തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ലത്തീൻ അതിരൂപത പ്രതിനിധികളുമായി മന്ത്രിസഭ ഉപസമിതി നടത്തിയ മൂന്നാംഘട്ട ചർച്ചയാണ് പരാജയമായത്. തുറമുഖം നിർമ്മാണം നിർത്തിവെച്ച് പഠനം നടത്തണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ഇതോടെ സമരം തുടരുമെന്ന് വൈദികർ അറിയിച്ചു.
തുറമുഖ നിർമാണം നിർത്തിവെച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും മറ്റ് സാങ്കേതിക വിദ്യകൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മണ്ണെണ്ണ സബ്സിഡിയുടെ കാര്യത്തിൽ ചർച്ച നടന്നില്ല. സർക്കാർ അഭിപ്രായങ്ങൾ കേട്ടുവെങ്കിലും നിലപാട് സ്വീകരിക്കാൻ തയ്യാറായില്ല.
മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആൻ്റണി രാജു, ജില്ലാ കളക്ടർ, വികാരി ജനറൽ യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തത്.
കൂടിക്കാഴ്ചയിൽ വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളും ചർച്ചയായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ സമരസമിതിയിലെ സഭാ പ്രതിനിധികൾ കടുത്ത അമർഷമാണ് രേഖപ്പെടുത്തിയത്. വിഴിഞ്ഞം സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല പുറത്ത് നിന്നും വന്നവരാണ് സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് സമരസമിതി പ്രവർത്തകരെ പ്രകോപിതരാക്കിയത്.
മുഖ്യമന്ത്രിയുമായി ചേർന്ന് ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ. അതുവരെ സമരം അതിശക്തമായി തുടരുമെന്നും വൈദികർ വ്യക്തമാക്കി. സമരത്തെ നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വൈദികർ ചൂണ്ടിക്കാട്ടി.. ഇതിനിടെ പുനരധിവാസങ്ങളെക്കുറിച്ച് അടക്കം ചർച്ച ചെയ്യാൻ 27ന് പ്രത്യേക യോഗം ചേരും.
















