തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ലത്തീൻ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.
ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ക്ലിഫ് ഹൗസിൽ വൈകുന്നേരം മൂന്ന് മണിക്കായിരുന്നു ചർച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്.
അതേസമയം, വിഴിഞ്ഞത്തെ മത്സ്യതൊഴിലാളി സമരത്തിൽ നിന്ന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും ഹൈക്കോടതിയെ സമീപിച്ചു. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം. നൂറ് കണക്കിന് സമരക്കാർ പദ്ധതി പ്രദേശത്തെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇരച്ച് കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് നിഷ്ക്രിയരായി നോക്കി നിന്നെന്നും ഹർജിയിൽ അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.
















