുന്നോട്ട് വെച്ചിട്ടുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പരിശീലനത്തിനുമായി ഉപയോഗിക്കാം. 

എന്നാൽ സമയക്രമം സംബന്ധിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി സമസ്ത ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. പഠനസമയം എട്ട് മണിക്ക് ആക്കുന്നത് മൂലം ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുമെന്ന് സമസ്ത പ്രസ്താവനയില്‍ അറിയിച്ചു. 

ഖാദർ കമ്മറ്റി റിപ്പോർട്ട് പ്രകാരം പുതുക്കിയ സ്‌കൂൾ സമയം 8 മുതൽ 1 വരെ ക്ലാസ്സ്‌റൂം പഠനവും,  2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പരിശീലനവുമാണ്. ഇത് സമസ്തയുടെ ആശങ്കയെ ശരിവെക്കുന്നതാണ്. ഇതോടെ രാവിലെ 6 മുതൽ 9 വരെ നടന്നിരുന്ന മദ്രസ പഠനം പൂർണമായി അവതാളത്തിലാകും. 8 മണിക്ക് സ്‌കൂളിൽ എത്തേണ്ട വിദ്യാർത്ഥിക്ക് മദ്രസ പഠനം നഷ്ടമാകും. 

കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്‌കൂളുകള്‍ രാവിലെ 10 മണിക്കും മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ 10.30 നുമാണ് പ്രവര്‍ത്തിക്കേണ്ടത്. ഇതാണ് നിലവിൽ പാലിച്ച് പോരുന്ന രീതിയും. 10 മുതൽ 4 വരെ സ്‌കൂളുകളിൽ ഇരിക്കേണ്ട വിദ്യാർത്ഥി ഖാദർ കമ്മറ്റി റിപ്പോർട്ട് പ്രകാരം 2 മണിക്കൂർ അധികം സ്‌കൂളിൽ തന്നെ ചെലവഴിക്കേണ്ടി വരും. പഠന അനുബന്ധ പ്രവർത്തനങ്ങളായാലും കലാ–കായിക പരിശീലനമായാലും അത് കുട്ടികൾക്ക് ഭാരം തന്നെയായി മാറാനുള്ള സാധ്യതയുണ്ട്. 

നിലവിൽ സമസ്ത ഉന്നയിച്ച ആശങ്ക വരും ദിവസങ്ങളിൽ കൂടുതൽ ഭാഗങ്ങളിൽ നിന്നുയരാൻ സാധ്യതയുണ്ട്. പ്രധാനമായും മത വിദ്യാഭ്യാസത്തെ ചൊല്ലിയാകും വിമർശനങ്ങൾ ഉയരുക. അതേസമയം ഇത് മുസ്‌ലിം പ്രശ്നം മാത്രമാക്കി അതിനെ മത വിദ്വേഷമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതോടെ മദ്രസകൾ പ്രതിസ്ഥാനത്താകും. എന്നാൽ,  ഉച്ചയ്‌ക്കുശേഷമുള്ള സമയം സ്‌കൂളുകളിൽ ഉപയോഗപ്പെടുത്തണമെന്നും പൊതുസമൂഹവുമായി ചർച്ച ചെയ്‌ത്‌ സമവായത്തിലൂടെ മാത്രമേ ഇത്‌ നടപ്പാക്കാവൂയെന്നും ഖാദർ കമ്മിറ്റിയുടെ രണ്ടാംഭാഗ റിപ്പോർട്ട്‌ ശുപാർശ ചെയ്യുന്നുണ്ട്. 

പൊതുവിദ്യാഭ്യാസത്തിൽ ഏറെ മുന്നേറിയിട്ടുള്ള രാജ്യങ്ങളിലെല്ലാം പാഠപുസ്‌തകത്തെ അടിസ്ഥാനമാക്കി  ക്ലാസ്‌ മുറിയിലെ പഠനം ഉച്ചവരെയാണെന്നും കേരളം ഇതിന്‌ സജ്ജമാകണമെന്നും കമ്മറ്റി നിർദേശിക്കുന്നു. വിദ്യാർഥിയുടെ സർഗാത്മകവും കായികവും തൊഴിൽപരവുമായ കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് മുന്നേറണം. ഇത്തരം ക്ലാസുകൾ പ്രായത്തെ അടിസ്ഥാനമാക്കിയാകരുത്‌. കഴിവുകളെ അടിസ്ഥാനമാക്കിയാകണം എന്നാണ് കമ്മറ്റിയുടെ വിലയിരുത്തൽ.

സ്‌കൂൾ വിദ്യാഭ്യാസം മാതൃഭാഷയിൽത്തന്നെയാകണമെന്ന ഏറെ പ്രധാനമായ നിർദേശവും ഖാദർ കമ്മിറ്റി മുന്നോട്ട് വെക്കുന്നുണ്ട്. ഇംഗ്ലീഷ്‌ റഫറൽ ഭാഷയായി പരിഗണിച്ച്‌ പ്രാധാന്യത്തോടെ പഠിപ്പിക്കണം. ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഇതര ഭാഷാപഠനവും മെച്ചപ്പെടുത്തണം. നിലവിൽ മാതൃഭാഷയ്ക്ക് പല സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളും വളരെ കുറഞ്ഞ പ്രധാനമാണ് നൽകുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം മാതൃഭാഷ പഠനത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്.  

പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളുടെ മാതൃകയിൽ അധ്യാപക പരിശീലന കോഴ്‌സുകൾ മാറ്റണം. പ്ലസ്‌ടുവിനുശേഷം അഞ്ച്‌ വർഷ ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകളാകണം. അധ്യാപകർ  അനുദിനം പുതിയ അറിവുകൾ ആർജിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ നിരന്തര പരിശീലനം നൽകണം. 

വിദ്യാഭ്യാസത്തിന്റെ രണ്ടാംതലമുറ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിന് അധ്യാപകരെ സജ്ജമാക്കണം. ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പും  ശേഷവുമുള്ള  അധ്യാപക പരിശീലനം സമഗ്രമാറ്റത്തിന് വിധേയമാകണം. ഘട്ടംഘട്ടമായി എല്ലാതലങ്ങളിലും അധ്യാപക യോഗ്യത, അധ്യാപകരാകാനുള്ള സ്‌പെഷ്യലൈസേഷൻ കോഴ്‌സുകൾ  ഉൾപ്പെടെ  ഇന്റഗ്രേറ്റഡ് മാസ്റ്റർ കോഴ്‌സായി മാറണം.

മറ്റ് പ്രധാന ശുപാർശകൾ:

* സൗജന്യ ഉച്ചഭക്ഷണം 12–ാം ക്ലാസ് വരെ നൽകണം. നിലവിൽ 8–ാം ക്ലാസ് വരെയാണ്. ഉച്ചഭക്ഷണത്തിന് നൽകുന്ന പണവും കാലോചിതമായി പുനഃക്രമീകരിക്കണം. ഉച്ചഭക്ഷണം കൂടുതൽ മെച്ചപ്പെടുത്തണം.

* എഴുത്തുപരീക്ഷാരീതി കാലോചിതമായി പരിഷ്കരിക്കുകയും പൊതുപരീക്ഷാദിനങ്ങൾ കുറയ്ക്കുകയും വേണം. ഇതിനായി എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികളെ ഇടകലർത്തിയിരുത്തി ദിവസവും 2 പരീക്ഷകൾ നടത്താം. ഏപ്രിലിൽ തന്നെ പൊതുപരീക്ഷകൾ നടത്തുന്നതാണ് ഉചിതം.

* എസ്എസ്എൽസിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്ക് കൊണ്ടു നേടാവുന്ന ഉയർന്ന സ്കോർ ഒരു വിഷയത്തിൽ പരമാവധി 79 % ആയി (ബി പ്ലസ്) പരിമിതപ്പെടുത്തണം. നിലവിൽ എസ്എസ്എൽസിക്കു 90% മാർക്ക് വരെയും ഹയർ സെക്കൻഡറിക്കു 100% മാർക്കും ഗ്രേസ് മാർക്കിലൂടെ നേടാം.

* അധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്മെന്റ് ബോർഡ് രൂപീകരിക്കണം. അധ്യാപക നിയമന–സ്ഥാനക്കയറ്റ രീതി പരിഷ്കരിക്കണം. സ്കൂൾ അധികാരിയായുള്ള സ്ഥാനക്കയറ്റം സീനിയോറിറ്റി മാത്രം നോക്കാതെ മറ്റു മികവുകൾ കൂടി പരിഗണിച്ചാകണം.

* എയ്ഡഡ് സ്കൂൾ തസ്തിക അംഗീകാര വ്യവസ്ഥ പരിഷ്കരിക്കണം. വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളിൽ മാത്രമേ മാനേജർ നിയമനം നടത്താൻ പാടുള്ളൂ. എയ്ഡഡ് സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘സമന്വയ’ പോർട്ടൽ വഴിയാകണം.

* അധ്യാപക പഠനത്തിന് അഞ്ച് വർഷത്തെ കോഴ്‌സിനാണ് കമ്മിറ്റിയുടെ ശുപാർശ. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വർഷത്തെ ഒറ്റ കോഴ്സെന്നതാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. 

നാലര വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് അന്തിമ റിപ്പോർട്ട് കൈമാറിയത്. രണ്ടാം ഭാഗംകൂടി സർക്കാരിന്‌ സമർപ്പിച്ചതോടെ ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ പൂർണമായി. സ്‌കൂൾ ഘടനാമാറ്റമായിരുന്നു ഒന്നാം ഭാഗത്തിലുണ്ടായിരുന്നത്‌. റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ കമ്മിറ്റി അധ്യക്ഷൻ ഡോ. എം എ ഖാദർ സമർപ്പിച്ചു. അംഗങ്ങളായ ജി ജ്യോതിചൂഡൻ,  ഡോ. സി രാമകൃഷ്‌ണൻ എന്നിവരും സന്നിഹിതരായി.