തിരുവനന്തപുരം: ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും എതിപ്പുവാദം തള്ളിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. സർവകലാശാല നിയമ ഭേദഗതി ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു
വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തുന്നതാണ് പ്രധാന നിയമഭേദഗതി. ഇതോടെ സെർച്ച് കമ്മിറ്റിയിൽ സർക്കാരിന് ഭൂരിപക്ഷമാകും. ചാൻസലറായ ഗവർണറുടെ താത്പര്യം മറികടക്കാനുമാകും. വൈസ് ചാൻസലർമാരുടെ പ്രായപരിധി 60ൽ നിന്ന് 65 ആക്കാനും ബിൽ നിർദേശിക്കുന്നു. കേന്ദ്ര നിയമത്തെ മറികടക്കുന്ന ബില്ലിന് നിയമസാധുത ഉണ്ടാകില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ തടസ്സവാദം.
യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായ ബില്ലിന് നിയമസാധുതയുണ്ടാകില്ലെന്ന പ്രതിപക്ഷത്തിന്റെ തടസവാദം തല്ലിക്കൊണ്ടായിരുന്നു നടപടി. ചാൻസലറുടെ വിവേചനാധികാരം കുറയില്ലെന്നും ബിൽ അവതരിപ്പിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വിശദീകരിച്ചു.
ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനാണ് രണ്ടംഗങ്ങളെ അധികമായി നിയോഗിച്ചത്. ഭരണഘടനാ വിരുദ്ധമല്ല. സർവകലാശാല നിയമ ഭേദഗതിക്ക് സർക്കാരിന് അധികാരമുണ്ട്. പാനൽ നിയോഗിക്കേണ്ടതും വിസിയെ നിയോഗിക്കേണ്ടതും ചാൻസിലറാണെന്നും മന്ത്രി വ്യക്തമാക്കി.
സർവകലാശാലകളുടെ നിയമനിർമ്മാണത്തിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് നിയമമന്ത്രി പി.രാജീവും പറഞ്ഞു. സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതാണ് തടസവാദം. സംസ്ഥാന സർവകലാശാലകൾ യുജിസി ചട്ടങ്ങൾ അനുസരിക്കണമെന്നത് നിർബന്ധമല്ല. മാർഗ നിർദേശക സ്വഭാവം മാത്രമാണ്. നിയമ ഭേദഗതിക്ക് നിയമ സഭയ്ക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും നിയമമന്ത്രി ചൂണ്ടിക്കാട്ടി.
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡത്തിന് വിരുദ്ധമാണെന്ന് പി.സി.വിഷ്ണു നാഥ് ആരോപിച്ചു. ചാൻസിലറുടെ അധികാരം പരിമിതപ്പെടുത്താൻ ആണ് നീക്കമെന്നും ഭേദഗതി ഭരണ ഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമഭേദഗതിയനുസരിച്ച് വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണ്ണറുടേയും യുജിസിയുടേയും സർവ്വകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെക്കുന്ന പാനലിൽ നിന്നും ഗവർണ്ണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാറിന് ഇഷ്ടമുള്ളയാളെ വിസിയാക്കാം. ഈ ബിൽ കൊണ്ട് വരാൻ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവർണ്ണർ രൂപീകരിച്ച സർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല ഇതുവരെ നോമിനെയെ നൽകാതിരിക്കുന്നത്.
















