സംസ്ഥാനത്തെ ഏറ്റവും പ്രാഥമികമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അങ്കണവാടികൾ. ഏറ്റവും പ്രായം കുറഞ്ഞ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് ആകെയുള്ള 33,115 അങ്കണവാടിയിൽ 6,948 എണ്ണവും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം മാത്രം നോക്കിയാൽ മതിയാകും എത്രത്തോളം ഉദാസീനതയോടെയാണ് സർക്കാർ അങ്കണവാടികൾ കൈകാര്യം ചെയ്യുന്നത് എന്നറിയാൻ.
അങ്കണവാടികളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ലക്ഷക്കണക്കിന് കുട്ടികളാണ് സംസ്ഥാനത്ത് ഉള്ളത്. പല സർക്കാർ ഓഫീസുകളെയും വെച്ച് നോക്കുമ്പോൾ താരതമ്യേന ചെറിയ കെട്ടിടവും സ്ഥല സൗകര്യവുമാണ് ഓരോ അങ്കണവാടികൾക്കും ആവശ്യമായി വേണ്ടത്. എന്നാൽ അത് ഒരുക്കാൻ പോലും നമ്മുടെ പഞ്ചായത്ത് തലം മുതൽ മേലോട്ടുള്ള സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല എന്നത് ഏറെ പരിതാപകരമായ കാര്യമാണ്.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏഴായിരത്തോളം അങ്കണവാടികളിൽ 421 എണ്ണത്തിന് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം നിലവിലില്ല എന്ന് അങ്കണവാടികളുടെ ചുമതലയുള്ള വനിതാ – ശിശു വികസന ഡയറക്ടറേറ്റ് തന്നെ സമ്മതിക്കുന്നു. ഈ സ്ഥാപനങ്ങളിലായി കുറഞ്ഞത് 10,000 കുട്ടികൾ പഠിക്കുന്നുണ്ടാകും. ഇവരുടെ പ്രാഥമികാവശ്യങ്ങൾക്ക് മറ്റു വഴികൾ കാണേണ്ട ചുമതല അങ്കണവാടി ജീവനക്കാരുടെ ചുമതലയിൽ വരുന്നു.
ആയിരം രൂപയാണ് കെട്ടിടത്തിന് മാസ വാടക ഇനത്തിൽ ഗ്രാമ പ്രദേശങ്ങളിൽ സർക്കാർ അനുവദിക്കുന്നത്. നഗര പ്രദേശങ്ങളിൽ ഇത് 4000 രൂപ വരെയാണ്. ഈ തുകയ്ക്ക് കിട്ടുന്ന കെട്ടിടങ്ങളുടെ ഗുണ നിലവാരം ഊഹിക്കാവുന്നതാണ്. നാമ മാത്രമായ വേതനം ലഭിക്കുന്ന വിഭാഗമായ സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർ വാടക നൽകാൻ മറ്റു വഴികൾ കണ്ടെത്തേണ്ടി വരുന്നു. ഈ കുറഞ്ഞ തുകയ്ക്ക് പലയിടത്തും നല്ല കെട്ടിടങ്ങൾ ലഭിക്കാൻ ഇല്ലാത്തതിനാൽ, പഴകിയ കെട്ടിടങ്ങളിലാണ് പലയിടത്തും അങ്കണവാടികൾ പ്രവർത്തിച്ച് വരുന്നത്. ഇത് കുട്ടികൾക്ക് ഭീഷണി ഉയർത്തുന്നതാണ്. എറണാകുളം വാഴക്കാല സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ ടി.എൽ ജോസിന്റെ ചോദ്യങ്ങൾക്ക് വനിതാ – ശിശു വികസന ഡയറക്ടറേറ്റ് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
പഠനം (Learning) ഏറ്റവും നന്നായി നടക്കുന്ന പ്രായത്തിലാണ് കുട്ടികൾ അങ്കണവാടികളിൽ എത്തുന്നത്. പഠനപ്രവർത്തനത്തിന്റെ ഈ ആദ്യനാളുകളിൽ കുട്ടികളുടെ പഠനാന്തരീക്ഷം ഏറെ പ്രധാനപ്പെട്ടതാണ്. ഏറെ ആകർഷകമായതും കുട്ടികളുടെ കളികൾക്കും പഠനത്തിനും സൗകര്യമുള്ളതുമായ കെട്ടിടങ്ങൾ ആവശ്യമാണ്. എന്നാൽ നല്ലൊരു ശതമാനവും പ്രവർത്തിക്കുന്ന അസൗകര്യങ്ങളുടെ നടുവിലാണ്.
പ്രാഥമിക ആവശ്യങ്ങൾ നടത്താനോ, കളിക്കാനുള്ള ഉപകരണങ്ങൾ ഉള്ളതോ, വിശ്രമിക്കാനോ, പഠന സാമഗ്രികൾ ഉള്ളതോ കഴിയുന്നവയല്ല നമ്മുടെ മിക്ക അങ്കണവാടികളും. ഒറ്റ മുറികളിൽ പ്രവർത്തിക്കുന്നതാണ് പല അങ്കണവാടികളും. കുട്ടികളുടെ കളിയും പഠനവും ഉറക്കവും ഉള്ള ഈ സ്ഥലത്ത് തന്നെയാണ് ഭക്ഷണം പാകം ചെയ്യലും നടക്കുന്നത്. ഇത് അപകടം വിളിച്ച് വരുത്തുന്ന പ്രവർത്തിയാണ്.
പൊതു വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്നെന്ന് അവകാശപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ കണ്ണ് അടിയന്തിരമായി അങ്കണവാടികളിൽ പതിയേണ്ടതുണ്ട്. സ്വന്തമായി സ്ഥലം കണ്ടെത്തി സൗകര്യപ്രദവും കുട്ടികളുടെ ഉന്മേഷം വളർത്തുന്നതുമായ അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കെട്ടിടം നിർമിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചു വരുന്നതായാണ് വിവരം. എന്നാൽ നടപടികൾ വേഗത്തിലാകേണ്ടതുണ്ട്.
കെട്ടിടങ്ങൾ നിർമിക്കുന്നതിന് പുറമെ, പഠന നിലവാരം ഉയർത്താനും സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ഏറെ യോഗ്യതകൾ ആവശ്യമായ പ്രൈമറി ക്ലാസ് പഠനം കേരളത്തിൽ ഇപ്പോഴും ഏറെ താഴ്ന്ന തട്ടിലാണ്. അങ്കണവാടി ജീവക്കാരുടെ യോഗ്യതകൾ ഉയര്ന്നതാക്കണം. നമ്മുടെ കുട്ടികളുടെ ഭാവിയെ കെട്ടിപ്പടുക്കാനുള്ള ആദ്യ ചുവടുകൾ ഏറെ ബലമുള്ളതാകേണ്ടതുണ്ട്.