തൃശ്ശൂര്‍: തൃശ്ശൂരില്‍ മകള്‍ അമ്മയ്ക്ക് വിഷം നല്‍കി കൊന്നു. കുന്ദംകുളം കീഴൂര്‍ ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണിയാണ് (57) കൊല്ലപ്പെട്ടത്. മകള്‍ ഇന്ദുലേഖയെ പോലീസ് അറസ്റ്റുചെയ്തു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിനുള്ള കാരണമെന്നാണ് പ്രാഥമിക വിവരം.
രുഗ്മിണിയുടെ കയ്യിലുണ്ടായിരുന്ന സ്വർണം നേരത്തേ ഇന്ദുലേഖ പണയം വെച്ചിരുന്നു. ഇത് കൂടാതെ കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തതിനാൽ ഇതിന്റെ പേരിൽ ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
അച്ഛനും അമ്മയും രണ്ടു പെണ്‍ മക്കളും അടങ്ങുന്നതാണ് കുടുംബം. അമ്മയ്ക്ക് മഞ്ഞപിത്തത്തിന്റെ ലക്ഷണമാണ് എന്ന് പറഞ്ഞാണ് മകള്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെനിന്ന് അസുഖം മാറാത്തതിനെത്തുടർന്ന് തൃശൂരിൽ തന്നെയുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് ഇവരെ മാറ്റി. അതിന് ശേഷം ഇന്നലെ ഇവർ മരിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവങ്ങളിൽ വിഷാംശം കണ്ടെത്തിയത്. പിന്നീട് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലൂടെ എലിവിഷമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് പോലീസ് ഇന്ദുലേഖയെ വിളിച്ച് ചോദ്യം ചെയ്തു. ഇതോടെയാണ് ഇവർ വിഷം നൽകിയ കാര്യം ബോധ്യപ്പെടുന്നത്. മകളെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. അമ്മയെ കൊല്ലാനായി ഗൂഗിളില്‍ തെരഞ്ഞപ്പോഴാണ് വിഷം കൊടുത്തു കൊല്ലാനുള്ള പദ്ധതി ലഭിച്ചതെന്നും പൊലീസ് പറയുന്നു. തന്നെ കൊല്ലാനും മകള്‍ ശ്രമിച്ചതായി അച്ഛന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
















