കോഴിക്കോട്: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസുകളിലെ പരാതിക്കാരികളെ വിധി പ്രസ്താവനയിൽ അപമാനിച്ച് വിവാദത്തിലായ ജഡ്ജിക്ക് സ്ഥലംമാറ്റം.കോഴിക്കോട് സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിനെയാണ് മാറ്റിയത്. കൊല്ലം ലേബർ കോടതിയിലേക്കാണ് പുതിയ നിയമനം. മഞ്ചേരി സെഷൻസ് ജഡ്ജിയെ കോഴിക്കോട്ടേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിറക്കി. മുരളീകൃഷ്ണൻ എസ് ആണ് പുതിയ കോഴിക്കോട് സെഷൻസ് ജഡ്ജി.
മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ജഡ്ജി നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികപ്രകോപനമുണ്ടാക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചെന്നത് അടക്കമുള്ള പരാമർശങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഹൈക്കോടതി നാളെ വാദം കേൾക്കാനിരിക്കെയാണ് ജഡ്ജിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
















