മധുക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട് എസ് സി-എസ് ടി കോടതിയുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാം പ്രതി മരക്കാര്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
കേസ് രേഖകള്‍ കോടതി വിളിച്ചു വരുത്തും. വിചാരണക്കോടതി നടപടി നിയമപരമല്ലെന്ന പ്രതികളുടെ വാദം പ്രാഥമികമായി മുഖവിലയ്‌ക്കെടുത്താണ് ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതി നല്‍കിയ ജാമ്യം വിചാരണക്കോടതിക്ക് എങ്ങനെ റദ്ദാക്കാനാവുമെന്ന് വാദത്തിനിടെ ബെഞ്ച് പരാമര്‍ശിച്ചു. തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വിശദമായി പരിശോധിക്കാന്‍ കേസ് രേഖകള്‍ വിളിച്ചു വരുത്താന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 20ന് ആണ് കേസിലെ 12 പ്രതികളുടെയും ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
















